ആവണക്കെണ്ണയോ വെളിച്ചെണ്ണയോ? തണുപ്പ് കാലത്ത് ഏത് എണ്ണയാണ് മുടിക്ക് നല്ലത്? അറിയാം
തണുപ്പുകാലം വരികയാണ്. ഈ സമയം നമ്മുടെ മുടിക്ക് പ്രത്യേക ശ്രദ്ധ ആവശ്യം ഉണ്ടെന്ന കാര്യം പലർക്കും അറിയില്ല. തണുപ്പുകാലത്ത് നമ്മുടെ മുടി വരണ്ടതാകാനുളള സാധ്യത കൂടുതലാണ്. അതുകൊണ്ട് തന്നെ തലയിൽ ഉപയോഗിക്കുന്ന ഉത്പന്നങ്ങൾ ശ്രദ്ധിച്ച് വേണം തിരഞ്ഞെടുക്കാൻ.
പ്രത്യേകിച്ച് നിങ്ങൾ തലയിൽ തേക്കുന്ന എണ്ണ. ആവണക്കെണ്ണയും വെളിച്ചെണ്ണയുമാണ് മുടിയുടെ കട്ടി കൂട്ടാനും വളർച്ചയ്ക്കും ആളുകൾ സാധാരണയായി തിരഞ്ഞെടുക്കുന്നത്. എന്നാൽ തണുപ്പുകാലത്ത് ഇതിൽ ഏത് എണ്ണയാണ് ഏറ്റവും നല്ലത്?
മുടി പെട്ടെന്ന് വളരാൻ ആവണക്കെണ്ണ ഉപയോഗിക്കുന്നത് നല്ലതാണെന്ന് പണ്ട് മുതലേ നമ്മൾ കേൾക്കുന്നതാണ്. എന്നാൽ ഇത് മുടിയുടെ വളർച്ച പെട്ടെന്നാക്കുമെന്നതിന് ശക്തമായ ശാസ്ത്രീയ തെളിവുകളില്ല. ആവണക്കെണ്ണയുടെ കട്ടികൂടിയ ഘടന കാരണം ഇത് മുടിക്ക് മൃദുത്വവും തിളക്കവും നൽകാനും വരൾച്ച മാറ്റാനും സഹായിക്കും.

ആവണക്കെണ്ണയേക്കാൾ തണുപ്പ് കാലത്ത് മുടിക്ക് നല്ലത് നമ്മുടെ വെളിച്ചെണ്ണ തന്നെയാണ്. മുടിയിലെ പ്രോട്ടീൻ നഷ്ടപ്പെടുന്നത് തടയാൻ വെളിച്ചെണ്ണയ്ക്ക് സാധിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. വെളിച്ചെണ്ണയ്ക്ക് മുടിയുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ കഴിവുണ്ട്. തണുപ്പുകാലത്ത് മുടി വരണ്ട് പെട്ടെന്ന് പൊട്ടിപ്പോകാൻ സാധ്യതയുള്ളതിനാൽ ഇത് വളരെ പ്രധാനമാണ്.
തണുപ്പുകാലത്തെ മുടി സംരക്ഷണത്തിന് ശാസ്ത്രീയ തെളിവുകൾ അടിസ്ഥാനമാക്കി നോക്കുമ്പോൾ വെളിച്ചെണ്ണ തന്നെയാണ് മുന്നിൽ. മുടിയിലെ പ്രോട്ടീൻ നഷ്ടം തടയാനും ഈർപ്പം നിലനിർത്താനും ഇത് സഹായിക്കുന്നു. അതേസമയം മുടിക്ക് നല്ല തിളക്കവും മൃദുത്വവും കിട്ടാൻ ആവണക്കെണ്ണയും ഉപയോഗിക്കാം.


Click it and Unblock the Notifications
