മുടി മുഴുവൻ കൊഴിഞ്ഞ് മൊട്ടയാകാറായോ? ഉള്ളിവെള്ളം ഉള്ളപ്പോൾ ഇനി ടെൻഷൻ വേണ്ട
പ്രായഭേദമന്യേ പലരും അനുഭവിക്കുന്ന പ്രധാന പ്രശ്നമാണ് മുടി കൊഴിച്ചിൽ. മുടി കൊഴിഞ്ഞ് തുടങ്ങിയാൽ നമ്മളിൽ പലരും ആദ്യം ചെയ്യുന്നത് വിപണിയിൽ കിട്ടാവുന്ന വില കൂടിയ എണ്ണകളും ഹെയർ സിറം പോലുള്ള ഉത്പന്നങ്ങളുമൊക്കെ പരീക്ഷിക്കലാണ്. എന്നാൽ അവയൊന്നും പലപ്പോഴും ഫലപ്രദമാകാറില്ല . മുടി കൊഴിച്ചിൽ പ്രശ്നങ്ങൾക്ക് ഏറ്റവും ഉത്തമം വീട്ടുവൈദ്യങ്ങൾ തന്നെയാണ്. അത്തരത്തിലൊരു വീട്ടുവൈദ്യത്തെക്കുറിച്ചാണ് ഇന്ന് പറയുന്നത്. ഉള്ളിവെള്ളം അഥവാ ഉള്ളി നീര് ഉപയോഗിച്ച് മുടി കൊഴിച്ചിൽ പ്രശ്നം പരിഹരിക്കുന്നത് എങ്ങനെയെന്ന് നോക്കാം
ആദ്യം ഉള്ളിയുടെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം
കൊളാജൻ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു
ഉള്ളിയിൽ ധാരാളം സൾഫർ അടങ്ങിയിട്ടുണ്ട്. മുടിയുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ കൊളാജൻ ഉത്പാദത്തിന് ഇവ സഹായിക്കും. ഉള്ളിനീര് തലയോട്ടിയിൽ പുരട്ടുന്നത് മുടി കൊഴിച്ചിൽ തടയാൻ മാത്രമല്ല തലയോട്ടിയിലെ അണുബാധ പോലുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കാനും താരനെ തുരത്തി തലയോട്ടി ആരോഗ്യകരമായി നിലനിർത്താനും സഹായിക്കും.

മുടി വീണ്ടും വളരാൻ
രോമകൂപങ്ങളുടെ വളർച്ചയ്ക്ക് ഉള്ളിയിലെ സൾഫർ സഹായിക്കുന്നു. മാത്രമല്ല ഇവയിൽ ആന്റി ഓക്സിഡന്റുകൾ ധാരാളം ഉണ്ട്. ഇവ അകാലനര പോലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നു. അലോപേഷ്യ അനുഭവിക്കുന്നവർക്കും ഉള്ളി ഉത്തമമാണ്.
ഇനി ഉള്ളി വെള്ളം എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്ന് അറയാം
ഒന്നോ രണ്ടോ ഉള്ളിയെടുത്ത് തൊലി കളഞ്ഞ് കഴുകിയെടുക്കാം. ചെറുതായി അരിഞ്ഞെടുത്ത് മിക്സിൽ നന്നായി അടിച്ചെടുക്കാം. ആവശ്യമെങ്കിൽ അൽപം വെള്ളം കൂടി ചേർക്കാം. അതിന് ശേഷം ഉള്ളി നീര് വേർതിരിച്ചെടുക്കാം. ഇതിലേക്ക് അൽപം വെള്ളം ചേർത്ത് കൊടുത്ത് നേർപ്പിക്കാം. ഈ വെള്ളം നേരിട്ട് തലയോട്ടിയിൽ പുരട്ടാം. കൈവെച്ചോ കോട്ടൻ വെച്ചോ തലയോട്ടിയിൽ തേച്ച് കൊടുക്കാവുന്നതാണ്. ഏകദേശം 30 മിനിറ്റോളം തലയോട്ടിൽ തേച്ച് വെക്കാം. അതിന് ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം. 2-3 തവണ ഇത്തരത്തിൽ ഉള്ളി നീര് ഉപയോഗിക്കാവുന്നതാണ്. അതേസമയം ആരോഗ്യവിദഗ്ധരുടെ നിർദ്ദേശം ഇല്ലാതെ ഉള്ളി നീര് ഉപയോഗിക്കരുതെന്നാണ് ചില ഡെർമറ്റോളജിസ്റ്റുകൾ നൽകുന്ന മുന്നറിയിപ്പ്. ചിലരിൽ ഉള്ളി നീര് ഉപയോഗിക്കുന്നത് തലയോട്ടിയിൽ ചൊറിച്ചൽ പോലുള്ള പ്രശ്നങ്ങൾക്ക് കാരണമായേക്കുമത്രേ. ചിലർക്ക് ഉള്ളി അലർജി പ്രശ്നങ്ങളും ഉണ്ടാക്കിയേക്കാം.
പുറം പരിചരണം മാത്രം പോരാ
ബാഹ്യപരിചരണം കൊണ്ട് മാത്രം മുടി കൊഴിച്ചിൽ പരിഹരിക്കാമെന്ന് കരുതുന്നത് തെറ്റിധാരണയാണ്. ആരോഗ്യകരമായ ശരീരത്തിൽ മാത്രമേ മുടിയും ആരോഗ്യത്തോടെ ഇരിക്കൂ. അതിനാൽ പോഷകപ്രദമായ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക. മുടിയുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന പച്ചക്കറികളും പഴങ്ങളും ധാരാളമായി ഉൾപ്പെടുത്തുക. വെള്ളവും കൃത്യമായ അളവിൽ കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.












Click it and Unblock the Notifications