സ്വർണമാലയുടേയും കമ്മലിന്റേയുമൊക്കെ തിളക്കം മങ്ങിയോ? വീട്ടിൽത്തന്നെ എളുപ്പം വൃത്തിയാക്കാം
നമ്മുടെ നാട്ടിലെ സ്ത്രീകളിൽ വലിയൊരു ശതമാനവും സ്വർണാഭരണങ്ങൾ സ്ഥിരമായി ധരിക്കുന്നവരാണ്. അതൊരു മാലയോ വളയോ കമ്മലോ മൂക്കുത്തിയോ ആകാം. സ്ഥിരമായി സ്വർണാഭരണങ്ങൾ അണിയുമ്പോഴുളള ഒരു പ്രശ്നമാണ് കുറേ നാൾ കഴിയുമ്പോൾ സ്വർണത്തിന്റെ തിളക്കം മങ്ങിപ്പോവുക എന്നത്.
നമ്മുടെ ശരീരത്തിലെ എണ്ണമയം, വിയർപ്പ്, ക്രീമുകൾ, പൗഡർ എന്നിവയൊക്കെ ഈ ആഭരണങ്ങളിൽ അടിയുന്നതാണ് ഇതിന് കാരണം. ആഭരണങ്ങൾക്ക് പഴയ തിളക്കം തിരികെ നൽകാൻ ജ്വല്ലറിയിൽ പോകുകയോ വൻ തുക മുടക്കി കെമിക്കലുകൾ വാങ്ങുകയോ ചെയ്യേണ്ടതില്ല. നമ്മുടെ അടുക്കളയിലുള്ള ചില സാധനങ്ങൾ ഉപയോഗിച്ച് സ്വർണാഭരണങ്ങൾ എളുപ്പത്തിൽ വൃത്തിയാക്കി അതിന്റെ ഭംഗി നിലനിർത്താൻ സാധിക്കും.
എല്ലാ സ്വർണ്ണാഭരണങ്ങൾക്കും ഒരുപോലെയുള്ള പരിചരണമല്ല വേണ്ടത്. തങ്കത്തിലുള്ള മാലകളും കമ്മലുകളും വെള്ളത്തിൽ മുക്കിവെച്ച് വൃത്തിയാക്കാം. എന്നാൽ ഗോൾഡ് പ്ലേറ്റ് ചെയ്ത ആഭരണങ്ങൾ വെള്ളത്തിൽ മുക്കിവെക്കാനോ ഉരയ്ക്കാനോ പാടില്ല. ഇത് അവയുടെ മുകളിലെ സ്വർണ്ണപ്പാളി അടർന്നുപോകാൻ ഇടയാക്കും. അതുപോലെ മുത്തോ മറ്റ് അപൂർവ്വ കല്ലുകളോ പതിച്ച ആഭരണങ്ങൾ വെള്ളത്തിൽ മുക്കരുത്. നാം ദിവസവും ഉപയോഗിക്കുന്ന 22 കാരറ്റ് സ്വർണ്ണം വളരെ മൃദുവായതിനാൽ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക.

സ്വർണാഭരണങ്ങൾ വൃത്തിയാക്കാൻ ഏറ്റവും സുരക്ഷിതമായ മാർഗ്ഗമാണ് ചെറുചൂടുള്ള സോപ്പുുവെള്ളത്തിൽ മുക്കിവെക്കുക എന്നത്. ഒരു ചെറിയ പാത്രത്തിൽ ചെറു ചൂടുള്ള വെള്ളമെടുത്ത് അതിൽ കുറച്ച് മൈൽഡ് ഡിഷ് സോപ്പ് ചേർക്കുക. ആഭരണങ്ങൾ 10 മുതൽ 15 മിനിറ്റ് വരെ ഇതിൽ മുക്കിവെക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ആഭരണങ്ങളിലെ അഴുക്കും എണ്ണമയവും ഇളകിപ്പോകും.
അഴുക്ക് ഇളകിയ ശേഷം വളരെ മൃദുവായ ടൂത്ത് ബ്രഷ് ഉപയോഗിച്ച് മാലയുടെ കണ്ണികളിലും കമ്മലിന്റെ ഇടുക്കുകളിലും പതുക്കെ വൃത്തിയാക്കുക. കമ്മലിന്റെ ആണി വൃത്തിയാക്കാൻ ഇയർ ബഡ്സ് ഉപയോഗിക്കാം. ശക്തിയായി ഉരയ്ക്കാതെ മൃദുവായി ചെയ്യുക. അതിനുശേഷം സോപ്പിന്റെ അംശം പൂർണ്ണമായി മാറുന്നത് വരെ ചെറുചൂടുവെള്ളത്തിൽ കഴുകുക.
ആഭരണങ്ങളിലെ ചില ഭാഗങ്ങളിൽ കടുത്ത അഴുക്ക് ഉണ്ടെങ്കിൽ 2 ടേബിൾസ്പൂൺ ബേക്കിംഗ് സോഡയിൽ 1 ടേബിൾസ്പൂൺ വെള്ളം ചേർത്ത് പേസ്റ്റ് ഉണ്ടാക്കുക. ഇത് ആഭരണത്തിൽ പുരട്ടി മൃദുവായി തടവുക. 4-5 മിനിറ്റിനു ശേഷം നന്നായി കഴുകിക്കളയാം. കല്ലുകൾ പതിക്കാത്ത തങ്കത്തിലുള്ള ആഭരണങ്ങൾക്ക് മാത്രം ഇത് ചെയ്യുക. ബേക്കിംഗ് സോഡ സ്ഥിരമായി ഉപയോഗിക്കുന്നത് സ്വർണ്ണത്തിൽ വര വീഴാൻ കാരണമാകും.
ആഭരണങ്ങൾ കഴുകിയ ശേഷം മൃദുവായ തുണി ഉപയോഗിച്ച് തുടച്ച് പൂർണ്ണമായും ഈർപ്പം മാറ്റുക. ബ്ലീച്ച്, ടൂത്ത് പേസ്റ്റ്, വിനാഗിരി എന്നിവ സ്വർണ്ണം വൃത്തിയാക്കാൻ ഉപയോഗിക്കരുത്. പെർഫ്യൂമും മേക്കപ്പും ഉപയോഗിച്ചതിന് ശേഷം മാത്രം ആഭരണങ്ങൾ അണിയുക. കുളിക്കുമ്പോഴും നീന്തുമ്പോഴും ആഭരണങ്ങൾ ഊരിവെക്കുന്നത് അവയുടെ തിളക്കം കൂടുതൽ കാലം നിലനിൽക്കാൻ സഹായിക്കും.


Click it and Unblock the Notifications
