മുടിയുടെ എല്ലാ പ്രശ്‌നത്തിനും ഒറ്റയടിക്ക് പരിഹാരം; എണ്ണ ഇങ്ങനെയൊന്ന് ഉണ്ടാക്കി നോക്കൂ..
ഇന്നത്തെ കാലത്ത് ഭൂരിഭാഗം പേരും അഭിമുഖീകരിക്കുന്ന ഒരു സാധാരണ പ്രശ്‌നമായി മുടികൊഴിച്ചില്‍ മാറിയിരിക്കുന്നു. എന്നാല്‍ പലരും ഇതിന് കാര്യമാത്രമായ പ്രസക്തി നല്‍കുന്നില്ല. അതിനാല്‍ തന്നെ മുടികൊഴിച്ചില്‍ രൂക്ഷമായി കഴിയുമ്പോള്‍ മാത്രമാണ് എല്ലാവരും ശ്രദ്ധിക്കുന്നത്. ഇത് മുടികൊഴിച്ചില്‍ പൂര്‍ണമായി അവസാനിപ്പിക്കാനുള്ള സാധ്യതകള്‍ക്ക് വിലങ്ങുതടിയാകുകയും ചെയ്യുന്നു.
ജോലിതിരക്ക് കാരണം പ്രത്യേകം സമയമെടുത്ത് മുടിയെ സംരക്ഷിക്കാനുള്ള മാര്‍ഗങ്ങള്‍ പരീക്ഷിക്കാന്‍ പലര്‍ക്കും സാധിച്ചെന്ന് വരില്ല. അത്തരക്കാര്‍ക്ക് എന്നും കുളിക്കുമ്പോള്‍ മുടിയില്‍ തേച്ച് പിടിപ്പിക്കുന്ന എണ്ണ ഒന്ന് മാറ്റി പരീക്ഷിക്കുന്നതായിരിക്കും നല്ലത്. പരമ്പരാഗത കേരള ശൈലിയിലുള്ള എണ്ണ മുടി സംരക്ഷണത്തിന് ഏറെ പ്രയോജനപ്രദമാണ് എന്നാണ് അനുഭവസ്ഥര്‍ പറയുന്നത്.

പ്രകൃതിദത്ത വസ്തുക്കള്‍ ഉപയോഗിച്ച് ഉണ്ടാക്കുന്നതിനാല്‍ തന്നെ രാസപരമായ പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്ന് മാത്രമല്ല, ദീര്‍ഘകാല ഫലങ്ങളും അവ വാഗ്ദാനം ചെയ്യുന്നു. എങ്ങനെയാണ് ഈ എണ്ണ തയ്യാറേക്കണ്ടത് എന്ന് നോക്കാം. ശക്തമായ ഹെയര്‍ ഓയില്‍ ഉണ്ടാക്കാന്‍ ഏറ്റവും ഉയര്‍ന്ന ഗുണനിലവാരമുള്ള ചേരുവകള്‍ ആണ് ഉപയോഗിക്കുന്നത് എന്ന് ഉറപ്പാക്കേണ്ടതുണ്ട്.
പരമ്പരാഗത കേരളീയ രീതിയിലുള്ള ഹെയര്‍ ഓയില്‍ ഉണ്ടാക്കാന്‍ ഒരു പിടി കറിവേപ്പില, 1 ടീസ്പൂണ്‍ കുതിര്‍ത്ത ഉലുവ, 2 ടീസ്പൂണ്‍ ചെമ്പരത്തി പൊടി, 10-15 ചെറിയ ഉള്ളി, കറ്റാര്‍ വാഴ ജെല്‍, 500 മില്ലി വെളിച്ചെണ്ണയും 10-12 കുരുമുളക് എന്നിവ ആവശ്യമാണ്. ആദ്യം ഉലുവ അല്‍പം വെള്ളത്തിലിട്ട് വെച്ച് നാല് മണിക്കൂര്‍ നേരത്തേക്ക് കുതിര്‍ക്കാന്‍ അനുവദിക്കുക. കറിവേപ്പില നന്നായി കഴുകി വൃത്തിയാക്കണം.
കറ്റാര്‍ വാഴയില്‍ നിന്ന് ജെല്‍ പുറത്തെടുത്ത് വെക്കണം. ഇനി കറിവേപ്പില, ഉലുവ, ചെമ്പരത്തി പൊടി, ഉള്ളി, കറ്റാര്‍ വാഴ എന്നിവ മിക്‌സിയിലിട്ട് നന്നായി അടിച്ചെടുക്കുക. ഇതിലേക്ക് അല്‍പം വെള്ളം കൂടി ചേര്‍ക്കാം. ഈ മിശ്രിതം ഒരു ഇരുമ്പ് പാത്രത്തിലേക്ക് മാറ്റിയ ശേഷം വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. ഈ മിശ്രിതം 10-12 മിനിറ്റ് തിളപ്പിക്കുക. അതിന് ശേഷം കുരുമുളക് ചേര്‍ത്ത് 2 മിനിറ്റ് കൂടി തിളപ്പിക്കുക.
എണ്ണ തണുത്തുകഴിഞ്ഞാല്‍ അരിച്ചെടുത്ത് വായു കടക്കാത്ത ഗ്ലാസ് പാത്രത്തില്‍ സൂക്ഷിക്കുക. ഈ മിശ്രിതം 2 മാസത്തേക്ക് സൂക്ഷിക്കാവുന്നതാണ്. ഈ എണ്ണ എന്നുമെടുത്ത് 3-5 മിനിറ്റ് മസാജ് ചെയ്യുക. 30 മിനിറ്റ് ശേഷം ഇങ്ങനെ വെച്ച ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം. ഇത് മുടിവളര്‍ച്ചയേയും മുടിയുടെ നല്ല ആരോഗ്യത്തേയും നന്നായി പ്രോത്സാഹിപ്പിക്കുന്നു എന്നാണ് പറയപ്പെടുന്നത്.
കറിവേപ്പിലയില്‍ ധാരാളം ബീറ്റാ കരോട്ടിനും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ഇത് മുടി കൊഴിച്ചില്‍ തടയാനും മുടി നരയ്ക്കുന്നത് തടയാനും ആവശ്യമായ പോഷകങ്ങളാണ്. താരന്‍ അകറ്റാന്‍ കറ്റാര്‍ വാഴ, ചെമ്പരത്തി, ഉലുവ എന്നിവ ഉത്തമമാണ്. ഉള്ളിയില്‍ സള്‍ഫര്‍ അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ കൊളാജന്‍ ഉല്‍പാദനത്തിന് സഹായിക്കുന്നു.












Click it and Unblock the Notifications