പുതിയ ഉടുപ്പിട്ടാൽ പണി കിട്ടുമോ? തിളങ്ങുന്ന വസ്ത്രങ്ങൾക്കുള്ളിലെ 'അപകടം'
പുതുപുത്തൻ വസ്ത്രങ്ങൾ വാങ്ങിയ ഉടൻ തന്നെ അത് ധരിക്കാനാണ് നമുക്കെല്ലാവർക്കും തിടുക്കം. എന്നാൽ വസ്ത്രങ്ങൾ നിർമ്മിക്കപ്പെടുന്ന ഫാക്ടറികൾ മുതൽ അവ നമ്മുടെ കൈകളിൽ എത്തുന്ന കടകൾ വരെയുള്ള യാത്രയിൽ നിരവധി രാസവസ്തുക്കളുമായും പൊടിപടലങ്ങളുമായും അവ സമ്പർക്കത്തിൽ വരുന്നുണ്ട്. വസ്ത്രങ്ങളുടെ നിറം നിലനിർത്താനും, ചുളിവുകൾ വീഴാതിരിക്കാനും, ഈട് വർദ്ധിപ്പിക്കാനും നിർമ്മാണ വേളയിൽ മാരകമായ പല രാസവസ്തുക്കളും ഉപയോഗിക്കുന്നു. ഇതിൽ പ്രധാനപ്പെട്ട ഒന്നാണ് ഫോർമാൽഡിഹൈഡ് (Formaldehyde). വസ്ത്രങ്ങളിലെ ചുളിവുകൾ തടയാൻ ഉപയോഗിക്കുന്ന ഈ രാസവസ്തു ചർമ്മത്തിൽ ഗുരുതരമായ അലർജികൾക്കും ചൊറിച്ചിലിനും കാരണമാകും.
രോഗാണുക്കളുടെ സാന്നിധ്യം
ഫാക്ടറികളിലെ മെഷീനുകളിലൂടെയും പലതരം അന്തരീക്ഷത്തിലൂടെയും കടന്നുവരുന്ന വസ്ത്രങ്ങളിൽ ബാക്ടീരിയകളുടെയും ഫംഗസുകളുടെയും സാന്നിധ്യം ഉണ്ടാകാൻ സാധ്യത കൂടുതലാണ്. നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ പുറത്തുവിട്ട പഠനങ്ങൾ പ്രകാരം, പുതിയ വസ്ത്രങ്ങളിൽ സ്റ്റാഫൈലോകോക്കസ് (Staphylococcus) പോലുള്ള അപകടകാരികളായ ബാക്ടീരിയകൾ കാണപ്പെടാറുണ്ട്. ഇവ ചർമ്മത്തിലെ സുഷിരങ്ങളിലൂടെ ശരീരത്തിനകത്ത് പ്രവേശിക്കുന്നത് അണുബാധകൾക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും വഴിവെക്കും. കൂടാതെ, കടകളിൽ വസ്ത്രങ്ങൾ ട്രയൽ നോക്കുന്ന സമയത്ത് മറ്റൊരാളിൽ നിന്ന് പകരാവുന്ന രോഗാണുക്കളും വസ്ത്രങ്ങളിൽ പറ്റിപ്പിടിച്ചിരിക്കാം.

ചർമ്മരോഗങ്ങളും ശ്വാസകോശ പ്രശ്നങ്ങളും
പുതിയ വസ്ത്രങ്ങളിലെ രാസ ചായങ്ങൾ (Azo-dyes) ചർമ്മവുമായി നേരിട്ട് സമ്പർക്കത്തിൽ വരുമ്പോൾ 'കോൺടാക്റ്റ് ഡെർമറ്റൈറ്റിസ്' (Contact Dermatitis) പോലുള്ള അലർജി രോഗങ്ങൾ ഉണ്ടാകാം. ചർമ്മം ചുവന്നു തടിക്കുക, അസഹനീയമായ ചൊറിച്ചിൽ എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്. ചിലരിൽ ഈ രാസവസ്തുക്കളുടെ മണം ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകൾക്കും കാരണമാകാറുണ്ട്.
എന്താണ് പ്രതിവിധി?
പുതിയ വസ്ത്രങ്ങൾ വാങ്ങി വീട്ടിലെത്തിച്ചാൽ ഉടൻ തന്നെ അവ സോപ്പോ ഡിറ്റർജന്റോ ഉപയോഗിച്ച് നന്നായി കഴുകണം. കഴുകിയ ശേഷം നേരിട്ട് സൂര്യപ്രകാശമേൽക്കുന്ന രീതിയിൽ വെയിലത്തിട്ട് ഉണക്കിയെടുക്കുന്നത് രോഗാണുക്കളെ നശിപ്പിക്കാൻ സഹായിക്കും. പ്രത്യേകിച്ച് കൊച്ചുകുട്ടികളുടെ കാര്യത്തിൽ ഈ മുൻകരുതൽ അത്യാവശ്യമാണ്. അവരുടെ ചർമ്മം വളരെ സെൻസിറ്റീവ് ആയതിനാൽ രാസവസ്തുക്കൾ പെട്ടെന്ന് പ്രതിപ്രവർത്തിക്കാൻ സാധ്യതയുണ്ട്. അതിനാൽ, പുതിയ വസ്ത്രങ്ങൾ കഴുകി വൃത്തിയാക്കിയ ശേഷം മാത്രം ധരിക്കാൻ ശ്രദ്ധിക്കുക.












Click it and Unblock the Notifications