രാത്രി കുളിച്ചാണോ കിടക്കുന്നത്..? എന്നാല്‍ പിന്നെ മുടിയുടെ കാര്യം നോക്കേണ്ട
മാറിയ ജീവിതശൈലിയും കാലാവസ്ഥയിലെ വ്യതിയാനങ്ങളും എല്ലാം നമ്മുടെ എല്ലാവരുടേയും ജീവിതത്തിന്റെ താളം തെറ്റിക്കാറുണ്ട്. അതിനാല്‍ തന്നെ പലപ്പോഴും ഒഴുക്കിനൊപ്പം പോയിക്കൊണ്ടിരിക്കുകയാണ് പലരും. എന്നാല്‍ ഇത് നിങ്ങളുടെ മുടി, ചര്‍മ്മം തുടങ്ങി ആരോഗ്യത്തെ വരെ ദോഷകരമായി ബാധിക്കും എന്ന് അറിയാമോ. ജോലി തിരക്കുകള്‍ക്ക് കാരണം പല കാര്യങ്ങളും കോംപ്രമൈസ് ചെയ്യുന്നവരാണ് പലരും.
എന്നാല്‍ ചില കാര്യങ്ങളില്‍ നമ്മള്‍ പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. അതില്‍ പ്രധാനമാണ് നിങ്ങളുടെ കുളിയുടെ സമയം. ജോലിയുള്ള ദിവസങ്ങളില്‍ എല്ലാവരുടേയും പ്രഭാതങ്ങള്‍ ശരിക്കും തിരക്കുള്ളതായിരിക്കും. അതിനാല്‍ പലപ്പോഴും രാത്രി തന്നെ ചെയ്യാവുന്ന ജോലികള്‍ ചെയ്ത് വെക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കും. അതുകൊണ്ട് രാത്രിയില്‍ തന്നെ കുളിച്ച് കിടക്കുന്നവരാണ് ചിലരെങ്കിലും.

പ്രത്യേകിച്ച് ശൈത്യകാലത്ത് ഈ ശീലം കൂടുകയും ചെയ്യും. എന്നാല്‍ മറ്റെല്ലാ ജോലികളും രാത്രിയില്‍ ചെയ്താലും ഈ സമയം കുളിക്കുന്നത് നല്ലതല്ല എന്ന് നിങ്ങള്‍ക്കറിയാമോ. മുടിയുടെ ആരോഗ്യത്തേയും മൊത്തം ക്ഷേമത്തേയും തന്നെ ഇത് പ്രതികൂലമായി ബാധിക്കും. നനഞ്ഞ മുടിയുമായി ഉറങ്ങുമ്പോള്‍ മുടി പൊട്ടാന്‍ സാധ്യതയുണ്ട് എന്നാണ് മുംബൈയിലെ റിച്ച്ഫീല്‍ ട്രൈക്കോളജി സെന്റര്‍ സ്ഥാപകനായ ഡോ അപൂര്‍വ ഷാ ഹെല്‍ത്ത് ഷോട്ടിനോട് പറഞ്ഞത്.
കാരണം നിങ്ങളുടെ മുടി നനഞ്ഞിരിക്കുമ്പോള്‍ ഏറ്റവും ദുര്‍ബലമായിരിക്കും. ഉറങ്ങുമ്പോള്‍ മുടിയും തലയിണയും തമ്മിലുള്ള ഘര്‍ഷണം ഈ ബലഹീനതയെ ചൂഷണം ചെയ്യുകയും പൊട്ടലുണ്ടാക്കുകയും ചെയ്യും. കൂടാതെ ഈര്‍പ്പമുള്ള അന്തരീക്ഷം ബാക്ടീരിയയെയും ഫംഗസിനെയും വളര്‍ത്തുകയും ചെയ്യും എന്ന് അറിയാമല്ലോ. നനഞ്ഞ മുടിയുടെ കാര്യത്തിലും ഇത് ബാധകമാണ്.
നനഞ്ഞ മുടിയോട് കൂടി ഉറങ്ങുന്നത് തലയോട്ടിയില്‍ ബാക്ടീരിയയും ഫംഗസും വളര്‍ത്തും, തത്ഫലമായുണ്ടാകുന്ന അണുബാധകള്‍ കൈകാര്യം ചെയ്യുന്നത് വേദനാജനകമായിരിക്കും. നനഞ്ഞ മുടിയോട് കൂടി ഉറങ്ങുന്നത് താരന്‍ വരാനുള്ള സാധ്യതയും കൂട്ടുന്നു. മാത്രമല്ല മുടി മങ്ങിയതും നിര്‍ജീവവുമാകാനും സാധ്യതയുണ്ട്. മുടി മാത്രമല്ല മൊത്തത്തിലുള്ള ആരോഗ്യത്തേയും ഇത് ദോഷകരമായി ബാധിക്കും.
നനഞ്ഞ തല നീരിറക്കത്തിലേക്കും അതുവഴി ജലദോഷം, തലവേദന എന്നിവക്ക് കാരണമാകും. വൈകാതെ ഇത് ചിലരിലെങ്കിലും പനിയും വരുത്തും. നനഞ്ഞ മുടിയോട് കൂടി എ സി റൂമില്‍ കിടക്കുകയാണെങ്കില്‍ തലവേദന രൂക്ഷമാകുകയും ചെയ്യും എന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. അതിനാല്‍ വൈകി കുളിച്ചാലും ഉറങ്ങാന്‍ പോകുന്നതിനു മുമ്പ് നിങ്ങളുടെ മുടി ഉണങ്ങാന്‍ അനുവദിക്കണം.












Click it and Unblock the Notifications