പപ്പായ വിത്ത് കഴിക്കുന്നത് കൊണ്ട് എന്തെങ്കിലും ഗുണമുണ്ടോ..? വ്യാജ വീഡിയോകളില്‍ വീഴല്ലേ
സോഷ്യല്‍ മീഡിയയുടെ സ്വാധീനം ഇന്നത്തെ കാലത്ത് ഊഹിക്കാവുന്നതിലും അപ്പുറമാണ്. അതിനാല്‍ തന്നെ ആളുകളുടെ ജീവിതത്തില്‍ സംഭവിക്കുന്ന നല്ലതും ചീത്തയുമായ എല്ലാ കാര്യങ്ങളിലും സോഷ്യല്‍ മീഡിയയ്ക്ക് പങ്കുണ്ട്. പലതരത്തിലുള്ള ഹാക്കുകളാല്‍ സമ്പന്നമാണ് ഇന്ന് ഇന്റര്‍നെറ്റ് ലോകം. പലതും വ്യാജമോ തട്ടിപ്പോ അര്‍ധസത്യങ്ങളോ ആയിരിക്കും. എന്നാല്‍ ഇതൊന്നും മനസിലാക്കാതെ ഇതിലേക്ക് എടുത്ത് ചാടുന്നവര്‍ നിരവധിയാണ്.
പ്രകൃതിദത്തമായ എല്ലാം സുരക്ഷിതമല്ല എന്നാണ് ഇതില്‍ ആദ്യം ഓര്‍ക്കണ്ടത്. പ്രകൃതിദത്തമായ മാര്‍ഗങ്ങള്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ അതിലേക്ക് കൂപ്പുകുത്തി വീഴുന്നവരാണ് പലരും. സൗന്ദര്യ സംരക്ഷണത്തിനും ആരോഗ്യ സംരക്ഷണത്തിനും കേശ സംരക്ഷണത്തിനുമെല്ലാം പല വിധത്തിലുള്ള ഹാക്കുകളാലും ടിപ്‌സുകളാലും സമ്പന്നമാണ് സോഷ്യല്‍ മീഡിയ എന്ന് പറയേണ്ടതില്ലല്ലോ.

ഇത്തരം തട്ടിപ്പ് വിവരങ്ങള്‍ വൈറലാകാന്‍ അധികം സമയം ആവശ്യമില്ല എന്നതാണ് ശ്രദ്ധേയം. പപ്പായ വിത്ത് കഴിക്കുന്നതിന്റെ വിവിധ ആരോഗ്യ ഗുണങ്ങള്‍ അവകാശപ്പെടുന്ന അത്തരത്തിലുള്ള ഒരു ഉപദേശം ഇന്റര്‍നെറ്റില്‍ വൈറലാകുകയാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ പപ്പായ വിത്ത് ആരോഗ്യത്തിന് നല്ലതല്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്.
ആര്‍ത്തവത്തെ പ്രേരിപ്പിക്കുന്നതിനും അനാവശ്യ ഗര്‍ഭധാരണം പരിഹരിക്കുന്നതിനും ഹോര്‍മോണ്‍ ബാലന്‍സ് പുനഃസ്ഥാപിക്കുന്നതിനും പപ്പായ വിത്തുകള്‍ നല്ലതാണ് എന്ന് അവകാശപ്പെടുന്ന നിരവധി വീഡിയോകള്‍ ഇന്ന് പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇത് ശരിയല്ല എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. തെളിയിക്കപ്പെട്ട ഗുണങ്ങളൊന്നുമില്ലെന്ന് മാത്രമല്ല പപ്പായ വിത്ത് കഴിക്കുന്നത് ഒന്നിലധികം ദോഷഫലങ്ങള്‍ക്കും കാരണമാകും.
പപ്പായ വിത്ത് കഴിക്കുന്നത് പുരുഷന്മാരിലെ ബീജത്തിന് കേടുപാടുകള്‍ വരുത്തും. ബീജത്തിന്റെ എണ്ണം പൂര്‍ണ്ണമായി നഷ്ടപ്പെടുന്ന അസോസ്പെര്‍മിയ എന്ന അവസ്ഥയിലേക്ക് ഇത് നയിക്കും. പപ്പായ വിത്ത് കരള്‍ കോശങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും ഡി എന്‍ എ നശിപ്പിക്കുകയും സിറോസിസിലേക്ക് നയിക്കുന്ന ദീര്‍ഘകാല കരള്‍ ആഘാതത്തിന് കാരണമാകുകയും ചെയ്യും.
പപ്പായ വിത്ത് കഴിക്കുന്നത് ഗര്‍ഭ നിരോധന മാര്‍ഗ്ഗമായി പ്രവര്‍ത്തിക്കുമെന്നത് ഒരു മിഥ്യയാണ്. ഗര്‍ഭനിരോധനത്തിനോ മറ്റേതെങ്കിലും കാരണത്തിനോ അവ കഴിക്കുന്നത് നല്ലതല്ല. പപ്പായ വിത്തുകള്‍ ഗര്‍ഭാശയത്തെ ദോഷകരമായി ബാധിച്ചേക്കാം. പഴുത്ത പപ്പായ കഴിക്കുന്നത് ഗര്‍ഭ കാലത്ത് നല്ലതാണ്. പപ്പായ വിത്തുകളും പപ്പായയും ആര്‍ത്തവത്തെ പ്രേരിപ്പിക്കുന്നില്ല. പപ്പായ കഴിക്കുന്നത് കൊണ്ട് യാതൊരു കുഴപ്പവുമില്ല. പക്ഷേ വിത്തുകള്‍ ഒരു രൂപത്തിലും കഴിക്കരുത്.












Click it and Unblock the Notifications