വൃക്കയിലെ കല്ല് കൊണ്ട് സഹികെട്ടോ..!!? തേങ്ങാ വെള്ളം നിങ്ങളെ സഹായിക്കും
തേങ്ങ വെള്ളം കുടിക്കാത്തവര്‍ വിരളമായിരിക്കും. തേങ്ങ പൊട്ടിക്കുമ്പോള്‍ തേങ്ങാ മുറിയില്‍ വെച്ച് തന്നെ അതിന്റെ വെള്ളം കുടിക്കുന്നവരാണ് നമ്മളില്‍ പലരും. തേങ്ങാ വെള്ളം നിരവധി പോഷകങ്ങള്‍ നിറഞ്ഞതാണ്. അതിനാല്‍ തന്നെ ഇത് നമ്മുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു. വേനല്‍ക്കാലത്ത് ചൂട് കൂടുമ്പോള്‍ പലരും കുടിക്കുന്ന ജലാംശം നല്‍കുന്ന പാനീയങ്ങളില്‍ ഒന്നാണിത്.
ആരോഗ്യകരവും ഉന്മേഷദായകവുമായ പാനീയം തേടുകയാണെങ്കില്‍ തേങ്ങാവെള്ളം ഒരു മികച്ച ഓപ്ഷനാണ് എന്നതില്‍ സംശയമില്ല. യുഎസ് നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച 2015 ലെ ഒരു പഠനത്തില്‍ പ്രമേഹമുള്ള എലികളില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ തേങ്ങാ വെള്ളത്തിന് കഴിയുമെന്ന് കണ്ടെത്തിയിരുന്നു. മനുഷ്യരില്‍ തേങ്ങ വെള്ളം എങ്ങനെയൊക്കെയാണ് ഫലപ്രദമാകുന്നത് എന്ന് നോക്കാം.

കുറച്ച് കലോറിയും കുറഞ്ഞ പഞ്ചസാരയും ഉള്ള മികച്ച ജലാംശം നല്‍കുന്ന ഒന്നാണ് തേങ്ങാവെള്ളം. അവശ്യ ഇലക്ട്രോലൈറ്റുകളാല്‍ സമ്പുഷ്ടമാണ് ഇത്. ശരീരത്തിലെ ദ്രാവക സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിന് ഇത് നിര്‍ണായകമാണ്. അത്‌ലറ്റുകളെപ്പോലെ അമിതമായി വിയര്‍ക്കുന്നവര്‍ക്കും ചൂടുള്ള അന്തരീക്ഷത്തില്‍ കഴിയുന്നവര്‍ക്കും ഇത് ഗുണം ചെയ്യും എന്ന് പ്രത്യേകം പറയേണ്ടല്ലോ. ഇതല്ലാതെ തേങ്ങാ വെള്ളത്തിനുള്ള മറ്റ് ഗുണങ്ങള്‍ എന്തൊക്കെയാണ് എന്ന് നോക്കാം.
തേങ്ങാവെള്ളം ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും. ആന്റിഓക്സിഡന്റുകളുടെ നല്ല ഉറവിടമായതിനാല്‍ ചര്‍മ്മത്തിലുണ്ടാകുന്ന നേര്‍ത്ത വരകളെക്കുറിച്ചും ചുളിവുകളെക്കുറിച്ചും നിങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല. ചര്‍മ്മത്തെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുന്നതിന് തേങ്ങാ വെള്ളത്തിലെ ആന്റിഓക്സിഡന്റുകള്‍ സഹായിക്കും. ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിന്‍ സി, ഇ എന്നിവയും ഇതില്‍ അടങ്ങിയിട്ടുണ്ട്
വൃക്കയിലെ കല്ല് തടയാന്‍ ധാരാളം വെള്ളം വേണം എന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. തേങ്ങാവെള്ളവും കുടിക്കുന്നത് മൂത്രത്തിന്റെ അളവ് വര്‍ധിപ്പിക്കുകയും കല്ലുകള്‍ ഉണ്ടാക്കുന്ന ധാതുക്കളുടെ സാന്ദ്രത നേര്‍പ്പിക്കുകയും ചെയ്യും. ഇത് വഴി വൃക്കയിലെ കല്ലുകള്‍ തടയാന്‍ സഹായിക്കും. തേങ്ങാ വെള്ളത്തില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും.
നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തെ പരുവപ്പെടുത്താന്‍ സഹായിക്കുന്ന എന്‍സൈമുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്. തേങ്ങാ വെള്ളത്തില്‍ പൊട്ടാസ്യം, സോഡിയം, മഗ്‌നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിലെ ദ്രാവക സന്തുലിതാവസ്ഥ നിയന്ത്രിക്കാന്‍ സഹായിക്കുന്ന പ്രധാന ഇലക്ട്രോലൈറ്റുകളാണ്. വളരെയധികം വിയര്‍ക്കുന്ന ശരീരപ്രകൃതമുള്ളവര്‍ക്ക് ഇത് സഹായകമാകും.
തേങ്ങാവെള്ളം രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. ഉയര്‍ന്ന പൊട്ടാസ്യത്തിന്റെ ഉള്ളടക്കമാണ് ഇതിന് കാരണം. ഇത് സോഡിയത്തിന്റെ ഫലങ്ങള്‍ സന്തുലിതമാക്കാന്‍ സഹായിക്കുന്നു. വെറും വയറ്റില്‍ തേങ്ങാവെള്ളം കുടിക്കുന്നത് ഗുണം ചെയ്യുമെന്നാണ് പറയപ്പെടുന്നത്.












Click it and Unblock the Notifications