മുടി വേഗത്തിൽ വളരാൻ എണ്ണയും ഹെയർ മാസ്കും ഒന്നുമല്ല വേണ്ടത്, ഉള്ളിലെത്തണം ഈ 5 വിറ്റാമിനുകൾ
മുടി കൊഴിച്ചിൽ മാറ്റാനും മുടി വളർത്താനും പഠിച്ച പണി പതിനെട്ടും പയറ്റുന്നവരുണ്ട്. പലതരം എണ്ണകൾ, സെറം, ഹെയർ മാസ്കുകൾ ഒക്കെ ഉപയോഗിച്ചിട്ടും പക്ഷേ ഫലമൊന്നും കിട്ടാറുമില്ല. കാരണം മുടി വളരാൻ തലയിൽ മാത്രമല്ല ശ്രമം നടത്തേണ്ടത്, മറിച്ച് നമ്മുടെ ശരീരത്തിന് അകത്തേക്കും വേണം.
മുടിയുടെ ആരോഗ്യപൂർണവും വേഗത്തിലുള്ളതുമായ വളർച്ച ആഗ്രഹിക്കുന്നവർക്ക് വിറ്റാമിനുകൾ അത്യന്താപേക്ഷിതമാണ്. സമ്മർദ്ദം, മോശം ഭക്ഷണക്രമം, പരിസ്ഥിതി മലിനീകരണം എന്നിവ മുടിയെ ദോഷകരമായി ബാധിക്കും. ശരിയായ വിറ്റാമിനുകൾ ശരീരത്തിന് നൽകുന്നത് മുടിയുടെ ശക്തിയും തിളക്കവും വർധിപ്പിക്കും. അത്തരത്തിലുളള 5 വിറ്റാമിനുകൾ പരിചയപ്പെടാം.
ബയോട്ടിൻ (വിറ്റാമിൻ B7):
ബയോട്ടിൻ മുടി, ചർമ്മം, നഖങ്ങൾ എന്നിവയ്ക്ക് ആവശ്യമായ കെരാറ്റിൻ ഉൽപാദനത്തെ സഹായിക്കുന്നു. ഇതിന്റെ കുറവ് മുടി പൊട്ടലിനും ദുർബലതയ്ക്കും കാരണമാകും. മുട്ട, നട്സ്, സാൽമൺ, ഉരുളക്കിഴങ്ങ് എന്നിവയിൽ ബയോട്ടിൻ ധാരാളം ഉണ്ട്. സപ്ലിമെന്റുകൾ ഉപയോഗിക്കുന്നത് മുടിയുടെ തിളക്കവും ശക്തിയും വർധിപ്പിക്കും.

വിറ്റാമിൻ D:
വിറ്റാമിൻ D-യുടെ കുറവ് മുടി കൊഴിച്ചിലിനും നേർത്ത മുടിക്കും കാരണമാകാം. ഇത് പുതിയ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. 15-20 മിനിറ്റ് സൂര്യപ്രകാശം ലഭിക്കുന്നത് ഗുണം ചെയ്യും. മത്സ്യം, കൂൺ, ഫോർട്ടിഫൈഡ് പാലുൽപ്പന്നങ്ങൾ എന്നിവയും ഇതിന്റെ ഉറവിടങ്ങളാണ്.
വിറ്റാമിൻ E:
വിറ്റാമിൻ E രക്തചംക്രമണം മെച്ചപ്പെടുത്തി മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. ബാദം, സൂര്യകാന്തി വിത്തുകൾ, ഇലക്കറികൾ, അവോക്കാഡോ എന്നിവ ഇതിന്റെ ഉറവിടങ്ങളാണ്. ഇത് മുടിക്ക് തിളക്കം നൽകുകയും ചർമ്മത്തെ പോഷിപ്പിക്കുകയും ചെയ്യുന്നു.
വിറ്റാമിൻ A:
മുടി കോശങ്ങൾക്ക് വിറ്റാമിൻ A അത്യന്താപേക്ഷിതമാണ്. ഇത് തലയോട്ടിയിൽ സീബം ഉൽപാദിപ്പിക്കുന്നു, മുടി ഈർപ്പമുള്ളതാക്കുന്നു. കാരറ്റ്, കോഴിയിറച്ചി, ഇലക്കറികൾ എന്നിവയിൽ ഇത് ലഭ്യമാണ്. എന്നാൽ, അമിതമായാൽ മുടി കൊഴിച്ചിലിന് കാരണമാകാം.
വിറ്റാമിൻ C:
വിറ്റാമിൻ C കൊളാജൻ ഉൽപാദനത്തിനും ഇരുമ്പിന്റെ ആഗിരണത്തിനും സഹായിക്കുന്നു, ഇത് മുടി ശക്തിപ്പെടുത്തുന്നു. ഓറഞ്ച്, സ്ട്രോബെറി, കാപ്സിക്കം എന്നിവ ഇതിന്റെ ഉറവിടങ്ങളാണ്. ദിവസവും ഇവ കഴിക്കുന്നത് മുടിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.












Click it and Unblock the Notifications