മുടി കൊഴിച്ചിലാണോ പ്രശ്നം? പരിഹാരം വീട്ടുമുറ്റത്തുണ്ട്, ചെമ്പരത്തി എണ്ണയും ഹെയർ പാക്കും എങ്ങനെ തയ്യാറാക്കാം?
നമ്മുടെ നാട്ടിൻപുറങ്ങളിൽ എല്ലായിടത്തും കാണുന്നതാണ് ചെമ്പരത്തിപ്പൂവ്. നിങ്ങളുടെ പൂന്തോട്ടത്തിൽ കാണുന്ന മനോഹരമായ ഈ പൂക്കൾക്ക് അസാധാരണമായ രോഗശാന്തി ഗുണങ്ങളുണ്ട്, ഇത് പലർക്കും പുതിയ അറിവായിരിക്കാം.
മുടി കൊഴിച്ചിൽ അനുഭവിക്കുന്നവർക്ക് വീട്ടുവൈദ്യങ്ങളിൽ ചെമ്പരത്തിപ്പൂക്കൾ ഉൾപ്പെടുത്താവുന്നതാണ്. അതിന്റെ ഇതളുകൾ മുതൽ ഇലകൾ വരെ മുടിയുടെ പല പ്രശ്നങ്ങൾക്കും പരിഹാരമാണ്. ഉറങ്ങിക്കിടക്കുന്ന ഹെയർ ഫോളിക്കിളുകളെ ഉത്തേജിപ്പിച്ച് കഷണ്ടി പാടുകളിൽ സ്വാഭാവികമായി മുടി വളർത്താൻ ഇത് സഹായിക്കും. മുടി വളർച്ച വർദ്ധിപ്പിക്കാൻ ചെമ്പരത്തി എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം.
ചെമ്പരത്തി എണ്ണ തലയോട്ടിക്ക് പുത്തനുണർവ് നൽകുകയും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇത് മുടിക്ക് പോഷണവും ഈർപ്പവും നൽകി രക്തയോട്ടം വർദ്ധിപ്പിക്കുന്നു. ഇത് മുടിയുടെ വേരുകളെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. ഈ എണ്ണ വീട്ടിൽ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

എട്ട് ചെമ്പരത്തിപ്പൂക്കളും അവയുടെ ഇലകളും എടുത്ത് നന്നായി അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഒരു കപ്പ് വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് ഈ പേസ്റ്റ് ചേർക്കുക. ഈ മിശ്രിതം തണുത്ത ശേഷം എണ്ണ അരിച്ചെടുക്കുക. ഈ എണ്ണ തലയോട്ടിയിലും മുടിയിലും 10 മിനിറ്റ് നേരം മസാജ് ചെയ്ത ശേഷം കഴുകിക്കളയാവുന്നതാണ്.
മറ്റൊരു രീതിയാണ് ചെമ്പരത്തി ഹെയർ മാസ്ക്. ഇത് മുടി നീളമുള്ളതും ശക്തവും കട്ടിയുള്ളതുമാക്കാൻ സഹായിക്കും. നെല്ലിക്കാപ്പൊടിയുമായി ചേർത്ത് പേസ്റ്റ് രൂപത്തിൽ ഉപയോഗിക്കാവുന്നതാണ്. ഇത് വീട്ടിൽ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ചെമ്പരത്തിപ്പൊടിയും നെല്ലിക്കാപ്പൊടിയും തുല്യ അളവിൽ വെള്ളത്തിൽ കലർത്തി മിനുസമാർന്ന പേസ്റ്റ് ഉണ്ടാക്കുക. ഇത് തലയോട്ടിയിലും മുടിയുടെ അറ്റത്തും തേച്ചുപിടിപ്പിക്കുക. 40 മിനിറ്റിനു ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാവുന്നതാണ്.
ഈ ഹെയർ മാസ്ക് മുടിയുടെ വേരുകളെ ശക്തിപ്പെടുത്തുകയും തലയോട്ടിയുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു. മുടിക്ക് കണ്ടീഷനിംഗ് നൽകാനും മൃദുവാക്കാനും എളുപ്പത്തിൽ കൈകാര്യം ചെയ്യാനും ഇത് സഹായിക്കുന്നു. കേടായ മുടിയിൽ പ്രവർത്തിച്ച് തിളക്കമുള്ളതും ആകർഷകവുമായ കേശഭംഗി നൽകാനും ചെമ്പരത്തിക്ക് കഴിയും.












Click it and Unblock the Notifications