മുടികൊഴിച്ചില്‍ വല്ലാതെ അലട്ടുന്നുണ്ടോ? ഈ പത്ത് ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തൂ
ഇന്ത്യയില്‍ മുടികൊഴിച്ചില്‍ പലരെയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ്. ചൂട്, മാനസിക സമ്മര്‍ദം, കഠിനജലം, തെറ്റായ ഭക്ഷണശീലം എന്നിവ പലപ്പോഴും മുടിയുടെ വേരുകളെ ദുര്‍ബലമാക്കുന്നു. ഷാംപൂ പോലെ തന്നെ ഭക്ഷണത്തിലെ തിരഞ്ഞെടുപ്പുകളും പ്രധാനമാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. തലയോട്ടിയുടെ ആരോഗ്യം മെച്ചപ്പെടുത്താനും മുടികൊഴിച്ചില്‍ കുറയ്ക്കാനും ഇന്ത്യന്‍ അടുക്കളയിലെ ചില സൂപ്പര്‍ഫുഡുകള്‍ക്ക് കഴിയും.
മുടിയിഴകള്‍ക്ക് ആരോഗ്യകരമായ പ്രോട്ടീന്‍, ഇരുമ്പ്, കൊഴുപ്പുകള്‍, വിറ്റാമിനുകള്‍ എന്നിവ നിരന്തരം ആവശ്യമാണ്. ഇവയുടെ കുറവ് മുടി നേരത്തെ കൊഴിയാന്‍ കാരണമാകാം. ഈ ഭക്ഷണങ്ങള്‍ വൈദ്യസഹായത്തിന് പകരമാവില്ല. എങ്കിലും, തൈറോയിഡ്, പി.സി.ഒ.എസ്., വിളര്‍ച്ച തുടങ്ങിയ കാരണങ്ങളാലുള്ള മുടികൊഴിച്ചിലിന്റെ ചികിത്സകളെ ഇവ പിന്തുണയ്ക്കും.
നെല്ലിക്കയില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നു. ഈ ആന്റിഓക്സിഡന്റ് കൊളാജന്‍ ഉത്പാദനത്തിനും ഇരുമ്പ് ശരീരത്തില്‍ ആഗിരണം ചെയ്യാനും സഹായിക്കും. പലരും നെല്ലിക്കാ ജ്യൂസ് കുടിക്കാറുണ്ട്. തൈരിലോ എണ്ണയിലോ നെല്ലിക്കാപ്പൊടി ചേര്‍ത്ത് ഹെയര്‍ മാസ്‌ക്കായും ഉപയോഗിക്കാം.

ഉലുവ മുടിയുടെ ദുര്‍ബലമായ വേരുകള്‍ക്ക് ബലം നല്‍കാനും മങ്ങിയ മുടിയിഴകളെ മെച്ചപ്പെടുത്താനും സഹായിക്കുന്നു. പ്രോട്ടീന്‍, ഇരുമ്പ്, നിക്കോട്ടിനിക് ആസിഡ് എന്നിവ ഇതില്‍ ധാരാളമുണ്ട്. കുതിര്‍ത്ത ഉലുവ സാലഡുകളിലോ മോരിലോ ചേര്‍ത്ത് കഴിക്കാവുന്നതാണ്. ഉലുവ അരച്ച് തലയോട്ടിയില്‍ പുരട്ടുന്നത് മുടി പൊട്ടുന്നതും വരള്‍ച്ചയും കുറയ്ക്കാന്‍ ഫലപ്രദമാണ്.
കറിവേപ്പില ദക്ഷിണേന്ത്യന്‍ അടുക്കളകളില്‍ സാധാരണമായൊരു ചേരുവയാണ്. ഇതിലെ ബീറ്റാ കരോട്ടിനും ധാതുക്കളും മുടിയിഴകളുടെ വളര്‍ച്ചയെ പിന്തുണയ്ക്കുന്നു. കടുക് വറുക്കുമ്പോഴും ചോറിലും ചമ്മന്തിയിലുമെല്ലാം കറിവേപ്പില ചേര്‍ക്കാറുണ്ട്. ചിലര്‍ കറിവേപ്പില വെളിച്ചെണ്ണയിലിട്ട് കാച്ചി അരിച്ചെടുത്ത് തലയോട്ടിയില്‍ തേക്കുന്നു.
തൈരില്‍ പ്രോട്ടീനും പ്രോബയോട്ടിക്‌സും അടങ്ങിയിട്ടുള്ളതിനാല്‍ ദഹന ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. നല്ല ദഹനം മുടി വളര്‍ച്ചയ്ക്ക് ആവശ്യമായ പോഷകങ്ങള്‍ ലഭ്യമാക്കാന്‍ നിര്‍ണായകമാണ്. ചൊറിച്ചിലുള്ള തലയോട്ടിയെ ശാന്തമാക്കാന്‍ പലരും തൈര് മാസ്‌കുകള്‍ ഉപയോഗിക്കുന്നു. കട്ടിയുള്ള ഹെയര്‍ പാക്കുകള്‍ക്കായി നെല്ലിക്ക, ഉലുവ, മൈലാഞ്ചിപ്പൊടി എന്നിവയുമായി ഇത് കലര്‍ത്താം.
മുടിയിഴകള്‍ക്ക് അത്യാവശ്യമായ പ്രോട്ടീന്‍ മുട്ടയില്‍ നിന്ന് ലഭിക്കുന്നു. ആരോഗ്യപരമായ പ്രശ്‌നങ്ങളില്ലെങ്കില്‍, ഒരു ദിവസം ഒരു മുട്ട കഴിക്കുന്നത് മുടിയുടെ കനം വര്‍ദ്ധിപ്പിക്കാന്‍ സഹായിച്ചേക്കാം. മുട്ടയുടെ വെള്ളയോ മുഴുവന്‍ മുട്ടയോ ഹെയര്‍ മാസ്‌കുകളില്‍ ഉപയോഗിക്കാറുണ്ട്. മുട്ടയുടെ മണം ഒഴിവാക്കാന്‍ കഴുകിയ ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ചാല്‍ മതി.
മുടിയെ വരള്‍ച്ചയില്‍ നിന്നും പിളര്‍ന്ന അറ്റങ്ങളില്‍ നിന്നും സംരക്ഷിക്കാന്‍ ബദാം, വാള്‍നട്ട്, എള്ള്, ഫ്‌ളാക്‌സ് സീഡ്‌സ് എന്നിവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഇവ ഒമേഗ ഫാറ്റി ആസിഡുകളും വിറ്റാമിന്‍ ഇ-യും നല്‍കുന്നു. ഒറ്റയടിക്ക് കൂടുതല്‍ കഴിക്കുന്നതിനേക്കാള്‍ ദിവസേന ചെറിയ അളവില്‍ ഇവ കഴിക്കുന്നതാണ് കൂടുതല്‍ ഫലപ്രദം.
ചീര, ഉലുവയില തുടങ്ങിയ ഇലക്കറികളില്‍ ഇരുമ്പും ഫോളേറ്റും ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് തലയോട്ടിയിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്താന്‍ സഹായിക്കും. ഇരുമ്പിന്റെ കുറവുള്ളവര്‍ക്ക് ശര്‍ക്കരയും ഈന്തപ്പഴവും ഗുണകരമാണ്. ദീര്‍ഘകാല മുടികൊഴിച്ചിലിന് കാരണം പലപ്പോഴും ഇരുമ്പിന്റെ അപര്യാപ്തതയാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
ചുരുക്കത്തില്‍, നെല്ലിക്ക വിറ്റാമിന്‍ സിയും കൊളാജന്‍ പിന്തുണയും നല്‍കുന്നു. ഉലുവയിലെ പ്രോട്ടീന്‍ വേരുകള്‍ക്ക് ശക്തി പകരും. കറിവേപ്പില മുടിയിഴകളുടെ വളര്‍ച്ചയെ സഹായിക്കുന്നു. തൈര് പ്രോട്ടീനും തലയോട്ടിക്ക് ആശ്വാസവും നല്‍കുന്നു. മുട്ടയിലെ ബയോട്ടീന്‍ മുടിയുടെ കനം വര്‍ധിപ്പിക്കുന്നു. ഭക്ഷണക്രമത്തിലെ മാറ്റങ്ങളുടെ ഫലം മാസങ്ങള്‍ കൊണ്ട് മാത്രമേ ദൃശ്യമാകൂ. പെട്ടെന്നുള്ള മുടികൊഴിച്ചിലിന് വൈദ്യപരിശോധന ആവശ്യമാണ്. സമീകൃതാഹാരം, നല്ല ജലം, നല്ല ഉറക്കം, മാനസിക സമ്മര്‍ദം നിയന്ത്രിക്കല്‍ എന്നിവയാണ് മുടിയുടെ ആരോഗ്യത്തിന് ഏറ്റവും മികച്ച പിന്തുണ നല്‍കുന്നത്.












Click it and Unblock the Notifications