ഫ്രെഞ്ച് ഫ്രൈസും വൈറ്റ് ബ്രെഡും കഴിക്കാറുണ്ടോ? എങ്കില്‍ ഉടന്‍ വൃദ്ധരാകും
അകാലവാര്‍ധക്യം ഇന്നത്തെ കാലത്ത് പലരും നേരിടുന്ന ഒരു അവസ്ഥയാണ്. 30 ആകുമ്പോഴേക്കും മുടി നരയ്ക്കുന്നതും ചര്‍മ്മം ചുളിയുന്നതും സന്ധിവേദന അനുഭവപ്പെടുന്നതുമെല്ലാം ഇന്ന് സര്‍വസാധാരണമായിരിക്കുന്നു. പ്രായമാകല്‍ സ്വാഭാവികമായ ഒരു പ്രക്രിയയാണെങ്കിലും അതിന്റെ വേഗത അത്ര പെട്ടെന്നല്ല എന്ന് മനസിലാക്കേണ്ടതുണ്ട്. അകാല വാര്‍ധക്യത്തിലേക്ക് നയിക്കുന്ന നിരവധി ഘടകങ്ങളുണ്ട്.
ജീവിതശൈലി, മരുന്നുകളുടെ ഉപയോഗം, ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം, അനാരോഗ്യകരമായ ഭക്ഷണം, ഉറക്കമില്ലായ്മ, മാനസിക സമ്മര്‍ദ്ദം എന്നിവയെല്ലാം അകാല വാര്‍ധക്യത്തിന് കാരണമാകും. മൊത്തത്തിലുള്ള ആരോഗ്യത്തിന് ഏറ്റവും പ്രധാനം പോഷകാഹാമാണ്. ചില ഭക്ഷണങ്ങള്‍ പ്രായമാകല്‍ പ്രക്രിയയെ ത്വരിതപ്പെടുത്തിയേക്കും അത്തരം ഭക്ഷണ പദാര്‍ത്ഥങ്ങളെ കുറിച്ച് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്.

പഞ്ചസാര
അമിതമായ പഞ്ചസാര ഉപയോഗം ഗ്ലൈക്കേഷനിലേക്ക് നയിച്ചേക്കാം. പഞ്ചസാര പ്രോട്ടീനുകളുമായി ബന്ധിപ്പിക്കുന്ന ഒരു പ്രക്രിയയാണ് ഇത്. യുവത്വമുള്ള ചര്‍മ്മത്തിന് ആവശ്യമായ കൊളാജന്‍, എലാസ്റ്റിന്‍ എന്നിവ ഗ്ലൈക്കേഷന്‍ നശിപ്പിക്കും. മധുരപലഹാരങ്ങള്‍, എനര്‍ജി ഡ്രിങ്കുകള്‍, സോഡകള്‍ തുടങ്ങിയ ഉയര്‍ന്ന പഞ്ചസാര ഭക്ഷണങ്ങളും പാനീയങ്ങളും ഗ്ലൈക്കേഷനില്‍ കലാശിക്കും. ഇതുവഴി നിര്‍ജലീകരണം അനുഭവപ്പെടുകയും ചര്‍മ്മത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.
സംസ്‌കരിച്ച മാംസങ്ങള്‍
പ്രഭാതഭക്ഷണത്തിന് കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് വാര്‍ധക്യത്തെ ത്വരിതപ്പെടുത്തും. സംസ്‌കരിച്ച മാംസങ്ങളായ ഹാം, ബേക്കണ്‍, സോസേജുകള്‍, ഡെലി മീറ്റ്‌സ് എന്നിവയില്‍ പലപ്പോഴും നൈട്രേറ്റുകളും പ്രിസര്‍വേറ്റീവുകളും അടങ്ങിയിട്ടുണ്ട്, ഇത് ചര്‍മ്മത്തിന്റെ ഇലാസ്തികത കുറയ്ക്കുകയും വീക്കം ഉണ്ടാക്കുകയും ചെയ്യുന്നു. ഹൃദ്രോഗം, പക്ഷാഘാതം, പ്രമേഹം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഇത് കാരണമാകും.
വൈറ്റ് ബ്രഡ്
സാന്‍ഡ്വിച്ചുകള്‍ പോലുള്ള ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നത് അകാല വാര്‍ധക്യത്തെ വിളിച്ച് വരുത്തും. ഉയര്‍ന്ന ഗ്ലൈസെമിക് സൂചിക ഉള്ള വൈറ്റ് ബ്രെഡ് രക്തത്തിലെ പഞ്ചസാരയുടെ വര്‍ധനവിന് കാരണമാകും. ഇത് ഗ്ലൈക്കേഷനും ത്വരിതഗതിയിലുള്ള വാര്‍ധക്യത്തിനും കാരണമാകും.
ഫ്രെഞ്ച് ഫ്രൈസ്
നിരുപ്രദവം എന്ന് നമ്മള്‍ കരുതപ്പെടുന്ന ഫ്രെഞ്ച് ഫ്രൈസ് അകാല വാര്‍ധക്യം ത്വരിതപ്പെടുത്തിയേക്കും. എണ്ണയില്‍ വറുത്ത ഭക്ഷണങ്ങള്‍ പ്രായമാക്കല്‍ വേഗത്തിലാക്കും. അത്തരം എണ്ണയില്‍ വറുത്ത ഭക്ഷണം ഫ്രീ റാഡിക്കലുകളെ പ്രോത്സാഹിപ്പിക്കുന്നു. ഇത് നിങ്ങളുടെ കോശങ്ങളിലെ മറ്റ് തന്മാത്രകളെ നശിപ്പിക്കുന്നു. ഫ്രെഞ്ച് ഫ്രൈസ് ശരീരത്തിന് നാശം വിതച്ചേക്കാവുന്ന ഒരു അഡ്വാന്‍സ്ഡ് ഗ്ലൈക്കേഷന്‍ എന്‍ഡ് പ്രോഡക്ട്‌സ് ഭക്ഷണമാണ്.
കോഫി
കാപ്പിക്കുരുവില്‍ കാണപ്പെടുന്ന ഒരു പദാര്‍ത്ഥമായ കഫീന്‍ പ്രായമാകുന്നതിന് കാരണമാകുന്നു. മിതമായ കഫീന്‍ നല്ലതാണെങ്കിലും അമിതമായ ഉപയോഗം ചര്‍മ്മത്തെ നിര്‍ജ്ജലീകരിക്കുകയും ഉറക്കത്തെ തടസപ്പെടുത്തുകയും ചെയ്യും. നല്ല ഉറക്കം ചര്‍മ്മത്തിന്റെ പുനരുദ്ധാരണത്തിനും പുതുക്കലിനും അത്യന്താപേക്ഷിതമാണ്.












Click it and Unblock the Notifications