മുടി കൊഴിഞ്ഞ് മൊട്ടയാകാറായോ? പരിഹസം കേട്ട് മടുത്തെങ്കിൽ ഇപ്പോൾ ഇത് ഉപയോഗിച്ച് തുടങ്ങൂ
മുടി കൊഴിച്ചിൽ പ്രശ്നം നേരിടാത്തവർ ഇന്ന് കുറവായിരിക്കും. ഇന്നത്തെ തിരക്ക് പിടിച്ച ജീവിത ശൈലി തന്നെയാണ് അതിന് പ്രധാനമായൊരു കാരണം. ജനിതക പ്രശ്നങ്ങളും ഒരുപരിധി വരെ ഇതിന് കാരണമാണ്. ദിവസം 50 മുതൽ 100 വരെ മുടി കൊഴിയുന്നത് സാധാരണമാണെന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ അതിന് മുകളിലാണ് കൊഴിച്ചിലെങ്കിൽ അത് ആശങ്കപ്പെടുത്തുന്നത് തന്നെയാണ്.
വിപണിയിലെ പലവിധ എണ്ണകളും ഒരു പക്ഷെ നിങ്ങളുടെ പ്രശ്നത്തിന് പരിഹാരം കണ്ടേക്കാം. എന്നാൽ വലിയ വില കൊടുത്ത് ഈ ഉത്പന്നങ്ങൾ എന്നും വാങ്ങുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതുപോലെ തന്നെ സലൂണുകളിൽ പോയി ഹെയർ ട്രീറ്റ്മെന്റ് നടത്തുകയെന്നതും. അതുകൊണ്ട് തന്നെ പ്രകൃതിദത്ത മാർഗങ്ങളെ ആശ്രയിക്കുന്നതാണ് എല്ലാ കാലത്തും മികച്ച പരിഹാര മാർഗം. ഇന്ന് വീട്ടകങ്ങളിൽ തന്നെ എളുപ്പത്തിൽ ലഭിക്കുന്ന മുടികൊഴിച്ചിൽ തടയാൻ സഹായിക്കുന്ന ചേരുവകളെ കുറിച്ചാണ് പറയുന്നത്. വിശദമായി നോക്കാം

ഉള്ളി നീര്
മുടി കൊഴിച്ചിൽ നിർത്താൻ നാട്ടിലൊക്കെ പഴമക്കാർ ധാരാളമായി ഉപയോഗിച്ചിരുന്ന ഒന്നാണ് ഉള്ളി. ഇത് കൊഴിച്ചിൽ നിർത്തുക മാത്രമല്ല മുടി വളരാനും സഹായിക്കും. ഉള്ളിയിൽ സൾഫർ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മുടി വളർച്ചയ്ക്ക് ഏറ്റവും അത്യാവശ്യമായ കൊളാജൻ ഉത്പാദനത്തിന് സഹായിക്കും. ഉള്ളി നീര് തലയോട്ടിയിൽ പുരട്ടുന്നത് രക്തചംക്രമണം വേഗത്തിലാക്കും. ഇതും മുടി വളർച്ചയെ സഹായിക്കും. ഇവയിലെ ആന്റി ഓക്സിഡന്റുകൾ ഫ്രീ റാഡിക്കലുകൾക്കെതിരെ പോരാടുകയും മുടിക്ക് ആരോഗ്യം നൽകുകയും ചെയ്യുന്നു. ആന്റിബാക്ടീരിയൽ ഗുണങ്ങൾ തലയോട്ടിയിലെ മാലിന്യങ്ങൾ നീക്കം ചെയ്യുകയും താരനെ തുരത്താൻ സഹായിക്കുകയും ചെയ്യും.
കറ്റാർവാഴ
ചർമ്മത്തിനും മുടിക്കും ഒരുപോലെ ഗുണകരമായതാണ് കറ്റാർവാഴ. ഇവയിലെ എൻസൈമുകളും താരൻ പോലുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കി ആരോഗ്യകരമായ തലയോട്ടി നിലനിർത്താൻ സഹായിക്കും. ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ മുടി വരണ്ട് പോകുന്നതും തലയോട്ടിയിലെ ചൊറിച്ചിൽ പോലുള്ള അസ്വസ്ഥതകൾക്ക് പരിഹാരം കാണുകയും ചെയ്യും. തലയോട്ടിയിലെ പിഎച്ച് അളവ് സന്തുലിതമാക്കി മുടി പൊട്ടുന്നത് തടയുകയും ചെയ്യുന്നു.
വെളിച്ചെണ്ണയെ
വെളിച്ചെണ്ണ തലയിൽ തേക്കാത്ത മലയാളിയുണ്ടോ അല്ലേ? ഇവയിൽ അടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകൾ, വിറ്റാമിനുകൾ , ആന്റി ഓക്സിഡന്റുകൾ എന്നിവ തലയോട്ടിയെ പോഷിപ്പിക്കുകയും മുടിക്ക് കരുത്ത് പകരുകയും ചെയ്യും. ആന്റി ഫംഗൽ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ തലയോട്ടിയിലെ മാലിന്യങ്ങൾ നീക്കി വൃത്തി നിലനിർത്താൻ സഹായിക്കും. ഇതുകൂടാകെ വെളിച്ചെണ്ണയിൽ അടങ്ങിയിരിക്കുന്ന ലോറിക് ആസിഡ് മുടിയുടെ തണ്ടിലേക്ക് ഇറങ്ങിച്ചെന്ന് മുടിക്ക് ആവശ്യമായ പ്രോട്ടീൻ നിലനിർത്തും. അതുവഴി കട്ടിയുള്ള മുടി ലഭിക്കാൻ സഹായിക്കും.
ഗ്രീൻ ടീ
പോളിഫെനോളുകൾ, ആന്റി ഓക്സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമാണ് ഗ്രീൻടി. ഇത് രോമകൂപങ്ങളെ പോഷിപ്പിക്കുകയും ഇൻഫ്ലമേഷൻ പോലുള്ള പ്രശ്നങ്ങൾ പരിഹരിച്ച് തലയോട്ടിയുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. ഗ്രീൻ ടീ കൊണ്ട് തല കഴുകുന്നത് മുടി വളർച്ച വേഗത്തിലാക്കുകയും മുടിയുടെ വേരിനെ ശക്തിപ്പെടുത്തുകയും ചെയ്യും. ഗ്രീൻ ടീ നേരിട്ട് തലയിൽ തേക്കുകയല്ല വേണ്ടത്. മറിച്ച് ഗ്രീൻ ഉണ്ടാക്കി തണുക്കാൻ വെക്കാം. ഇതിന് ശേഷം മുടി ഷാംപൂ ഉപയോഗിച്ച് നന്നായി കഴുകി വൃത്തിയാക്കിയതിന് ശേഷം ഗ്രീൻ ടീകൊണ്ട് വീണ്ടും തല നന്നായി കഴുകിയെടുക്കാം.
ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്‌ധരുടെ ഉപദേശം സ്വീകരിക്കണം.












Click it and Unblock the Notifications