കാപ്പിപ്പൊടി കൊണ്ട് തലയിൽ മസ്സാജ് ചെയ്താൽ മുടി വളരുമോ? വൈറലാകുന്ന ട്രെൻഡിന് പിന്നിൽ
മുടി കൊഴിച്ചിൽ മാറ്റാനും മുടി തഴച്ച് വളരാനും സോഷ്യൽ മീഡിയയിൽ പല ബ്യൂട്ടി വ്ളോഗർമാരും പല വഴികളും പങ്കുവെയ്ക്കാറുണ്ട്. ഇതൊക്കെ വിശ്വസിച്ച് നിരവധി പേർ പല വിദ്യകളും തലയിൽ പരീക്ഷിച്ച് നോക്കാറുമുണ്ട്.
അത്തരത്തിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒന്നാണ് കോഫി സ്ക്രബ്. അതായത് കാപ്പിപ്പൊടി തലയിൽ തേച്ച് പിടിപ്പിക്കുന്നത് മുടി പെട്ടെന്ന് വളരാനും താരൻ മാറാനും മുടിക്ക് ഉള്ള് വെയ്ക്കാനും സഹായിക്കുമെന്നാണ് പലരും പറയുന്നത്. ഇതിൽ എന്തെങ്കിലും സത്യമുണ്ടോ?

ഈ കാപ്പിപ്പൊടി പ്രയോഗത്തെ അങ്ങനെ പൂർണമായും തള്ളിക്കളയേണ്ടതില്ല. കാരണം കാപ്പിയിൽ അടങ്ങിയിട്ടുളള കഫീൻ, ആന്റിഓക്‌സിഡന്റുകൾ, പോളിഫെനോളുകൾ എന്നിവ തലയോട്ടിക്ക് നല്ലതാണ്. കാപ്പിപ്പൊടി ഉപയോഗിച്ച് തലയിൽ മസാജ് ചെയ്യുമ്പോൾ അത് തലയോട്ടിയിൽ അടിഞ്ഞുകൂടിയിരിക്കുന്ന എണ്ണമയവും മൃതകോശങ്ങളും വൃത്തിയാക്കാൻ സഹായിക്കുന്നു.
മാത്രമല്ല മസ്സാജ് ചെയ്യുമ്പോൾ തലയോട്ടിയിലേക്കുള്ള രക്തയോട്ടവും വർദ്ധിക്കും. അത് മാത്രമല്ല മുടികൊഴിച്ചിലിന് കാരണമാകുന്ന ഡിഎച്ച്ടി എന്ന ഹോർമോണിനെ പ്രതിരോധിക്കാൻ കഫീന് കഴിവുണ്ട്. ഇതൊക്കെ ഉണ്ടെങ്കിലും കാപ്പിപ്പൊടി കൊണ്ട് തലയിൽ മസ്സാജ് ചെയ്യുന്നതിന് ചില അപകടങ്ങളും കൂടിയുണ്ട്.
പരുപരുത്ത കാപ്പിപ്പൊടി കൊണ്ട് സ്ക്രബ് ചെയ്യുമ്പോൾ തലയോട്ടിയിൽ ചെറിയ മുറിവുകളോ അസ്വസ്ഥതയോ ഉണ്ടാകാനുളള സാധ്യതയുണ്ട്. മാത്രമല്ല അമിതമായി സ്ക്രാബ് ചെയ്യുന്നത് തലയോട്ടിയിലെ സ്വാഭാവിക ഈർപ്പം നഷ്ടപ്പെടുത്തി തലയോട്ടി വരണ്ട് പോകുന്നിതിനും ചൊറിച്ചിലിനും കാരണമാകാം. താരൻ ഉള്ളവർ കാപ്പിപ്പൊടി സ്ക്രാബ് ഉപയോഗിച്ചാൽ അത് സ്ഥിതി വഷളാക്കാം. നനഞ്ഞ മുടിയിൽ കാപ്പിപ്പൊടിയിട്ട് ഉരസുമ്പോൾ മുടി എളുപ്പത്തിൽ പൊട്ടിപ്പോകാനും സാധ്യതയുണ്ട്.


Click it and Unblock the Notifications