മുടി കൊഴിച്ചിൽ എന്ന് കരഞ്ഞിരുന്നിട്ട് കാര്യമില്ല; ഇത് ശരീരത്തിൽ ചെല്ലണം, ഇല്ലേൽ എന്ത് തേച്ചിട്ടും കാര്യമില്ല
പ്രായത്തിന്‍റെയും കാലത്തിന്‍റെയും വ്യത്യാസമില്ലാതെ ഏവരെയും അലട്ടുന്ന ഒരൊറ്റ പ്രശ്നമേയുള്ളൂ, അത് മുടി കൊഴിച്ചിലാണ്. സീസണുകൾക്കനുസരിച്ച് ഏറിയും കുറഞ്ഞുമിരിക്കുമെങ്കിലും തീർത്തും മുടികൊഴിച്ചിൽ ഇല്ലാതിരിക്കുന്ന ഒരവസ്ഥയില്ല. വേനലിലും തണുപ്പിലും മഴക്കാലത്തും മഞ്ഞുകാലത്തും മുടികൊഴിച്ചിൽ ഒരു പ്രശ്നം തന്നെയാണ്. കാലാവസ്ഥയിലെ മാറ്റവും ഭക്ഷണവും ജീവിതശൈലികളും മുടികൊഴിച്ചിലിന് കാരണമാകാറുണ്ട്. ചില അവസരത്തിൽ ഭക്ഷണത്തിൽ ചില മാറ്റങ്ങൾ വരുത്തി മുടികൊഴിച്ചിൽ എങ്ങനെ കുറയ്ക്കാം എന്നു നോക്കാം.
ഒമേഗാ ത്രീ ഫാറ്റി ആസിഡ്
മുടിയുടെ വളർച്ചയെ ഏറ്റവും കൂടുതൽ സഹായിക്കുന്നവയാണ് ഒമേഗാ ത്രീ ഫാറ്റിആസിഡ്. തലയോട്ടിയുടെ ആരോഗ്യത്തിനും ഈർപ്പം മാറിവരുന്ന സമയങ്ങളില് അതിനനുസരിച്ച് മുടിയുടെ ആരോഗ്യം സംരക്ഷിക്കുവാനും ഒമേഗാ ത്രീ ഫാറ്റിആസിഡ് സഹായിക്കും. സാൽമോൺ, അയല തുടങ്ങിയ മത്സ്യങ്ങളിൽ ഇതിന്‍റെ സാന്നിധ്യം ധാരാളമുള്ളതിനാൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് മുടി കൊഴിച്ചിൽ കുറയ്ക്കും. സസ്യാഹാരികൾക്ക് ചണവിത്ത്, ചിയാസീഡ്, വാല്‍നട്ട് എന്നിവ ഉപയോഗിക്കാം.

വിറ്റാമിൻ എ
തലയോട്ടിയുടെ ആരോഗ്യം സംരക്ഷിച്ച്, അതുവഴി സെബം ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുകയാണ് വിറ്റാമിൻ എ ചെയ്യുന്നത്. ഇത് തലയോട്ടിയെ വരണ്ടതാക്കാതെ, ജലാംശം നിലനിർത്തുന്നിന് സഹായിക്കുന്നു. കാരറ്റ്, മധുരക്കിഴങ്ങ്, ചീര പോലുള്ള ഇലവർഗ്ഗങ്ങൾ എന്നിവ വിറ്റാമിൽ എയാൽ സമ്പുഷ്ടമാണ്. കൂടാതെ, രോഗപ്രതിരോധശേഷി വർധിപ്പിക്കാനും ഇത് സഹായിക്കുന്നു.
പ്രോട്ടീന്
പ്രോട്ടീനുകളാൽ നിർമ്മിതമാണ് തലുടി. അതുകൊണ്ടു തന്നെ മുടിയുടെ വളർച്ചയും ആരോഗ്യവും വേണമെന്നുണ്ടെങ്കിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണം നിങ്ങളുടെ ആഹാരക്രമത്തിൽ നിത്യവും ഉള്‍പ്പെടുത്തണം. കോഴിയിറച്ചി, മീൻ, സോയബീൻ, മുളപ്പിച്ച ധാന്യങ്ങൾ, തുടങ്ങിയവ പ്രോട്ടീൻ കലവറയാണ്. നിങ്ങളുടെ ഡയറ്റ് അനുസരിച്ച് ഇത് ദിനവും കഴിക്കുക. ഇതുവഴി മുടി ആരോഗ്യത്തോടെ വളരുന്നതിനും മുടികൊഴിച്ചിൽ കുറയുന്നതിനും സഹായിക്കും.
അയണ്‍ (ഇരുമ്പ്)
രോമകൂപങ്ങളിലേക്ക് ഓക്സിജൻ എത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് ഇരുമ്പ് ആണ്. മുടിയുടെ വളർച്ചയും മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യവും നിലനിർത്താൻ ആഗ്രഹിക്കുന്നവർ ആഹാരക്രമത്തിൽ ഇരുമ്പ് ഉൾപ്പെടുത്തണം. ധാന്യങ്ങൾ, പയർ, മാംസം, ബീൻസ് തുടങ്ങിയവയിൽ ധാരാളം ഇരുമ്പ് സത്ത അടങ്ങിയിട്ടുണ്ട്. ഇതിന്‍റെ യഥാർത്ഥ ഫലം ലഭിക്കുന്നതിന് വിറ്റാമിൻ സി ഭക്ഷണങ്ങളോടൊപ്പം അയൺ ഉള്ള ഭക്ഷണങ്ങള്‍ കഴിക്കുക. ഇവ, ഇരുമ്പിന്‍റെ ആഗിരണം വർധിപ്പിക്കുന്നു.
ജലാംശം ഉറപ്പാക്കുക
ആഹാരങ്ങളിലെ മാറ്റങ്ങളോടൊപ്പം തന്നെ ആവശ്യത്തിന് വെള്ളം കുടിക്കുന്നതും ശരീരത്തിൽ ജലാംശം ഉറപ്പക്കുന്നതും പ്രധാനമാണ്. കുറഞ്ഞത് എട്ടുഗ്ലാസ് വെള്ളമെങ്കിലും ഒരു ദിവസം കുടിക്കുന്നത് തലയോട്ടിയിലെ ജലാംശം നിലനിർക്കുവാനും ശരീരത്തിലെ മാലിന്യങ്ങളെയും വിഷാംശങ്ങളെയും പുറന്തള്ളാൻ സഹായിക്കുകയും ചെയ്യും. കൂടാതെ, കക്കിരിക്ക, വെള്ളരിക്ക പോലുള്ള ജലാംശമുള്ള പഴങ്ങളും പച്ചക്കറികളും ആഹാരത്തിൽ ഉൾപ്പെടുത്തുക. മുടിയുടെ ആരോഗ്യം സംരക്ഷിക്കുവാനും മുടി പൊട്ടുന്നത് തടയുവാനും ഇത് സഹായിക്കും.












Click it and Unblock the Notifications