ഫ്രിഡ്ജിൽ സൂക്ഷിച്ചാലും കാരറ്റ് കേടായിപ്പോകുന്നുണ്ടോ ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
സാലഡിലും, സൂപ്പുകളിലും, ഡെസേർട്ടുകളിലും എന്നു വേണ്ട തോരൻ വയ്ക്കാനുമൊക്കെ പ്രധാനമായി ഉപയോഗിക്കുന്ന ഒരു പച്ചക്കറിയിനം ആണ് കാരറ്റ്. കാരറ്റ് ഹൽവയായും കാരറ്റ് പായസമായും ഒക്കെ പതിയെപ്പതിയെ മലയാളികൾ കാരറ്റിനെ രൂപ മാറ്റം ചെയ്തെടുക്കുന്നുണ്ട്. പഞ്ചസാര ഉപയോഗിക്കാത്ത കാരറ്റ് ജ്യൂസ് കുടിക്കുന്നത് വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ്.
എത്രയൊക്കെ ഗുണമേന്മ കാരറ്റിനുണ്ടെന്ന് പറഞ്ഞാലും കൃത്യമായി സ്റ്റോർ ചെയ്ത് വച്ചില്ലെങ്കിൽ എളുപ്പം കേടായിപ്പോയേക്കാവുന്ന ഒരു പച്ചക്കറി കൂടിയാണിത്. അപ്പോൾ കാരറ്റ് എങ്ങനെ കേടുകൂടാതെ എങ്ങനെ സൂക്ഷിക്കാമെന്ന് നോക്കാം.

കാരറ്റ് ഫ്രിഡ്ജിലാണ് സൂക്ഷിക്കേണ്ടത്. അത് തൊലി കളഞ്ഞ കാരറ്റ് ആയാലും മുറിച്ചു വച്ചതായാലും ഒന്നും ചെയ്യാത്ത കാരറ്റ് ആയാലും അങ്ങനെ തന്നെയാണ് ചെയ്യേണ്ടത്. പക്ഷെ ഇത് ഒരു എയർ ടൈറ്റ് കണ്ടെയ്നറിൽ സൂക്ഷിക്കണമെന്നു മാത്രം. അതായത് മറ്റു പച്ചക്കറികളുടെ കൂടെയോ അടച്ചു വയ്ക്കാതെയോ സൂക്ഷിക്കരുത്. ഇങ്ങനെ ചെയ്താൽ കാരറ്റ് കേടായിപ്പോകും.
നിങ്ങൾ ഉപയോഗിക്കാനൊരുങ്ങുമ്പോൾ മാത്രം കാരറ്റ് കഴുകുന്നതാണ് നല്ലത്. കാരണം ഈർപ്പം തങ്ങി നിന്നാൽ കാരറ്റ് എളുപ്പത്തിൽ ചീത്തയാകും. കാരറ്റ് ഇലയോടു കൂടിയാണ് വാങ്ങിയതെങ്കിൽ എത്രയും പെട്ടെന്ന് മുകൾ ഭാഗം നീക്കം ചെയ്യുക. ശേഷം ഒരു പേപ്പർ ടവലിൽ പൊതിഞ്ഞെടുത്ത് വായു കടക്കാത്ത പാത്രത്തിൽ സൂക്ഷിക്കുക. ഫ്രിഡ്ജിൽ തണുപ്പ് ഏറ്റവും കടക്കുന്ന ഭാഗത്ത് കാരറ്റ് സൂക്ഷിക്കാം. കേടാകാതിരിക്കാൻ ആപ്പിൾ പോലുള്ള എഥിലീൻ വാതകം ഉൽപ്പാദിപ്പിക്കുന്ന പഴങ്ങളിൽ നിന്ന് മാറ്റി സൂക്ഷിക്കാം.
തൊലി കളഞ്ഞ കാരറ്റ് ആണ് നിങ്ങൾക്ക് സൂക്ഷിച്ചു വയ്ക്കേണ്ടതെങ്കിൽ കാരറ്റ് ആദ്യം തണുത്ത വെള്ളത്തിൽ കഴുകുക. പിന്നീട് കാരറ്റ് വച്ച കണ്ടെയ്നറിലേക്ക് വെള്ളവും ചേർക്കുക. വെള്ളത്തിൽ കാരറ്റ് മുങ്ങിക്കിടക്കുന്നുവെന്ന് ഉറപ്പു വരുത്തുക. കുറേയധികം നാൾ ഇങ്ങനെ സൂക്ഷിക്കാൻ ആണ് ഉദ്ദേശിക്കുന്നതെങ്കിൽ 2-3 ദിവസം കൂടുമ്പോൾ വെള്ളം മാറ്റിക്കൊടുക്കുക. ഇങ്ങനെ ചെയ്തില്ലെങഅകിൽ കാരറ്റ് വാടിപ്പോകും. ശേഷം ഉപയോഗിക്കുന്നതിനു മുൻപ് ഒന്നു കൂടി വൃത്തിയായി കഴുകുക.
ഇനി വെട്ടി വച്ച കാരറ്റ് സൂക്ഷിക്കാൻ കാരറ്റിന് ചുറ്റും പേപ്പർ ടവ്വൽ കൊണ്ട് മൂടുക. ഇതൊരു എയർ ടൈറ്റ് കണ്ടെയ്നറിൽ വച്ച് ഫ്രിഡ്ജിന്റെ ഏറ്റവും തണുപ്പുള്ള ഭാഗത്ത് തന്നെ സൂക്ഷിയ്ക്കുക.












Click it and Unblock the Notifications