ജിമ്മില്‍ കസര്‍ത്ത് കാണിക്കുന്നവര്‍ ശ്രദ്ധിക്കുക; ഈ വ്യായാമങ്ങള്‍ നട്ടെല്ലിന് അപകടം ക്ഷണിച്ചുവരുത്തും
അമിതവണ്ണം കുറയ്ക്കാനും വയറു കുറയ്ക്കാനുമൊക്കെ ജിമ്മിലേക്ക് ഓടുന്നവരുടെ എണ്ണം അനുദിനം വര്‍ധിച്ചുവരികയാണ്. എങ്ങനെയെങ്കിലും കൊഴുപ്പ് കുറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഏത് വ്യായാമ രീതികളും പരീക്ഷിക്കാന്‍ തയാറെടുത്താണ് പലരും വരുന്നത്. ജിമ്മില്‍ അമിത ഭാരമുള്ള ഉപകരണങ്ങള്‍ എടുക്കാന്‍ ശ്രമിച്ച് നടു ഉളുക്കുന്നവരുടെ കഥകളും കേള്‍ക്കാറുണ്ട്. സ്വന്തം ശരീരത്തെ തിരിച്ചറിയാതെ വ്യായാമം ചെയ്യരുതെന്ന് ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.
ജിമ്മിലെ വ്യായാമം ആരോഗ്യത്തിന് നല്ലതാണെങ്കിലും കൃത്യമായ അറിവോ മാര്‍ഗ്ഗനിര്‍ദ്ദേശമോ ഇല്ലാതെ ചെയ്യുന്നത് വലിയ അപകടം ക്ഷണിച്ചുവരുത്തും. നട്ടെല്ലിന് ഉള്‍പ്പെടെ ഗുരുതരമായ പരിക്കുകള്‍ സംഭവിക്കാന്‍ ഇടയുണ്ട്. അതിനാല്‍ ശരിയായ ജിം ഇന്‍സ്ട്രക്ടറുടെ അടുത്താണ് എത്തിയതെന്ന് ഉറപ്പാക്കുക. നട്ടെല്ലിന്റെ ആരോഗ്യത്തെ ബാധിച്ചേക്കാവുന്ന ചില വ്യായാമങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ വിദഗ്ദ്ധര്‍ പങ്കുവയ്ക്കുന്നു.

ശരീരസൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ ജിമ്മില്‍ പോകുന്നവര്‍ പലപ്പോഴും വിട്ടുമാറാത്ത നടുവേദനയെക്കുറിച്ച് പരാതിപ്പെടുന്നത് കേള്‍ക്കാം. അമിതമായ ആവേശവും തെറ്റായ രീതിയിലുള്ള ഭാരോദ്വഹനവുമാണ് ഇതിന് പ്രധാന കാരണം. നട്ടെല്ലിന്റെ ഡിസ്‌കുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാനും പേശികള്‍ വലിയാനും സാധ്യതയുള്ള ചില വ്യായാമങ്ങള്‍ ഇവയാണ്:
ഡെഡ്ലിഫ്റ്റുകള്‍
തറയില്‍ നിന്ന് കനത്ത ഭാരം ഉയര്‍ത്തുന്നത് നട്ടെല്ലിലെ ഡിസ്‌കുകളില്‍ അമിത സമ്മര്‍ദം ഉണ്ടാക്കുന്നു. ഇത് നട്ടെല്ല് വളയുന്നതിനും ഡിസ്‌ക് വീക്കത്തിനും കാരണമാകും. അതുപോലെ ബാര്‍ബെല്‍ ഉപയോഗിച്ചുള്ള സ്‌ക്വാട്ടുകള്‍ ചെയ്യുമ്പോള്‍ ശരീരം അധികം മുന്നോട്ട് ആയാന്‍ പാടില്ല. ഇത് നട്ടെല്ലിന്റെ താഴത്തെ ഭാഗത്ത് വലിയ സമ്മര്‍ദമുണ്ടാക്കും.
സിറ്റ്-അപ്പുകളും ക്രഞ്ചുകളും
വയറിലെ പേശികള്‍ക്കായി ചെയ്യുന്ന ക്രഞ്ചുകള്‍ പലപ്പോഴും നട്ടെല്ലിലെ ഡിസ്‌കുകള്‍ക്ക് നല്ലതല്ല. നട്ടെല്ല് ആവര്‍ത്തിച്ച് വളയുന്നത് ആയാസമുണ്ടാക്കുന്നു. ഇതിന് പകരമായി പ്ലാങ്ക് പോലുള്ള വ്യായാമങ്ങള്‍ ചെയ്യുന്നത് നട്ടെല്ലിന് കൂടുതല്‍ സുരക്ഷിതമാണ്.
3. ഓവര്‍ഹെഡ് ഷോള്‍ഡര്‍ പ്രസ്
ഭാരം തലയ്ക്ക് മുകളിലേക്ക് ഉയര്‍ത്തുമ്പോള്‍ അറിയാതെ തന്നെ നടുവ് വില്ലുപോലെ വളയാന്‍ സാധ്യതയുണ്ട്. ഇത് നട്ടെല്ലിലെ കശേരുക്കളെ തമ്മില്‍ അമര്‍ത്താന്‍ കാരണമാകുന്നു. നില്‍ക്കുമ്പോള്‍ നട്ടെല്ല് നേരെയാണെന്ന് ഉറപ്പുവരുത്തുക.
4. കാല്‍വിരലില്‍ തൊടുക
പെട്ടെന്നുള്ള ചലനങ്ങളോടെ കാല്‍വിരലുകളില്‍ തൊടാന്‍ ശ്രമിക്കുന്നത് നട്ടെല്ലിലെ ലിഗമെന്റുകള്‍ക്ക് ദോഷകരമാണ്. വേണ്ടത്ര വഴക്കമില്ലാത്തവര്‍ ഇത്തരം സ്‌ട്രെച്ചിംഗുകള്‍ ചെയ്യുമ്പോള്‍ പരിക്കേല്‍ക്കാന്‍ സാധ്യത കൂടുതലാണ്.
സുരക്ഷിതമായി വ്യായാമം ചെയ്യാനുള്ള നിര്‍ദേശങ്ങള്‍
ആദ്യം വയറിലെയും നട്ടെല്ലിലെയും പേശികള്‍ക്ക് കരുത്ത് നല്‍കുന്ന വ്യായാമങ്ങള്‍ ശീലിക്കുക. തുടക്കക്കാര്‍ ഒരു ട്രെയിനറുടെ മേല്‍നോട്ടത്തില്‍ മാത്രം കഠിനമായ വ്യായാമങ്ങള്‍ ചെയ്യുക. സ്വന്തം ശരീരം മറന്ന് അമിത ഭാരം ഉയര്‍ത്താന്‍ ശ്രമിക്കരുത്.












Click it and Unblock the Notifications