ഉളള മുടി പോകില്ല, പുതിയത് വളരുകയും ചെയ്യും, റോസ്മേരി ഓയിൽ വീട്ടിൽ തന്നെ ഉണ്ടാക്കാം
സ്ത്രീ-പുരുഷ ഭേദമില്ലാതെ ഇന്നത്തെ കാലത്ത് എല്ലാവരും നേരിടുന്ന ഒരു പ്രശ്നമാണ് മുടി കൊഴിച്ചിൽ. മുടി വളർത്തണമെന്നല്ല ഇന്ന് പലരും ആഗ്രഹിക്കുന്നത്. ഉളള മുടി കൊഴിഞ്ഞ് പോകാതിരിക്കണേ എന്നാണ്. അതിനായി ഇൻസ്റ്റഗ്രാമും യുട്യൂബമൊക്കെ നോക്കി പല വിദ്യകളും പരീക്ഷിക്കുന്നവരും കുറവല്ല.
കുറച്ചു നാളുകളായി നിങ്ങളുടെ മുടി വളരെയധികം കൊഴിയുന്നുണ്ടെങ്കിൽ നിങ്ങളെ സഹായിക്കാൻ ഒരുപക്ഷേ റോസ്മേരി എണ്ണയ്ക്ക് സാധിച്ചേക്കും. ഇത് വലിയ വില കൊടുത്ത് വാങ്ങേണ്ടതില്ല. വളരെ കുറഞ്ഞ ചിലവിൽ വീട്ടിൽ തന്നെ റോസ്മേരി ഓയിൽ എളുപ്പത്തിൽ തയ്യാറാക്കാം.
എങ്ങനെ എന്നല്ലേ. ആദ്യം വേണ്ടത് ഒരുപിടി റോസ്മേരി ഇലകൾ ആണ്. ഫ്രഷായ ഇലയോ ഉണങ്ങിയ ഇലകളോ ഉപയോഗിക്കാവുന്നതാണ്. 1 കപ്പ് കാരിയർ ഓയിൽ കൂടി വേണം. അതായത് കാച്ചാനുളള എണ്ണ. ഒരു പാത്രവും വൃത്തിയുളള കുപ്പിയും അരിച്ചെടുക്കാനുളള തുണിയും കൂടി വേണം.

റോസ് മേരി കാച്ചാനുളള എണ്ണ തിരഞ്ഞെടുക്കുമ്പോഴും ശ്രദ്ധിക്കണം. വരണ്ട മുടി ആണെങ്കിൽ വെളിച്ചെണ്ണയും കട്ടിയില്ലാത്തതും പരുപരുത്തതുമായ മുടിക്ക് ഒലിവ് ഓയിലും എണ്ണമയമുളള മുടിക്ക് ജൊജോബ ഓയിലുമാണ് നല്ലത്. ഇനി റോസ് മേരി ഓയിൽ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ഫ്രഷ് റോസ്മേരിയാണ് ഉപയോഗിക്കുന്നതെങ്കിൽ അത് നന്നായി കഴുകി വെള്ളം ഒട്ടും ഇല്ലാതെ ഉണക്കിയെടുക്കുക . ഉണങ്ങിയ ഇലകളാണെങ്കിൽ നേരെ എണ്ണയിലേക്ക് ഇട്ട് തിളപ്പിക്കാം. ഏറ്റവും കുറഞ്ഞ തീയിൽ വേണം വെക്കാൻ. എണ്ണ തിളച്ച് മറിയരുത്. ചെറുതീയിൽ 35 മുതൽ 40 മിനിറ്റ് വരെ ചൂടാക്കുക. ഈ സമയം റോസ്മേരിയുടെ ഗുണങ്ങൾ എണ്ണയിലേക്ക് ഇറങ്ങും.
അതിനുശേഷം തീ ഓഫാക്കി എണ്ണ നന്നായി തണുക്കാൻ വെക്കുക. തണുത്ത ശേഷം ഇതൊരു വൃത്തിയുള്ള കുപ്പിയിലേക്ക് അരിച്ചൊഴിക്കുക. ഒന്നിടവിട്ട ദിവസങ്ങളിൽ തലയിൽ തേച്ച് കുളിക്കാവുന്നതാണ്. ഒന്നോ രണ്ടോ ടീസ്പൂൺ എണ്ണയെടുത്ത് തലയിൽ മസ്സാജ് ചെയ്ത് പിടിപ്പിച്ചിട്ട് വേണം കുളിക്കാൻ. കുറഞ്ഞത് ഒരു മണിക്കൂർ കഴിഞ്ഞ് ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം. ഈ എണ്ണ കാച്ചുമ്പോൾ കറിവേപ്പിലയോ ഉലുവയോ ഒക്കെ റോസ് മേരിക്കൊപ്പം ചേർക്കാവുന്നതാണ്.


Click it and Unblock the Notifications