വയറിലെ 'ഗ്യാസ്' വില്ലനാകുന്നുണ്ടോ ? പയറ്റി നോക്കാം ഈ പൊടിക്കൈകൾ
വയറിലെ ഗ്യാസ് എന്ന ഗ്യാസ്ട്രൈറ്റിസ് മിക്കവരുടെയും ജീവിതത്തിൽ ഒരു പ്രധാന വില്ലനാണ്. അനുബന്ധമായി ചിലർക്ക് അസിഡിറ്റിയുടെ പ്രശ്നങ്ങളും കണ്ടു വരാറുണ്ട്. പലരെയും ഗ്യാസ് വിട്ടൊഴിഞ്ഞ നേരം കാണാറില്ല. എന്നാൽ ചിലർക്ക് ഇത് ഭക്ഷണ ശീലങ്ങളിലോ ഉറക്കത്തിലോ എന്തെങ്കിലും മാറ്റം വരുമ്പോഴോ സ്ത്രീകളിൽ പീരിയഡ്സ് വരുന്നതിനു മുന്നോടിയായിട്ടോ ഒക്കെ വരാറുണ്ട്. വയറു വേദന, തലവേദന, മലബന്ധം, വയറു വീർക്കുക, നെഞ്ചെരിച്ചൽ തുടങ്ങി പലർക്കും പല ലക്ഷണങ്ങളും കണ്ടു വരാറുണ്ട്.

സാധാരണയായി ചില ഭക്ഷണ സാധനങ്ങൾ കഴിക്കുന്നത് ഗ്യാസിന് കാരണമാകാറുണ്ട്. കപ്പ, ചെറുപയർ, ചില കിഴങ്ങു വർഗങ്ങൾ, ചക്ക എന്നിങ്ങനെ നീളുന്നു ആ ലിസ്റ്റ്. എന്നാൽ ചിലപ്പോൾ നമ്മൾ കഴിച്ച എന്തെങ്കിലും മരുന്നുകളുടെ സൈഡ് എഫക്ട് ആയും ഗ്യാസ് വറാറുണ്ട്. സ്ട്രെസ്, ഉറക്കക്കുറവ്, ദഹനം കൃത്യമായി നടക്കാത്തത് എന്നിങ്ങനെ പല കാരണങ്ങൾ കൊണ്ടും ഗ്യാസ് വരാറുണ്ട്. ചില രോഗങ്ങൾക്ക് മുന്നോടിയായി ഗ്യാസ് വരാറുണ്ട്.
പലരും ഇത്തരം അവസരങ്ങളിൽ ഗ്യാസ്ട്രോ എന്ററോളജിസ്റ്റിനെ കണ്ട് പരിഹാരം തേടുകയാണ് ചെയ്യാറുള്ളത്. എന്നാൽ ചെറിയ ചില പൊടിക്കൈകൾ പരീക്ഷിച്ചു നോക്കുകയും ചില ജീവിത ശീലങ്ങളിൽ മാറ്റം വരുത്തുകയും ചെയ്താൽത്തന്നെ ഒരു പരിധി വരെ പരിഹരിക്കാം. അവയേതൊക്കെയാണെന്ന് നോക്കാം. ആദ്യം ഭക്ഷണം നല്ല രീതിയിൽ ഭക്ഷണം കഴിക്കുക എന്ന ശീലം ഉണ്ടാക്കിയെടുക്കണം. കൃത്യമായി ഭക്ഷണം കഴിക്കുന്നത് അമിതമായി വായു വയറിനുള്ളിൽ കടക്കുന്നത് തടയും. അത് പോലെ ഭക്ഷണം കഴിക്കുമ്പോൾ നന്നായി ചവച്ചരച്ച് തന്നെ കഴിക്കുക. ഭക്ഷണം കഴിക്കുമ്പോൾ സംസാരം നന്നേ കുറയ്ക്കുക.
ഗ്യാസ് ഉള്ളവർ കൊക്കോ കോള ഉൾപ്പെടെയുള്ള കാർബണേറ്റഡ് ഡ്രിങ്ക്സ് ഒഴിവാക്കുക. ചായയും കാപ്പിയും പറ്റാവുന്നത്ര കുറക്കുക. നാരുകൾ അടങ്ങിയ ഭക്ഷണം ചായയ്ക്കും കാപ്പിക്കും ഒപ്പം കഴിക്കുന്നതും ഗ്യാസ് ഉണ്ടാക്കും. ഫൈബർ ശരീരത്തിന് നല്ലതാണെങ്കിലും ഒരു പരിധിയിൽക്കൂടുതൽ കഴിക്കുന്നത് ഗ്യാസ് ഉണ്ടാവാൻ കാരണമാകും.
ഭക്ഷണം കഴിച്ചയുടൻ അമിതമായി വിയർക്കുന്ന തരത്തിലുള്ള ശാരീരിക പ്രവർത്തനങ്ങൾ ഒഴിവാക്കുക. സ്ട്രെസ് പരമാവധി കുറയ്ക്കാൻ മെഡിറ്റേഷനുകൾ നോക്കുക. നന്നായി ഉറങ്ങാനും ശ്രമിക്കുക. രാത്രിയിൽ അമിതമായി ഭക്ഷണം കഴിക്കരുത്. കൂടുതൽ കൊഴുപ്പുള്ള ഭക്ഷണങ്ങളും രാത്രിയിലെ ഡയറ്റിൽ ഉൾപ്പെടുത്താതിരിക്കുക. അതും നേരത്തെ തന്നെ രാത്രി കാലങ്ങളിൽ ഭക്ഷണം കഴിക്കണം. ചെറുപയർ, മറ്റു പരിപ്പു വർഗങ്ങൾ എന്നിവ മുളപ്പിച്ച് വേവിച്ച് മാത്രം കഴിക്കുക.












Click it and Unblock the Notifications