ഉപ്പും പഞ്ചസാരയും കട്ട പിടിക്കുന്നുണ്ടോ..? പേടിക്കേണ്ട, പോംവഴി വളരെ സിംപിളാണ്
മണ്‍സൂണ്‍ കാലം ചുട്ടുപൊള്ളുന്ന വേനല്‍ ചൂടില്‍ നിന്ന് ആശ്വാസം നല്‍കുന്നു. എന്നാല്‍ അതേസമയം മഴയുള്ള കാലാവസ്ഥ അന്തരീക്ഷത്തിലെ ഈര്‍പ്പവും വര്‍ധിപ്പിക്കുന്നു. ഇത് കാരണം ചില ഭക്ഷണ പദാര്‍ത്ഥങ്ങളിലും ഈര്‍പ്പം നിലനില്‍ക്കും. അതില്‍ പ്രധാനിയാണ് ഉപ്പും പഞ്ചസാരയും. മഴക്കാലമായാല്‍ പഞ്ചസാരയിലും ഉപ്പിലും ഈര്‍പ്പം പിടിക്കുന്നത് പതിവാണ്. ഇത് മൂലം പാത്രത്തിനുള്ളില്‍ കട്ടപിടിച്ച അവസ്ഥയിലായിരിക്കും ഇവയുണ്ടാകുക.
പലരും ഇത് അങ്ങനെ തന്നെ ഉപയോഗിക്കുമെങ്കിലും മറ്റ് ചിലര്‍ ഇങ്ങനെ കട്ടപിടിച്ച പഞ്ചസാരയും ഉപ്പും ഒഴിവാക്കാറാണ് പതിവ്. എന്നാല്‍ ഇവ ഇത്തരത്തില്‍ കട്ട പിടിക്കാതിരിക്കാനും കേടാകാതിരിക്കാനും ചില ലളിതമായ മാര്‍ഗങ്ങള്‍ ഉണ്ട്. ഇങ്ങനെ ചെയ്യുന്നത് വഴി പഞ്ചസാരയും ഉപ്പും കേട് കൂടാതെ സൂക്ഷിക്കാന്‍ സാധിക്കും. ഏതൊക്കെയാണ് ഇതിനുള്ള പോംവഴികള്‍ എന്ന് നോക്കാം.

ഉപ്പും പഞ്ചസാരയും വൃത്തിയുള്ളതും ഉണങ്ങിയതും വായു കടക്കാത്തതുമായ പാത്രങ്ങളിലേക്ക് മാറ്റുക. ഇതിന്റെ അടപ്പ് നന്നായി മുറുകുന്നതാണ് എന്ന് ഉറപ്പാക്കുക. കാറ്റ് കടന്നാല്‍ ഉപ്പിലും പഞ്ചസാരയിലും ഈര്‍പ്പം നിലനില്‍ക്കും. ഈ പാത്രങ്ങള്‍ സൂക്ഷിക്കാന്‍ നിങ്ങളുടെ അടുക്കളയിലോ സ്റ്റോര്‍ റൂമിലോ വരണ്ട സ്ഥലം കണ്ടെത്തുക. അടുപ്പ്, സിങ്ക് പോലെ ഈര്‍പ്പം ലഭിച്ചേക്കാവുന്ന സ്ഥലങ്ങളില്‍ സൂക്ഷിക്കുന്നത് ഒഴിവാക്കുക.
ഉപ്പും പഞ്ചസാരയും പാത്രത്തില്‍ നിന്ന് കോരിയെടുക്കാനായി വൃത്തിയുള്ളതും ഉണങ്ങിയതുമായ സ്പൂണുകള്‍ ആണ് ഉപയോഗിക്കുന്നത് എന്ന് ഉറപ്പാക്കുക. നനഞ്ഞതോ വൃത്തിയില്ലാത്തതോ ആയ സ്പൂണുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക. കാരണം അവ പാത്രങ്ങളില്‍ ഈര്‍പ്പം കൊണ്ടുവരുന്നതിന് കാരണമാകും. ഇടയ്ക്കിടെ പാത്രങ്ങള്‍ തുറന്ന് കട്ടപിടിക്കുന്നതിന്റെയോ ഈര്‍പ്പത്തിന്റെയോ ലക്ഷണങ്ങള്‍ ഉണ്ടോയെന്ന് പരിശോധിക്കുക.
ഇത്തരത്തില്‍ എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ ഒരു ഉണങ്ങിയ സ്പൂണ്‍ ഉപയോഗിച്ച് കട്ടകള്‍ വേര്‍പെടുത്തണം. അല്ലെങ്കില്‍ പുതിയ പാത്രത്തിലേക്ക് ഇത് മാറ്റണം. നനഞ്ഞതോ ഈര്‍പ്പമുള്ളതോ ആയ കൈകളാല്‍ ഉപ്പും പഞ്ചസാരയും തൊടുന്നത് ഒഴിവാക്കുക. ഇക്കാരണം കൊണ്ടും പാത്രങ്ങളില്‍ ഈര്‍പ്പം വരാന്‍ സാധ്യതയുണ്ട്. കുട്ടികള്‍ക്ക് കൈ എത്താത്തിടത്ത് വേണം ഉപ്പ്, പഞ്ചസാര പാത്രങ്ങള്‍ സൂക്ഷിക്കാന്‍.
കുട്ടികള്‍ പലപ്പോഴായി പാത്രങ്ങള്‍ എടുത്ത് കളിക്കുകയും അത് വായില്‍ വെക്കാന്‍ നോക്കുകയും ചെയ്യും. ഈ സാഹചര്യത്തിലും പാത്രത്തില്‍ ഈര്‍പ്പം വരാന്‍ സാധ്യതയുണ്ട്. ഉപ്പ്, പഞ്ചസാര പാത്രങ്ങളില്‍ സ്ഥിരമായി ഒരു സ്പൂണ്‍ തന്നെ ഇട്ട് വെക്കുന്നത് നല്ലതാണ്.












Click it and Unblock the Notifications