കഴിച്ചാലും ഇല്ലെങ്കിലും ഗ്യാസ് പ്രശ്‌നം അലട്ടുന്നോ..? ഇതായിരിക്കാം കാരണം
നമ്മളില്‍ പലര്‍ക്കും ഭക്ഷണം കഴിച്ച് കഴിഞ്ഞാല്‍ ഗ്യാസ് അനുഭവപ്പെടാറുണ്ട്. ദഹനത്തിന്റെ ഒരു ഉപോല്‍പ്പന്നമായി സംഭവിക്കുന്ന ഒരു സാധാരണ ശാരീരിക പ്രവര്‍ത്തനമാണ് ഗ്യാസ്. എന്നാല്‍ ചിലര്‍ ഭയങ്കരമായ ഗ്യാസ് കൊണ്ട് ബുദ്ധിമുട്ടാറുണ്ട്. ഇവര്‍ക്ക് പലപ്പോഴും വയര്‍ വീര്‍ത്തതായി കാണപ്പെടും. പലപ്പോഴും അധോവായുവും ഇവരില്‍ സ്ഥിരമായി ഉണ്ടാകാറുണ്ട്.
കുറച്ച് ഗ്യാസ് ഉണ്ടാകുന്നത് എല്ലാവരിലും സാധാരണമാണ്. എന്നാല്‍ ഗ്യാസിന്റെ പ്രശ്‌നം അമിതമായി അനുഭപ്പെടുന്നുണ്ടെങ്കില്‍ ഇത് ദഹനപ്രശ്‌നത്തിന്റെ ലക്ഷണമായിരിക്കാം. രാത്രിയില്‍ അമിതമായി ഗ്യാസ് അനുഭവപ്പെടുന്നുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് ഡോക്ടറെ കാണിക്കണം. ഗ്യാസ് ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന ചില കാരണങ്ങള്‍ എന്തൊക്കെയാണ് എന്ന് നോക്കാം.

പൊതുവെ ഭക്ഷണം കഴിക്കാതിരിക്കുമ്പോള്‍ വയറ്റില്‍ ഗ്യാസ് നിറയാറുണ്ട്. വന്‍കുടലിലെ ബാക്ടീരിയകള്‍ ദഹിക്കാത്ത കാര്‍ബോഹൈഡ്രേറ്റുകളെ വിഘടിപ്പിക്കുമ്പോഴും ഗ്യാസ് ഉണ്ടാകുന്നു. രാത്രിയില്‍ വലിയ അളവില്‍ ഭക്ഷണം കഴിക്കുമ്പോള്‍ പ്രത്യേകിച്ചും നിങ്ങള്‍ ഭക്ഷണം വേഗത്തിലാണ് കഴിക്കുന്നതെങ്കില്‍ ഗ്യാസ് ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കും. കാര്‍ബണേറ്റഡ് അടങ്ങിയ പാനീയങ്ങള്‍ രാത്രിയില്‍ കുടിച്ചാലും ഗ്യാസ് ഉണ്ടാകും.
ഒരു സ്‌ട്രോ വഴിയാണ് അത് കുടിക്കുന്നതെങ്കില്‍ കൂടുതല്‍ വഷളാക്കും. ച്യൂയിംഗ് ഗം കഴിക്കുന്നതും ഗ്യാസ് ഉണ്ടാക്കുന്നതിന് കാരണമാകും. കാരണം നിങ്ങള്‍ ചവയ്ക്കുമ്പോള്‍ ഒപ്പം വായുവും വിഴുങ്ങുന്നു. കാര്‍ബോഹൈഡ്രേറ്റിന്റെ ദഹിക്കാത്ത ഭാഗമായ നാരുകള്‍ അടങ്ങിയ ഭക്ഷണം നിങ്ങളുടെ ഹൃദയത്തെയും ദഹനത്തെയും മൊത്തത്തിലുള്ള ആരോഗ്യത്തെയും ഗുണപരമായി ബാധിക്കുന്നു എന്ന് എല്ലാവര്‍ക്കും അറിയാം.
നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങളില്‍ പഴങ്ങള്‍, പച്ചക്കറികള്‍, പരിപ്പ്, വിത്തുകള്‍, ധാന്യങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. പക്ഷേ ഒറ്റയിരിപ്പില്‍ വലിയ അളവില്‍ നാരുകളുള്ള ഭക്ഷണം കഴിക്കുന്നത് ദഹനപ്രശ്നങ്ങള്‍ക്ക് കാരണമാകും. കാര്‍ബോഹൈഡ്രേറ്റുമായി ചേര്‍ന്ന് കൊഴുപ്പ് കൂടിയ ഭക്ഷണം കഴിക്കുന്നത് ഗ്യാസ് ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കും എന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
വഴുതന, വെള്ളരി, കാബേജ്, കോളിഫ്‌ളവര്‍, സോയാബീന്‍, യീസ്റ്റ്, പാല്‍, ചന്നയും രാജ്മയും പോലെയുള്ള പരിപ്പ്, ഗ്രീന്‍ പീസ്, റാഡിഷ്, നട്‌സ് എന്നിവ ഗ്യാസ് ഉണ്ടാക്കുന്ന ഭക്ഷണങ്ങളാണ്. ആപ്പിള്‍, പ്‌ളം, പിയര്‍ തുടങ്ങിയ പഴങ്ങളും ഗ്യാസിന് കാരണമാകും എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. പുകവലിക്കുമ്പോള്‍ കൂടുതല്‍ വായു അകത്തേക്ക് എത്തും എന്നതിനാല്‍ ഈ ശീലം ദഹനവ്യവസ്ഥയെ തകരാറിലാക്കാം.












Click it and Unblock the Notifications