കറ്റാര്‍വാഴയ്‌ക്കൊപ്പം ഇവ ചേര്‍ത്ത് നോക്കൂ; മുടി കൊഴിയുന്നുവെന്ന് ഇനി നിങ്ങള്‍ പറയില്ല
മുടി സംരക്ഷണത്തിനും ചര്‍മ്മ സംരക്ഷണത്തിനും കറ്റാര്‍ വാഴ സഹായകരമാണ് എന്ന് എല്ലാവര്‍ക്കും അറിയാമായിരിക്കാം. മുടി സംരക്ഷണത്തിന് പൊതുവെ ഉപയോഗിച്ച് വരുന്ന പ്രകൃതിദത്ത മാര്‍ഗമാണ് കറ്റാര്‍വാഴ. മുടി ആരോഗ്യകരവും തിളക്കവുമുള്ളതായി നിലനിര്‍ത്തുന്നതിനുള്ള സ്വാഭാവികവും ചെലവ് കുറഞ്ഞതുമായ മാര്‍ഗമാണ് കറ്റാര്‍വാഴ കൊണ്ടുള്ള നുറുങ്ങുകള്‍. ഇന്ന് നമ്മളില്‍ പലരുടേയും വീട്ടില്‍ കറ്റാര്‍വാഴ സമൃദ്ധമായി വളരുന്ന സാഹചര്യമുണ്ട്.
കറ്റാര്‍വാഴയുടെ ജെല്‍ നേരിട്ട് തലയില്‍ ഉപയോഗിക്കുന്നത് മുടിയുടെ ആരോഗ്യത്തിന് നല്ലതാണ് എന്ന് എല്ലാവര്‍ക്കും അറിയുമായിരിക്കും. എന്നാല്‍ ഇവയ്‌ക്കൊപ്പം മറ്റ് ചില വസ്തുക്കള്‍ കൂടി ചേര്‍ത്ത് ഹെയര്‍ മാസ്‌കും പേസ്റ്റും ഉണ്ടാക്കാം. ഇത് മുടി വളര്‍ച്ചയെ ത്വരിതപ്പെടുത്തും. കറ്റാര്‍ വാഴ ജെല്‍ സംയോജിപ്പിച്ച് ഉണ്ടാക്കാന്‍ പറ്റുന്ന ഹെയര്‍ മാസ്‌കുകള്‍ ഏതൊക്കെയാണ് എന്ന് നോക്കാം.

മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുക, രോമകൂപങ്ങളെ പോഷിപ്പിക്കുക, മുടി കൊഴിച്ചിലും പൊട്ടലും കുറയ്ക്കുക, തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്തുക തുടങ്ങി മുടിക്ക് ധാരാളം ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് ഉള്ളി നീര്. ഇതിനൊപ്പം നന്നായി കറ്റാര്‍വാഴ ജെല്‍ ചേര്‍ത്ത് തലയോട്ടിയില്‍ മൃദുവായി മസാജ് ചെയ്യുക. ഇത് ഒരു മണിക്കൂറോളം വെക്കുക, തുടര്‍ന്ന് വീര്യം കുറഞ്ഞ ഷാംപൂവും കണ്ടീഷണറും ഉപയോഗിച്ച് കഴുകി കളയാം
മുട്ടയുടെ മഞ്ഞക്കരുവിലെ പ്രോട്ടീനുകളും കൊഴുപ്പുകളും തലയോട്ടിക്കും മുടിക്കും ആവശ്യമായ പോഷണം നല്‍കുന്നു. ഇത് വേരുകള്‍ മുതല്‍ മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നു. ഒരു കപ്പ് കറ്റാര്‍ വാഴ ജെല്‍, രണ്ട് ടേബിള്‍സ്പൂണ്‍ ഒലിവ് ഓയിലും ഒരു മുട്ട അടിച്ചതും യോജിപ്പിച്ച് പേസ്റ്റ് ഉണ്ടാക്കുക. ഇത് തലയോട്ടിയിലും മുടിയിലും പുരട്ടുക. അരമണിക്കൂര്‍ കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകാം.
ഇരുമ്പിന്റെയും പ്രോട്ടീനിന്റെയും അംശം ഉള്ളതിനാല്‍ ഉലുവ നിങ്ങളുടെ മുടിയുടെ കരുത്തും ആരോഗ്യവും വര്‍ധിപ്പിക്കും. രണ്ട് ടേബിള്‍സ്പൂണ്‍ ഉലുവ ഒരു രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്ത് വെക്കുക. പിറ്റേന്ന് രാവിലെ പേസ്റ്റ് രൂപത്തിലാക്കിയ ശേഷം ഇതിലേക്ക് മൂന്ന് ടേബിള്‍സ്പൂണ്‍ കറ്റാര്‍ വാഴ ജെല്‍ കലര്‍ത്തുക. ഈ മിശ്രിതം മുടിയില്‍ പുരട്ടി 30 മിനിറ്റിന് ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകുക.
കാത്സ്യത്തിന്റെ മികച്ച ഉറവിടമാണ് പാല്‍. ഇത് മുടി വളര്‍ച്ചയെ സഹായിക്കുകയും മുടി കൊഴിച്ചില്‍ തടയുകയും ചെയ്യും.നാല് ടേബിള്‍സ്പൂണ്‍ കറ്റാര്‍ വാഴ ജെല്‍, നാല് ടേബിള്‍സ്പൂണ്‍ പാല്‍, ഒരു ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ എന്നിവ ചേര്‍ത്ത് ഒരു മിശ്രിതം ഉണ്ടാക്കുക. ഇത് തലയോട്ടിയിലും മുടിയിലും പുരട്ടി നന്നായി മസാജ് ചെയ്യുക. 30 മിനിറ്റിന് ശേഷം ഇത് കഴുകിക്കളയാം.
ആപ്പിള്‍ സിഡെര്‍ വിനെഗര്‍ തലയോട്ടിയെ ശാന്തമാക്കുന്നതിനും മുടിയുടെ പിഎച്ച് നില സന്തുലിതമാക്കുന്നതിനും ഗുണം ചെയ്യും. ഒരു കപ്പ് കറ്റാര്‍ വാഴ ജെല്ലും ഒരു ടീസ്പൂണ്‍ തേനും രണ്ട് ടീസ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗറും യോജിപ്പിച്ചുണ്ടാക്കുന്ന മിശ്രിതം നന്നായി ഇളക്കി മുടിയിലും തലയോട്ടിയിലും പുരട്ടുക. 20 മിനിറ്റിന് ശേഷം ഷാംപൂ ചെയ്ത് കളയാം. മാസത്തില്‍ രണ്ടുതവണ ഇങ്ങനെ ചെയ്യാം.
നാരങ്ങയില്‍ അടങ്ങിയിരിക്കുന്ന ലിമോണീന്‍ വരണ്ടതും നരച്ചതും പരുക്കനുമായ മുടിയെ പുനരുജ്ജീവിപ്പിക്കാനും മിനുസപ്പെടുത്താനും സഹായിക്കും. കറ്റാര്‍ വാഴ ജെല്ലും നാരങ്ങാനീരും 2:1 എന്ന അനുപാതത്തില്‍ കലര്‍ത്തി അവ നന്നായി മിക്‌സ് ചെയ്യുക. ഈ മിശ്രിതം മുടിയിലും തലയോട്ടിയിലും പുരട്ടുക. 30 മിനിറ്റിന് ശേഷം കഴുകി കളയാം.
നെല്ലിക്കയില്‍ ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ ഇ ഉണ്ട്. ഇത് നിങ്ങളുടെ മുടി മൃദുവായതും തിളക്കമുള്ളതും ആക്കി മാറ്റുന്ന ഹെയര്‍ കണ്ടീഷണറായി പ്രവര്‍ത്തിക്കും. ഒരു ടേബിള്‍ സ്പൂണ്‍ നെല്ലിക്ക പള്‍പ്പ് ചതച്ചതും ഒരു ടേബിള്‍ സ്പൂണ്‍ കറ്റാര്‍ വാഴ ജെല്ലും ഒരു പാത്രത്തില്‍ കലര്‍ത്തി പേസ്റ്റ് രൂപത്തിലാക്കുക. തലയോട്ടിയില്‍ പുരട്ടി ഷവര്‍ തൊപ്പി കൊണ്ട് മൂടുക. 40 മിനിറ്റിന് ശേഷം ഇത് കഴുകിക്കളയാം.












Click it and Unblock the Notifications