മുടി കൊഴിച്ചിൽ കൊണ്ട് പൊറുതി മുട്ടിയോ? ഇതാ മുടി വീണ്ടും വളർത്താൻ 7 ദിവസത്തെ ചലഞ്ച്
തിരക്ക് പിടിച്ച ഇന്നത്തെ കാലത്ത് പലരും നേരിടുന്ന പ്രശ്നമാണ് മുടി കൊഴിച്ചിൽ. ആൺ-പെൺ വ്യത്യാസമില്ലാതെ മുടി കൊഴിച്ചിൽ എല്ലാവരേയും അലട്ടുന്നു. ഇത് ഒരു വ്യക്തിയുടെ രൂപത്തെയും ആത്മവിശ്വാസത്തെയും കാര്യമായി ബാധിക്കാറുണ്ട്. ജീവിതശൈലിയിലെ മാറ്റങ്ങൾ, ഹോർമോൺ വ്യതിയാനങ്ങൾ, രാസവസ്തുക്കൾ അടങ്ങിയ ഉൽപ്പന്നങ്ങളുടെ അമിത ഉപയോഗം എന്നിവയെല്ലാം മുടികൊഴിച്ചിലിന് കാരണമാവാം.
7 ദിവസം കൊണ്ട് മുടിയുടെ നഷ്ടപ്പെട്ട ആരോഗ്യം വീണ്ടെടുക്കാൻ സാധിക്കുമോ? 7 ദിവസം 7 വ്യത്യസ്തമായ പരീക്ഷണങ്ങൾ. മുടി കൊഴിച്ചിൽ തടയാനും മുടി വീണ്ടും കരുത്തോടെ വളരാനും ഈ 7 ദിവസത്തെ ചലഞ്ച് ഒന്ന് പരീക്ഷിച്ച് നോക്കൂ.
ഒന്നാം ദിവസം: കറ്റാർവാഴ
ശുദ്ധമായ കറ്റാർവാഴ ജെൽ തലയോട്ടിയിലും മുടിയിലും പുരട്ടുക. ഇത് 30 മിനിറ്റ് വെച്ചതിനുശേഷം കഴുകിക്കളയുക. ഇത് തലയോട്ടിക്ക് ആശ്വാസം നൽകുകയും മുടിക്ക് ഈർപ്പം നൽകുകയും വീക്കം കുറയ്ക്കുകയും ചെയ്യും. ഇത് മുടി വളർച്ചയെ സഹായിക്കുന്നു.

രണ്ടാം ദിവസം: ഉള്ളി നീര്
ഉള്ളിനീരിൽ അടങ്ങിയിട്ടുള്ള സൾഫർ സംയുക്തങ്ങൾ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും മുടിയുടെ വേരുകൾക്ക് ബലം നൽകുകയും മുടി കൊഴിച്ചിൽ കുറയ്ക്കുകയും ചെയ്യും. ഉള്ളിനീര് തലയോട്ടിയിൽ പുരട്ടി 30 മിനിറ്റിനുശേഷം വെള്ളം ഉപയോഗിച്ച് നന്നായി കഴുകിക്കളയുക. ഉള്ളിനീര് കണ്ണിൽ പോകാതിരിക്കാൻ ശ്രദ്ധിക്കുക.
മൂന്നാം ദിവസം: വെളിച്ചെണ്ണ മസാജ്
വെളിച്ചെണ്ണയിൽ അടങ്ങിയിട്ടുള്ള പോഷകഗുണങ്ങൾ തലയോട്ടിക്ക് ഈർപ്പം നൽകുകയും മുടിയുടെ കേടുപാടുകൾ കുറയ്ക്കുകയും ബലം നൽകുകയും ചെയ്യും. ഇത് മുടി പൊട്ടുന്നത് കുറയ്ക്കുകയും മുടികൊഴിച്ചിൽ തടയുകയും ചെയ്യും. ചെറുചൂടുള്ള വെളിച്ചെണ്ണ തലയോട്ടിയിൽ നന്നായി മസാജ് ചെയ്യുക. ഏതാനും മണിക്കൂറുകൾക്ക് ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക.
നാലാം ദിവസം: കഞ്ഞിവെള്ളം
പ്രോട്ടീൻ, അമിനോ ആസിഡുകൾ, വിറ്റാമിനുകൾ എന്നിവയാൽ സമ്പന്നമാണ് കഞ്ഞിവെള്ളം. ഇത് മുടിക്ക് ബലം നൽകുകയും തിളക്കം കൂട്ടുകയും അറ്റം പിളരുന്നത് കുറയ്ക്കുകയും മുടിയുടെ ഇലാസ്തികത വർദ്ധിപ്പിച്ച് വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. താരൻ പ്രശ്നങ്ങൾക്കും മുടിയുടെ കേടുപാടുകൾ പരിഹരിക്കാനും ഇത് സഹായിക്കും. പുതിയ കഞ്ഞിവെള്ളം ഉപയോഗിച്ച് മുടി കഴുകുന്നത് നല്ലതാണ്.
അഞ്ചാം ദിവസം: നെല്ലിക്കയും കറിവേപ്പിലയും ചേർത്ത എണ്ണ
നെല്ലിക്ക നീരും കറിവേപ്പിലയും ചേർത്ത് എണ്ണ ഉണ്ടാക്കുക. ഇത് ഒരു ദിവസം വെച്ചതിന് ശേഷം തലയോട്ടിയിൽ പുരട്ടുക. വിറ്റാമിൻ സി യുടെ ഗുണങ്ങൾ മുടിക്ക് തിളക്കവും മൃദുത്വവും നൽകുകയും മുടി വളർച്ചയെ സഹായിക്കുകയും ചെയ്യും.
ആറാം ദിവസം: ഗ്രീൻ ടീ ഉപയോഗിച്ചുള്ള മസാജ്
തലയോട്ടിയിൽ നന്നായി മസാജ് ചെയ്യുന്നത് രക്തയോട്ടം വർദ്ധിപ്പിച്ച് മുടി വളർച്ചയെ സഹായിക്കും. 15 മിനിറ്റിനുശേഷം ഗ്രീൻ ടീ ഉപയോഗിച്ച് മുടി കഴുകുക. ഇത് താരൻ, വീക്കം, അമിതമായ എണ്ണമയം എന്നിവ കുറയ്ക്കാനും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കും.
ഏഴാം ദിവസം: ചെമ്പരത്തി-തേങ്ങാപ്പാൽ മാസ്ക്
അവസാന ദിവസം, ചെമ്പരത്തിയും തേങ്ങാപ്പാലും ചേർത്ത മാസ്ക് ഉപയോഗിക്കുക. ഇത് മുടി വളർച്ചയെ സഹായിക്കുകയും വീക്കം ശമിപ്പിക്കുകയും താരൻ പ്രശ്നങ്ങൾ നിയന്ത്രിക്കുകയും ചെയ്യും. തലയോട്ടിയിൽ തേങ്ങാപ്പാൽ മാസ്ക് പുരട്ടി 20 മിനിറ്റിനുശേഷം കഴുകിക്കളയുക.
ഇത് മാത്രം പോര, മുടി വളർച്ചയെ സഹായിക്കുന്ന വിറ്റാമിനുകളും പ്രോട്ടീനുകളും അടങ്ങിയ നട്‌സ്, വിത്തുകൾ, പച്ചക്കറികൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ബയോട്ടിൻ, വിറ്റാമിൻ സി എന്നിവ അടങ്ങിയ സപ്ലിമെന്റുകളും വിദഗ്ധ ഉപദേശം തേടിയ ശേഷം ഉപയോഗിക്കാവുന്നതാണ്. ആവശ്യത്തിന് വെള്ളം കുടിക്കുകയും മാനസിക സമ്മർദ്ദം കുറയ്ക്കുകയും ചെയ്യുക.












Click it and Unblock the Notifications