വായു മലിനീകരണത്തെ പ്രതിരോധിക്കാം; ശ്വാസകോശത്തെ സംരക്ഷിക്കുന്ന സൂപ്പര്‍ ഫുഡുകള്‍ ഇതാ
ശൈത്യകാലത്ത് ഇന്ത്യയിലെ പല നഗരങ്ങളിലും വായു മലിനീകരണം രൂക്ഷമാകാറുണ്ട്. പ്രത്യേകിച്ച് രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ എല്ലാ പരിധികളും ലംഘിച്ചാണ് വായു മലിനീകരണം രൂക്ഷമാകുന്നത്. ഈ കട്ടിയുള്ള പുക ശ്വാസകോശത്തെ ബാധിക്കുകയും ദീര്‍ഘകാല ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും. വായുവിനെ ശുദ്ധമാക്കാന്‍ ഭക്ഷണത്തിന് കഴിയില്ലെങ്കിലും, ശരിയായ ഡയറ്റ് ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തെ ശക്തിപ്പെടുത്തുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ചില പോഷകാഹാരങ്ങള്‍ വായു മലിനീകരണത്തെ നേരിടാന്‍ ശരീരത്തെ സഹായിക്കും.
പുകയിലെ സൂക്ഷ്മകണികകള്‍ ശ്വാസകോശങ്ങളിലേക്കു പ്രവേശിച്ച് അത് വീക്കത്തിന് കാരണമാകും. ആന്റിഓക്‌സിഡന്റ് അടങ്ങിയ ഭക്ഷണങ്ങള്‍ ദോഷകരമായ ഇത്തരം സൂക്ഷ്മകണികളെ നിര്‍വീര്യമാക്കാന്‍ സഹായിക്കും. സമീകൃതാഹാരം രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിച്ച് മലിനീകരണത്തെ ചെറുക്കാന്‍ ശരീരത്തെ സഹായിക്കും.
വിറ്റാമിന്‍ സി ശ്വാസകോശങ്ങള്‍ക്കും ശ്വാസനാളികള്‍ക്കും പ്രധാനപ്പെട്ട ആന്റിഓക്‌സിഡന്റാണ്. ഓറഞ്ച്, നെല്ലിക്ക, പേരക്ക, നാരങ്ങ, മധുരനാരങ്ങ എന്നിവ ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. കാപ്‌സിക്കം, തക്കാളി, ബ്രോക്കോളി പോലുള്ള പച്ചക്കറികളിലും വിറ്റാമിന്‍ സി ധാരാളമുണ്ട്. ഇവ ഇന്ത്യന്‍ കറികളിലും സാലഡുകളിലും ലഘുഭക്ഷണങ്ങളിലും എളുപ്പത്തില്‍ ചേര്‍ക്കാവുന്നതാണ്.

ചീര ഉള്‍പ്പെടെയുള്ള ഇലക്കറികളില്‍ വിറ്റാമിനുകള്‍, ധാതുക്കള്‍, സസ്യസംയുക്തങ്ങള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ക്യാരറ്റ്, ബീറ്റ്‌റൂട്ട്, മത്തങ്ങ എന്നിവ ബീറ്റാ കരോട്ടിനും മറ്റ് ആന്റിഓക്‌സിഡന്റുകളും നല്‍കുന്നു. പഴങ്ങളും പച്ചക്കറികളും അടങ്ങിയ ഭക്ഷണങ്ങള്‍ ശ്വാസകോശത്തിനും ഹൃദയത്തിനും മികച്ച പിന്തുണ നല്‍കുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു.
ഇന്ത്യന്‍ പാചകത്തിലെ പ്രധാന ചേരുവയാണ് ഔഷധ ഗുണങ്ങളുള്ള സുഗന്ധവ്യഞ്ജനങ്ങള്‍. മഞ്ഞളിലെ കുര്‍ക്കുമിന്‍ ശ്വാസകോശത്തിലെ വീക്കം കുറയ്ക്കാനും ശ്വസനം സുഗമമാക്കാനും സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. അതുപോലെ ഇഞ്ചി ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നമാണ്. ഇത് ശ്വാസനാളത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യാനും ശ്വാസകോശത്തെ ശുദ്ധീകരിക്കാനും ഉത്തമമാണ്. വെളുത്തുള്ളി, കുരുമുളക്, നെല്ലിക്ക എന്നിവയും പാചകത്തില്‍ ഉപയോഗിക്കുന്നത് ശ്വാസകോശത്തിന്റെ പരിചരണത്തിന് നല്ലതാണ്.
അണ്ടിപ്പരിപ്പുകളും വിത്തുകളും ശരീരത്തിന് വിറ്റാമിന്‍ ഇ, ആരോഗ്യകരമായ കൊഴുപ്പുകള്‍, പ്രോട്ടീന്‍ എന്നിവ നല്‍കുന്നു. ബദാം, വാല്‍നട്ട്, ഫ്‌ളാക്‌സ് സീഡുകള്‍, സൂര്യകാന്തി വിത്തുകള്‍ എന്നിവ ശ്വാസകോശ ഭിത്തികളെ നാശത്തില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കും. കടുക്, നിലക്കടല, റൈസ് ബ്രാന്‍ ഓയില്‍ എന്നിവയുടെ മിതമായ ഉപയോഗവും ആരോഗ്യത്തിന് നല്ലതാണ്.
വെള്ളം, ഔഷധ ചായകള്‍, പാനീയങ്ങള്‍ എന്നിവ കുടിക്കുന്നത് ശരീരത്തില്‍ ജലാംശം നിലനിര്‍ത്തി കഫം നേര്‍ത്തതാക്കാനും എളുപ്പത്തില്‍ പുറന്തള്ളാനും സഹായിക്കും. പകല്‍ ശുദ്ധമായ വെള്ളം പ്രധാന പാനീയമായി കുടിക്കുക. തുളസി, ഇരട്ടിമധുരം, ഇഞ്ചി ചേര്‍ത്ത ചൂടുള്ള ചായകള്‍ തൊണ്ടയ്ക്ക് ആശ്വാസം നല്‍കാം.
ഭക്ഷണം മാ്രതമല്ല, വായു മലിനീകരണത്തെ നേരിടാന്‍ ശരിയായ മാസ്‌കുകള്‍ ധരിക്കുക, കടുത്ത പുകയുള്ളപ്പോള്‍ ജനലുകള്‍ അടച്ചിടുക, എയര്‍ പ്യൂരിഫയറുകള്‍ ഉപയോഗിക്കുക എന്നിവ പ്രധാനമാണ്. ഒഴിവ് സമയങ്ങളില്‍ വ്യായാമം ചെയ്യുന്നത് ശ്വാസകോശത്തിന് ഗുണം ചെയ്യും.


Click it and Unblock the Notifications