ദിവസവും രാത്രിയില്‍ വൈന്‍ കുടിച്ചാല്‍ എന്ത് സംഭവിക്കും..? ആരോഗ്യത്തിന് നല്ലതോ ചീത്തയോ?
വൈന്‍, വീഞ്ഞ് എന്നിവ പുരാതന കാലം തൊട്ടേ മനുഷ്യരുടെ ഭക്ഷണശീലത്തിന്റെ ഭാഗമാണ്. വൈന്‍ ഉള്‍പ്പെടെ പലതരത്തിലുള്ള മദ്യം നൂറ്റാണ്ടുകളായി ആളുകളുടെ സായാഹ്ന ദിനചര്യകളുടെ ഭാഗമാണ്. അതിനാല്‍ തന്നെ അത് ഉടന്‍ പൂര്‍ണമായി ഇല്ലാതാകുമെന്ന് കരുതാനുമാകില്ല. മദ്യപാനം ആരോഗ്യത്തിന് അനുകൂലമാണ് എന്ന് പല പഠനങ്ങളും പറയുന്നുണ്ട് എന്നാണ് ഈറ്റിംഗ് വെല്‍ എന്ന വെബ്‌സൈറ്റ് പറയുന്നത്.
എന്നാല്‍ ഇത് മിതമായി ഉപയോഗിക്കണം എന്ന് മാത്രം. അമിതമായാല്‍ മദ്യപാനം എത്രത്തോളം അപകടകരമാണ് എന്ന് പറയേണ്ടതില്ലല്ലോ. മിതമായ അളവിലുള്ള വൈന്‍ ഉപഭോഗം ശരീരത്തെ എങ്ങനെ ബാധിക്കും എന്ന് നമുക്ക് നോക്കാം. വീഞ്ഞിന്റെ ഹൃദയാരോഗ്യ ഗുണങ്ങളെക്കുറിച്ച് പലതരത്തിലുള്ള ഗവേഷണങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. വീഞ്ഞിലെ ആന്റിഓക്സിഡന്റ് സംയുക്തങ്ങള്‍ വീക്കം, ഓക്സിഡേറ്റീവ് സമ്മര്‍ദ്ദം എന്നിവ കുറയ്ക്കാന്‍ സഹായിക്കും.

ഇത് രക്തപ്രവാഹം, കൊറോണറി ഹൃദ്രോഗം, സ്‌ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കും എന്നാണ് പറയപ്പെടുന്നത്. കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം എന്നിവയുടെ അളവ് മെച്ചപ്പെടുത്തുന്നതിനും ഹൃദയാഘാത സാധ്യത കുറയ്ക്കുന്നതിനും വീഞ്ഞ് സഹായിക്കുമത്രേ. എന്നാല്‍ പരിധിയേക്കാള്‍ കൂടുതല്‍ കുടിക്കുന്നത് ഹൃദയസംബന്ധമായ ആരോഗ്യം വഷളാക്കുന്നതിന് കാരണമാകും.
അതിനാല്‍ ഇത് കുടിക്കുകയാണെങ്കില്‍, നിങ്ങളുടെ ഉപഭോഗം പരമാവധി മിതമായി നിലനിര്‍ത്തുന്നു എന്നത് ഉറപ്പാക്കണം. കുടലിന്റെ ആരോഗ്യം നമ്മുടെ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് പ്രധാനമാണ് എന്ന് അറിയാമല്ലോ. രോഗപ്രതിരോധ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുന്നത് മുതല്‍ ചില തരത്തിലുള്ള ക്യാന്‍സറിനെ അകറ്റി നിര്‍ത്തുന്നത് വരെ കുടലിന് വലിയ പങ്ക് വഹിക്കാനാകും.
റെഡ് വൈന്‍ കുടിക്കുന്നവര്‍ക്ക് മറ്റ് തരത്തിലുള്ള മദ്യം കഴിക്കുന്നവരേക്കാള്‍ വൈവിധ്യമാര്‍ന്ന മൈക്രോബയോം ഉണ്ടെന്ന് ഒരു പഠനം പറയുന്നു. മുന്തിരിയുടെ തൊലിയില്‍ കാണപ്പെടുന്ന ആന്റിഓക്സിഡന്റുകളാണ് ഇതിന് കാരണമെന്ന് ഗവേഷകര്‍ പറയുന്നു. വീഞ്ഞിന്റെ മിതമായ ഉപഭോഗം അന്നനാളം, ഗ്യാസ്ട്രിക് ക്യാന്‍സര്‍ എന്നിവയ്ക്കെതിരെ ഒരു സംരക്ഷണം തരും എന്നാണ് പറയുന്നത്.
മിതമായ വൈന്‍ ഉപഭോഗം വൃക്കസംബന്ധമായ ക്യാന്‍സറും തൈറോയ്ഡ് ലിംഫോമയും കുറയ്ക്കുമെന്ന് മറ്റൊരു സമീപകാല പഠനം കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ പാന്‍ക്രിയാറ്റിക്, പ്രോസ്റ്റേറ്റ്, കരള്‍, സ്തനാര്‍ബുദം എന്നിവയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നും ഇതേ പഠനം പറയുന്നു. ചുരുക്കത്തില്‍ മിതമായതോ അമിതമായതോ ആയ വൈന്‍ ഉപയോഗം ഒരേസമയം ഗുണവും ദോഷവും ഉണ്ടാക്കുന്നുണ്ട്.
എല്ലാ ദിവസവും രാത്രിയില്‍ ഒരു ഗ്ലാസ് വൈന്‍ കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് തറപ്പിച്ച് പറയാന്‍ കൂടുതല്‍ ഗവേഷണം ആവശ്യമാണ് എന്നാണ് ഈ വെബ്‌സൈറ്റ് പറയുന്നത്. എങ്കിലും മിതമായ അളവില്‍ ഉപഭോഗം നിലനിര്‍ത്താന്‍ സാധിച്ചാല്‍ ആരോഗ്യത്തിന് ചില നേട്ടങ്ങള്‍ ഉണ്ടായേക്കാം എന്ന് തന്നെയാണ് ഗവേഷണങ്ങള്‍ പറയുന്നത്.
അതേസമയം കുടിച്ചില്ല എന്നത് കൊണ്ട് മാത്രം ഈ രോഗങ്ങളില്‍ നിന്ന് മുക്തി നേടാം എന്നും പറയാനൊക്കില്ല. നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കുന്നതിന് ആരോഗ്യകരമായ ഭക്ഷണരീതി, ശാരീരിക പ്രവര്‍ത്തനങ്ങള്‍ എന്നിവയുള്‍പ്പെടെ ഉള്ള ജീവിതശൈലി ഏറ്റവും പ്രധാനമാണെന്ന് ഓര്‍മ്മിക്കണം.












Click it and Unblock the Notifications