ടോയ്‌ലറ്റില്‍ പോകുമ്പോള്‍ ഫോണും കൊണ്ടുപോകാറുണ്ടോ..? എങ്കില്‍ ഈ രോഗം വന്നേക്കാം..!
ഇന്നത്തെ കാലത്ത് മൊബൈല്‍ ഫോണുകളുടെ ഉപയോഗം വളരെ വലുതാണ്. മൊബൈല്‍ ഫോണില്ലാതെ ഒരു നിമിഷം പോലും കഴിച്ചുകൂടാന്‍ പറ്റില്ല എന്ന അവസ്ഥയിലേക്ക് ഇന്നത്തെ തലമുറ എത്തിയിരിക്കുന്നു. അതിനാല്‍ തന്നെ എവിടെ പോയാലും മൊബൈല്‍ ഫോണും കൊണ്ടുപോകുന്നവരാണ് മിക്കവരും. എന്തിലധികം പറയുന്നു, ടോയ്‌ലറ്റില്‍ പോകുമ്പോള്‍ പോലും മൊബൈല്‍ ഫോണ്‍ കൊണ്ടുപോകുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും.
ബാത്ത്‌റൂം ശീലങ്ങളുടെ കാര്യത്തില്‍ ഓരോരുത്തര്‍ക്കും അവരുടേതായ രീതികളുണ്ട്. ചിലര്‍ മാഗസിനുകള്‍ വായിക്കുന്നു, മറ്റ് ചിലര്‍ പാട്ട് കേള്‍ക്കും. എന്നാല്‍ മൊബൈലില്‍ നോക്കിയിരുന്നവരുടെ എണ്ണമാണ് ഇപ്പോള്‍ കൂടുതല്‍. എന്നാല്‍ ബാത്ത്‌റൂമിലേക്ക് ഫോണ്‍ കൊണ്ടുപോകുന്നത് പലതരത്തിലുള്ള അനന്തരഫലങ്ങള്‍ക്കും കാരണമാകും എന്ന് നിങ്ങള്‍ക്ക് അറിയാമോ?

പൊതുവ നിര്‍ദോഷകരമെന്ന് തോന്നുന്ന ഈ ശീലം ചില അനഭിലഷണീയമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ബാത്ത്‌റൂമില്‍ നിങ്ങളുടെ ഫോണ്‍ നിങ്ങള്‍ക്കൊപ്പം കൊണ്ടുപോകുന്നത് ടോയ്ലറ്റില്‍ ദീര്‍ഘനേരം ഇരിക്കുന്നതിന് കാരണമാകും. അനാരോഗ്യകരമായ ഈ ശീലം പൈല്‍സ് എന്നറിയപ്പെടുന്ന ഹെമറോയ്ഡുകള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും.
ഹെമറോയ്ഡുകള്‍ വേദനാജനകമായ അവസ്ഥയാണ്. ഗുരുതരമാകുന്ന സാഹചര്യങ്ങളില്‍ രക്തസ്രാവം പോലും ഉണ്ടാകാം. ചില ബാക്ടീരിയകള്‍ നിങ്ങളുടെ സ്മാര്‍ട്ട്ഫോണിലേക്ക് കടക്കാനുള്ള സാധ്യതയാണ് മറ്റൊരു ആശങ്ക. നിങ്ങളുടെ വീട്ടിലെ ഏറ്റവും ശുചിത്വമുള്ള സ്ഥലമായിരിക്കില്ല ബാത്ത്‌റൂം. ഇത് നിങ്ങളുടെ ഡിവൈസിനെ ദോഷകരമായി ബാധിച്ചേക്കാം. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ നിങ്ങള്‍ കൂടുതല്‍ നേരം ഇരിക്കുന്നതും ആരോഗ്യത്തിന് ഹാനികരമാണ്.
ടോയ്‌ലറ്റില്‍ ഇരിക്കുമ്പോള്‍ ഫോണ്‍ നോക്കുന്നത് പുറംവേദനയിലേക്കും നയിച്ചേക്കും. ഫോണ്‍ കൈയിലുണ്ടാകുമ്പോള്‍ സ്വാഭാവികമായും നമ്മള്‍ കൂടുതല്‍ സമയം ടോയ്‌ലറ്റില്‍ ചെലവഴിക്കും. ടോയ്‌ലറ്റില്‍ നമ്മള്‍ ഇരിക്കുന്ന പൊസിഷന്‍ ആണ് ഇതിന് കാരണം. ഫോണ്‍ കൈയിലുള്ളപ്പോള്‍ നമ്മള്‍ കൂടുതല്‍ കുനിഞ്ഞ് തല താഴ്ത്തിയായിരിക്കും ഇരിക്കുക. ഇത് പുറം വേദനക്കുള്ള സാധ്യത കൂടുതലാക്കുന്നു എന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.
കണ്ണുകളുടെ ആരോഗ്യത്തേയും ഇത് ദോഷകരമായി ബാധിക്കും. ഏറെ നേരം കുനിഞ്ഞിരുന്ന് ഫോണ്‍ നോക്കുന്നത് കണ്ണുകള്‍ക്ക് ദോഷം ചെയ്യും. ഇത് കണ്ണ് വേദന, കണ്ണില്‍ നിന്ന് വെള്ളം വരല്‍ എന്നിവയിലേക്ക് നയിക്കും. ഒപ്പം തലവേദനയും ഇത് കാരണം വന്നേക്കാം. ഇക്കാരണം കൊണ്ട് തന്നെ ടോയ്‌ലറ്റില്‍ പോകുമ്പോള്‍ മൊബൈല്‍ ഫോണ്‍ കൈയില്‍ വെക്കുതിനെ ആരോഗ്യ വിദഗ്ധരെല്ലാം എതിര്‍ക്കുന്നു.












Click it and Unblock the Notifications