ഫാന്‍സി ആഭരണങ്ങള്‍ കറുത്തു പോയോ; ഭംഗിയും നിറവും വീണ്ടെടുക്കാന്‍ ഈ സിമ്പിള്‍ ട്രിക്ക് പരീക്ഷിച്ചു നോക്കൂ
സര്‍ണത്തിന്റെ വില ഓരോ ദിവസവും കത്തിക്കയറുമ്പോള്‍ ഏതൊരാളും ആശ്രയിക്കുന്നത് ചെലവു കുറഞ്ഞ ഫാന്‍സി ആഭരണങ്ങളെയാണ്. പലപ്പോഴും വസ്ത്രത്തിന് ചേരും വിധമുള്ള ആഭരണങ്ങള്‍ ലഭിക്കുമെന്നതാണ് ഇതിന്റെ ഗുണം. അതില്‍ തന്നെ ഓക്‌സിഡൈസ് ആഭരണങ്ങളാണ് കൂടുതല്‍ പേര്‍ക്കും ഇഷ്ടം. കാരണം പരമ്പരാഗത വസ്ത്രത്തിനൊപ്പവും വെസ്‌റ്റേണ്‍ ഔട്ട്ഫിറ്റിനൊപ്പവും ഒരുപോലെ സ്‌റ്റൈല്‍ ചെയ്ത് ധരിക്കാം എന്നതാണ് ഈ ആഭരണങ്ങളുടെ ഗുണം.
പലപ്പോഴും ഇത്തരം ആഭരണങ്ങളുടെ പോരായ്മ വാങ്ങുന്ന സമയത്തെ നിറവും ഭംഗിയും പിന്നീട് കുറയും എന്നതാണ്. നിറം മങ്ങുന്നതാണ് ഇത്തരം ആഭരണങ്ങളുടെ പ്രശ്‌നം. പ്രത്യേകിച്ച് ഈര്‍പ്പമുള്ള അന്തരീക്ഷത്തില്‍ അവ സൂക്ഷിച്ചാല്‍ പെട്ടെന്ന് നിറം മങ്ങും. ഇതുകൂടാതെ ബോഡി ലോഷനുകള്‍, പെര്‍ഫ്യൂമുകള്‍, പൗഡര്‍, വിയര്‍പ്പ് എന്നിവ ഓക്‌സിഡൈസ്ഡ് ആഭരണങ്ങളെ ദോഷകരമായി ബാധിച്ചേക്കാം.

സൂര്യപ്രകാശം നേരിട്ട് അടിക്കുന്നതും ഓക്‌സിഡൈസ്ഡ് കമ്മലുകളുടെ നിറം മങ്ങാന്‍ കാരണമാകുന്നു. ഇത്തരം ആഭരണങ്ങള്‍ ഉപയോഗിച്ച ശേഷം വൃത്തിയാക്കുന്നത് അവയുടെ ആയുസ് വര്‍ധിപ്പിക്കും. വിയര്‍പ്പും മേക്കപ്പിന്റെ അവശിഷ്ടങ്ങളും തുടച്ചുമാറ്റി സൂര്യപ്രകാശം നേരിട്ട് ലഭിക്കാത്ത സ്ഥലങ്ങളില്‍ സൂക്ഷിച്ചുവയ്ക്കണം. പോറലുകളില്‍ നിന്ന് സംരക്ഷിക്കാനും നിറം മങ്ങുന്നത് തടയാനും വായു കടക്കാത്ത വിധം പ്രത്യേകം സിപ്പ്-ലോക്ക് പൗച്ചുകളില്‍ സൂക്ഷിക്കുന്നതും നല്ലതാണ്. കമ്മലുകള്‍ കൂടിക്കലര്‍ത്തി ഇടാതെ പ്രത്യേകം പ്രത്യേകം സൂക്ഷിക്കുക.
പാചകം, വര്‍ക്ക് ഔട്ട്, നീന്തല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ചെയ്യുമ്പോള്‍ ഫാന്‍സി ആഭരണങ്ങള്‍ ധരിക്കരുത്. കാരണം വിയര്‍പ്പും എണ്ണയും പറ്റുന്നത് ഇവയുടെ ഭംഗി കെടുത്തും. ഓക്‌സിഡൈസ്ഡ് ആഭരണങ്ങളുടെ ഭംഗി വീണ്ടെടുക്കാന്‍ വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ചില സിമ്പിള്‍ ടിപ്‌സ് ഇതാ:
ബേക്കിംഗ് സോഡയും വെള്ളവും തുല്യ അളവില്‍ ചേര്‍ത്ത് ഒരു പേസ്റ്റ് ഉണ്ടാക്കുക. മൃദുവായ തുണിയോ പഴയ ടൂത്ത് ബ്രഷോ ഉപയോഗിച്ച് ഈ പേസ്റ്റ് ആഭരണങ്ങളില്‍ പുരട്ടി സൗമ്യമായി ഉരയ്ക്കുക. വെള്ളം ഉപയോഗിച്ച് കഴുകി മൃദുവായ തുണി ഉപയോഗിച്ച് തുടയ്ക്കുക.
ഒരു പാത്രത്തില്‍ അലുമിനിയം ഫോയില്‍ നിരത്തി, ബേക്കിംഗ് സോഡ വിതറുക. അതിനു മുകളില്‍ ചൂടുവെള്ളം ഒഴിക്കുക. എന്നിട്ട് ആഭരണങ്ങള്‍ മുക്കിവയ്ക്കുക. ഇങ്ങനെ ചെയ്യുമ്പോള്‍ ആഭരണങ്ങളിലെ അഴുക്ക് നീങ്ങുകയും അവയുടെ തിളക്കം തിരികെ ലഭിക്കുകയും ചെയ്യും. ആഭരണങ്ങളിലെ നനവ് നീക്കാന്‍ ഉണങ്ങിയ തുണി കൊണ്ട് മൃദുവായി തുടയ്ക്കുക. ആഭരണങ്ങള്‍ ഒരു മൈക്രോഫൈബര്‍ തുണി ഉപയോഗിച്ച് മൃദുവായി പോളിഷ് ചെയ്യുന്നത് അതിന്റെ തിളക്കം പുനഃസ്ഥാപിക്കും. മൈക്രോഫൈബര്‍ തുണി ആഭരണങ്ങളില്‍ ശക്തിയായി ഉരസരുത്.












Click it and Unblock the Notifications