സ്ട്രെസ് കാരണം കുടവയർ വരെ വന്ന അവസ്ഥയുണ്ടോ ? ഈ മാർഗങ്ങൾ പരീക്ഷിച്ചു നോക്കൂ
പണ്ടത്തെ ജീവിത രീതിയിൽ നിന്നും നമ്മൾ ഒരുപാട് മാറി. ഇന്നത്തെ ജോലിത്തിരക്കുകളും മറ്റു പ്രശ്നങ്ങളും കാരണം ആളുകൾക്കിടയിൽ മാനസിക സമ്മർദ്ദം അഥവാ സ്ട്രെസ് കൂടി വരികയാണ്. ജോലിയാണ് ഇതിൽ ഏറെപ്പേർക്കും പറയാനുള്ള ഒരു കാരണം. തലവേദന, ഉറക്കക്കുറവ്, കുടവയർ തുടങ്ങി പല ലക്ഷണങ്ങളും ഇത്തരക്കാർ അനുഭവിക്കുന്ന പ്രശ്നങ്ങളാണ്. സ്ട്രെസ് മുഴുവനായി ഒഴിക്കാനാവില്ലെങ്കിലും ഒരു പരിധി വരെ നമുക്ക് ഇതിനെ നിയന്ത്രിക്കാനാകും. സ്ട്രെസ് നിയന്ത്രിക്കാനുള്ള ചില നുറുങ്ങു വിദ്യകൾ നോക്കാം.
വ്യായമം തന്നെയാണ് ഇതിൽ ഏറ്റവും ഗുണപ്രദം. വ്യായാമം ചെയ്യുന്നതിലൂടെ ഉത്കണ്ഠ കുറയ്ക്കുന്ന കെമിക്കലുകളുടെ പ്രവർത്തനം ശരീരത്തിൽ നടക്കുന്നു. സ്ട്രെസ് അനുഭവിക്കുന്ന പലർക്കും സാധാരണയായി കണ്ടു വരുന്നത് കുടവയറാണ്. ഇതിന് കാരണം കോർട്ടിസോൾ എന്ന ഹോർമോൺ ആണ്. വ്യായാമത്തിലൂടെ ഒരു പരിധി വരെ ഇത് കുറക്കാനാകും.

കൃത്യമായി ഉറങ്ങുക എന്നത് അത്യാവശ്യമായി വേണ്ട കാര്യമാണ്. 6 മുതൽ 8 മണിക്കൂർ വരെയെങ്കിലും തുടർച്ചയായി ഉറങ്ങുന്നത് സ്ട്രെസ് കുറയ്ക്കാൻ സഹായിക്കും. ഉറക്കം ശരിയല്ലെങ്കിൽ തലവേദനയും മറ്റും കൂടും.
ആരോഗ്യകരമായ ഭക്ഷണ രീതി പിന്തുടരുന്നവർക്ക് സ്ട്രെസ് ഹോർമോണുകളുടെ അളവ് കുറയ്ക്കാനാകും. കൃത്യമായ ഇടവേളകളിൽ പോഷക ഗുണമുള്ള ആഹാരം കഴിക്കുകയാണ് വേണ്ടത്. അവക്കാഡോ, മത്സ്യം, നട്സ് തുടങ്ങിയ ഇനങ്ങൾ ആവശ്യത്തിന് ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. പ്രൊസസ് ചെയ്ത- പാക്കറ്റ് ഭക്ഷണം ഒഴിവാക്കുക.
നിങ്ങളുടെ പേഴ്സണൽ സമയങ്ങളിൽ മൊബൈൽ ഫോൺ- ഇന്റർനെറ്റ്- കമ്പ്യൂട്ടർ തുടങ്ങിയ സാങ്കേതിക ലോകത്ത് നിന്ന് കൃത്യമായ അകലം പാലിക്കുക. ഈ സമയം നിങ്ങളുടെ സുഹൃത്തുക്കൾക്കൊപ്പമോ കുടുംബത്തിനൊപ്പമോ ചെലവഴിക്കാം. ചെടികൾ നട്ടു വളർത്തുക, വളർത്തു മൃഗങ്ങളെ പരിപാലിക്കുക തുടങ്ങിയ ഹോബികൾ എന്തെങ്കിലും ഉണ്ടെങ്കിൽ അതിന് സമയം കണ്ടെത്താം.
ആരോഗ്യകരമായ ബന്ധങ്ങൾ നിലനിർത്തുക. സ്ട്രെസ് ഉണ്ടാകുന്ന ബന്ധങ്ങൾ നിങ്ങൾക്ക് എത്ര കാലം മുന്നോട്ടു കൊണ്ടു പോകാൻ പറ്റുമെന്നു ചിന്തിക്കുക. സ്വയം തീരുമാനമെടുക്കാം. ആവശ്യമെങ്കിൽ ഒരു സൈക്കോളജിസ്റ്റിനോട് ഇത്തരം കാര്യങ്ങൾ തുറന്നു സംസാരിച്ച് സഹായം തേടാം.
മൈൻഡ് ഫുൾ പ്രാക്ടീസ്, ഡീപ് ബ്രീത്ത് എന്നിവയും പയറ്റി നോക്കാവുന്നതാണ്. ഇത്തരം കാര്യങ്ങളിലൊക്കെ ഒന്ന് ശ്രദ്ധ വച്ചാൽ സ്ട്രെസ് ഒരു പരിധി വരെ കുറയ്ക്കാനാകും.












Click it and Unblock the Notifications