ഈ വെയിലത്ത് ദാഹമകറ്റാന്‍ മാത്രമല്ല; ത്വക്കിനും മുടിക്കും കരിമ്പിന്‍ ജ്യൂസ് ബെസ്റ്റ്
ഈ വേനല്‍ക്കാലത്ത് ഏറ്റവും കുളിര്‍മ പകരുന്ന പാനീയമാണ് കരിമ്പിന്‍ ജ്യൂസ്. കരിമ്പിന്‍ ജ്യൂസില്‍ ഒന്നോ രണ്ടോ ഐസ് കഷ്ണങ്ങള്‍ ചേര്‍ത്ത് കുടിക്കുമ്പോള്‍ കടുത്ത ചൂടില്‍ തളര്‍ന്ന ശരീരത്തിന് ആകെയൊരു തണുപ്പും ഊര്‍ജവും ലഭിക്കുന്നു. ശരീരത്തില്‍ ജലാംശം വര്‍ധിപ്പിക്കാനും ഇതു നല്ലതാണ്. ഒരു ഗ്ലാസ് കരിമ്പിന്‍ ജ്യൂസ് കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, ഇരുമ്പ്, സിങ്ക്, മഗ്‌നീഷ്യം, പൊട്ടാസ്യം, വിറ്റാമിനുകള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ്.
കരിമ്പിന്‍ നീര് ആരോഗ്യത്തിന് മാത്രമല്ല, സൗന്ദര്യ സംരക്ഷണത്തിനും ഒരു പോലെ ഗുണകരമാണെന്ന് പലര്‍ക്കും അറിയില്ല. കരിമ്പ് നീര് ചെറിയ അളവില്‍ പതിവായി കുടിക്കുന്നത് ചര്‍മ്മത്തിനും മുടിക്കും നല്ലതാണ്. കരിമ്പ് ജ്യൂസില്‍ കൂടുതല്‍ അടങ്ങിയിട്ടുള്ളത് പഞ്ചസാരയല്ല, 70 മുതല്‍ 75 ശതമാനം വരെ വെള്ളമാണ്.ഗ്ലൂക്കോസിന്റെ സ്വാഭാവിക ഉറവിടം കൂടിയായതിനാല്‍ നല്ലൊരു എനര്‍ജി ബൂസ്റ്റര്‍ കൂടിയാണിത്.

മുഖക്കുരു നിയന്ത്രിക്കാനും കറുത്ത പാടുകള്‍ അകറ്റാനും ചര്‍മ്മത്തിന്റെ ജലാംശം നിലനിര്‍ത്താനും കരിമ്പിന്‍ നീര് വളരെ നല്ലതാണ്. മുടിയുടെ വളര്‍ച്ചയ്ക്കും കരിമ്പിന്‍ ജ്യൂസ് സഹായിക്കുന്നു. അകാല വാര്‍ധക്യം തടയാനും അണുബാധയെ ചെറുക്കാനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഉപകരിക്കുന്ന കരിമ്പിന്‍ ജ്യൂസിനെ ആരും വേണ്ട വിധത്തില്‍ പ്രയോജനപ്പെടുത്താറില്ല.
ഫ്രഷായിട്ടുള്ള കരിമ്പിന്‍ ജ്യൂസില്‍ വിറ്റാമിന്‍ എ, ബി, സി, ഇ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം മുടി വളര്‍ച്ചയ്ക്ക് ഏറെ നല്ലതാണ്. കരിമ്പിന്‍ ജ്യൂസ് മുടിക്ക് നല്ലൊരു കണ്ടീഷണര്‍ കൂടിയാണ്. മുടി കൊഴിച്ചില്‍ തടയുന്നതിനൊപ്പം തലയോട്ടിക്ക് പോഷണവും നല്‍കുന്നു. മുടിയുടെ വരള്‍ച്ച മാറ്റി മിനുസമുള്ളതാക്കി മാറ്റാന്‍ കരിമ്പിന്‍ ജ്യൂസ് കുടിക്കുന്നത് പരിഗണിക്കാവുന്നതാണ്.
കരിമ്പിന്‍ നീര് മുഖത്ത് പുരട്ടുന്നതിലൂടെ മുഖക്കുരു പോലുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കും. കരിമ്പിന്‍ നീരില്‍ ആല്‍ഫ-ഹൈഡ്രോക്‌സി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. കരിമ്പിന്‍ നീര് മുഖത്ത് പുരട്ടുന്നതിലൂടെ കോശങ്ങള്‍ക്ക് പുനരുജ്ജീവനം ലഭിക്കുന്നു. ചര്‍മ്മ സുഷിരങ്ങളില്‍ അഴുക്ക് അടിഞ്ഞുകൂടുന്നത് തടയുകയും ചെയ്യുന്നു.
ചര്‍മ്മത്തെ മൃദുലമാക്കി നിലനിര്‍ത്താനും അകാല വാര്‍ധക്യത്തിന്റെ ലക്ഷണങ്ങള്‍ വൈകിപ്പിക്കാനും മികച്ച മാര്‍ഗമാണ് കരിമ്പിന്‍ നീര്. ഒരു കോട്ടണ്‍ ബോള്‍ ഉപയോഗിച്ച് ചര്‍മ്മത്തില്‍ കരിമ്പിന്‍ നീര് പുരട്ടി 10-15 മിനിറ്റിനു ശേഷം കഴുകിക്കളയാം. ഇതിലൂടെ ചര്‍മത്തിന് തണുപ്പും മിനുസവും ലഭിക്കുന്നു.
കരിമ്പിന്‍ ജ്യൂസ് തല്‍ക്ഷണം ഊര്‍ജം നല്‍കുന്ന പ്രകൃതിദത്തമായ പാനീയമാണ്. ദിവസം മുഴുവന്‍ ഉന്മേഷത്തോടെ ഇരിക്കാന്‍ ഒരു ഗ്ലാസ് കരിമ്പിന്‍ ജ്യൂസ് സഹായിക്കുന്നു. കൃത്രിമമായ എനര്‍ജി ഡ്രിങ്കുകള്‍ക്ക് മികച്ച ബദലാണ് കരിമ്പിന്‍ ജ്യൂസ്. ഛര്‍ദ്ദില്‍ ഒഴിവാക്കാന്‍ കരിമ്പിന്‍ ജ്യൂസില്‍ അല്‍പം ഇഞ്ചിനീര് ചേര്‍ത്ത് കുടിക്കുന്നത് നല്ലതാണ്. മഞ്ഞപ്പിത്തത്തിനുള്ള ചികിത്സയായും ഇത് ഉപയോഗിക്കാറുണ്ട്.
അതേസമയം, ഈ ചൂടത്ത് വഴിയരികില്‍ വില്‍ക്കുന്ന കരിമ്പിന്‍ ജ്യൂസ് വാങ്ങിക്കുടിക്കുമ്പോള്‍ ശ്രദ്ധിക്കുകയും വേണം. ശുദ്ധമായ വെള്ളമാണോ ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കണം. പ്രമേഹ രോഗികള്‍ കരിമ്പിന്‍ ജ്യൂസ് കുടിക്കുന്നതുമായി ബന്ധപ്പെട്ട് ഡോക്ടറുടെ ഉപദേശം തേടുകയും വേണം.












Click it and Unblock the Notifications