കൊറിയക്കാരെ പോലുളള ഗ്ലാസ് സ്കിൻ ആണോ വേണ്ടത്? വലിയ പണം മുടക്കേണ്ട, ഇതാ എളുപ്പ വഴികൾ
ഇന്നത്തെ കാലത്ത് പുരുഷന്മാരെന്നോ സ്ത്രീകളെന്നോ വ്യത്യാസം ഇല്ലാതെയാണ് സൌന്ദര്യസംരക്ഷണം. പ്രത്യേകിച്ച് സ്കിൻ കെയറിന് വലിയ പ്രചാരണമാണ് സോഷ്യൽ മീഡിയ വ്യാപകമായതോടെ ലഭിക്കുന്നത്. അതിൽ തന്നെ കൊറിയക്കാരുടെത് പോലുളള ഗ്ലാസ് സ്കിൻ ഏതൊരാളുടേയും സ്വപ്നമാണ്.
ഗ്ലാസ് സ്കിൻ ലഭിക്കാൻ വേണ്ടി കൊറിയ വരെ പോകേണ്ട കാര്യമൊന്നും ഇല്ല. എന്തിന് വില കൂടി ഉത്പന്നങ്ങൾ വാങ്ങുകയും വേണ്ട. നമ്മുടെ നാട്ടിലെ ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് ആകർഷകമായ ഗ്ലാസ് സ്കിൻ ലുക്ക് നേടാനാകും. അതിന്പ്രധാനമായും വേണ്ടത് പ്രകൃതിദത്ത ചേരുവകൾ ഉപയോഗിക്കുകയും സ്ഥിരമായി സ്കിൻ കെയർ ചെയ്യുകയുമാണ്.

1: വൃത്തിയാക്കൽ
മുഖത്തെ അഴുക്കും മാലിന്യങ്ങളും നീക്കം ചെയ്യാൻ വീര്യം കുറഞ്ഞ ക്ലെൻസർ ഉപയോഗിച്ച് കഴുകുക. ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ഉള്ളതിനാൽ വേപ്പിലയോ മഞ്ഞളോ അടങ്ങിയ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുക. ദിവസത്തിൽ രണ്ടുതവണ മുഖം വൃത്തിയാക്കുന്നത് ചർമ്മത്തിന്റെ തിളക്കം നിലനിർത്താൻ സഹായിക്കുന്നു.
2: എക്സ്ഫോളിയേഷൻ
ആഴ്ചയിൽ ഒന്നോ രണ്ടോ തവണ എക്സ്ഫോളിയേറ്റ് ചെയ്ത് ചർമ്മത്തിലെ മൃതകോശങ്ങൾ നീക്കം ചെയ്യുക. വാൽനട്ട് അല്ലെങ്കിൽ ആപ്രിക്കോട്ട് ഉപയോഗിച്ച് ഒരു സ്ക്രബ് തയ്യാറാക്കി ഉപയോഗിക്കുക. പതിവായി എക്സ്ഫോളിയേറ്റ് ചെയ്യുന്നത് മിനുസമാർന്നതും തിളക്കമുള്ളതുമായ ചർമ്മമുണ്ടാകാൻ സഹായിക്കുന്നു.
3: ടോണിംഗ്
ടോണിംഗ് ചർമ്മത്തിന്റെ പിഎച്ച് അളവ് സന്തുലിതമാക്കുന്നു. റോസ് വാട്ടർ ഒരു മികച്ച പ്രകൃതിദത്ത ടോണറാണ്, ഇത് ചർമ്മത്തിന് ജലാംശം നൽകുന്നു. മാത്രമല്ല ചർമ്മത്തെ മൃദുവാക്കി നിർത്തുന്നു, പോർസ് അടയ്ക്കാനും ടോണറുകൾ സഹായിക്കുന്നു.
4: സെറം ഉപയോഗം
ചർമ്മത്തിന് ആവശ്യമായ പോഷകങ്ങൾ സെറം നൽകുന്നു. തിളക്കത്തിനും ജലാംശത്തിനുമായി വിറ്റാമിൻ സി അല്ലെങ്കിൽ ഹൈലൂറോണിക് ആസിഡ് അടങ്ങിയ ഏതെങ്കിലും സെറം തിരഞ്ഞെടുക്കുക. ഏതാനും തുള്ളികൾ പുരട്ടി ചർമ്മത്തിൽ മൃദുവായി തടവുക മാത്രമേ ചെയ്യാവൂ. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഷീറ്റ് മാസ്കുകൾ ഉപയോഗിക്കുക. ഹൈലൂറോണിക് ആസിഡ് അല്ലെങ്കിൽ വിറ്റാമിൻ സി അടങ്ങിയ മാസ്കുകളാണ് നല്ലത്.
5: മോയ്സ്ചറൈസിംഗ്
നല്ലൊരു മോയ്‌സ്ചറൈസർ ചർമ്മത്തിലെ ജലാംശം നിലനിർത്തുന്നു. കറ്റാർവാഴ ജെൽ അല്ലെങ്കിൽ വെളിച്ചെണ്ണ എന്നിവ മികച്ച ഓപ്ഷനുകളാണ്. ചർമ്മത്തിന്റെ മൃദുത്വവും തിളക്കവും നിലനിർത്താൻ ദിവസവും ഇവ ഉപയോഗിക്കുക. കണ്ണിലെ കറുപ്പ് നിറം മാറ്റാനും വീക്കം ഒഴിവാക്കാനും ഒരു ഐ ക്രീം പുരട്ടുന്നതും നല്ലതാണ്.
6: വെയിലിൽ നിന്നുളള സംരക്ഷണം
അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് ചർമ്മത്തിന് സംരക്ഷണം നൽകാൻ സൺസ്ക്രീൻ അത്യാവശ്യമാണ്. SPF 30 അല്ലെങ്കിൽ അതിൽ കൂടുതൽ ഉള്ളതും ദിവസേനെയുളള ഉപയോഗത്തിന് അനുയോജ്യമായതുമായ ഒരു സൺസ്ക്രീൻ തിരഞ്ഞെടുക്കുക. തുടർച്ചയായ സംരക്ഷണം ഉറപ്പാക്കാൻ പുറത്തായിരിക്കുമ്പോൾ ഓരോ രണ്ട് മണിക്കൂറിലും വീണ്ടും പുരട്ടുക.
ഓരോ സീസണിലും വ്യത്യസ്ത സംരക്ഷണം
വേനൽക്കാലത്ത്, ചർമ്മത്തിലെ എണ്ണ ഉൽപാദനം നിയന്ത്രിക്കുന്ന ഉൽപ്പന്നങ്ങളിൽ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ശൈത്യകാലത്ത്, തണുത്ത വായു മൂലമുണ്ടാകുന്ന വരൾച്ചയെ ചെറുക്കുന്നതിന് കൂടുതൽ ജലാംശം നൽകുന്ന ഫോർമുലേഷനുകളിലേക്ക് മാറുക.
ഈ ശീലങ്ങൾ പിന്തുടരുന്നതിലൂടെ വലിയ പണം മുടക്കാതെ ഗ്ലാസ് സ്കിൻ നേടാൻ സാധിക്കും. അതേസമയം നിങ്ങളുടെ ചർമ്മത്തിന്റെ ടൈപ്പ് അനുസരിച്ചുളള ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുന്നതും സ്ഥിരമായി ഉപയോഗിക്കുന്നതും പ്രധാനമാണ്.












Click it and Unblock the Notifications