ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിങ്ങള്‍ക്കുണ്ടോ? ഈ നിശബ്ദമായ മുന്നറിയിപ്പുകള്‍ അവഗണിക്കരുതേ
ഉയര്‍ന്ന രക്തസമ്മര്‍ദം പലപ്പോഴും വ്യക്തമായ മുന്നറിയിപ്പുകളില്ലാതെയാണ് ശരീരത്തെ ആക്രമിച്ചുതുടങ്ങുന്നത്. പ്രത്യാഘാതങ്ങള്‍ അനുഭവിച്ചുതുടങ്ങുമ്പോഴാണ് പലരും ഇക്കാര്യം അറിയുന്നത്. ഡോക്ടര്‍മാര്‍ ഇതിനെ 'നിശബ്ദ ഘാതകന്‍' എന്നാണ് വിശേഷിപ്പിക്കുന്നത്. രോഗം ഗുരുതരമാകുന്നതിന് മുന്‍പ് ആദ്യകാല സൂചനകള്‍ തിരിച്ചറിയുന്നത് സഹായകമാകും. രക്തസമ്മര്‍ദം ഉയരുമ്പോഴുള്ള ഏഴ് ലക്ഷണങ്ങളാണ് ഇവിടെ നല്‍കുന്നത്.
ഇന്ത്യയില്‍ പലരും ആരോഗ്യ പരിശോധനകള്‍ കൃത്യമായി നടത്താറില്ല. ഉപ്പിന്റെ അംശം കൂടുതലുള്ള ഭക്ഷണവും മാനസിക സമ്മര്‍ദവും രക്തസമ്മര്‍ദ്ദം വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്. പ്രമേഹം, അമിതവണ്ണം എന്നിവയും ഇതിന് കാരണങ്ങളാണ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മൂലം ഹൃദയം, തലച്ചോറ്, വൃക്കകള്‍ എന്നിവയ്ക്കുണ്ടാകുന്ന തകരാറുകള്‍ പിന്നീട് മാറ്റിയെടുക്കാന്‍ സാധിക്കില്ല. അതുകൊണ്ട്, നേരത്തെയുള്ള വൈദ്യപരിശോധനയാണ് വേണ്ടത്.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മൂലം പലരിലും തലവേദന ഉണ്ടാകാറുണ്ട്. ഇത് മിക്കപ്പോഴും മന്ദിപ്പും ഭാരമുള്ളതുമായിരിക്കും. ഇവ പലപ്പോഴും തലയുടെ പിന്നിലാണ് അനുഭവപ്പെടുന്നത്. രാവിലെ ഉറക്കമുണരുമ്പോള്‍ ഇത്തരം തലവേദന അനുഭവിക്കുന്നവരുമുണ്ട്. വേദനസംഹാരികള്‍ കഴിച്ച് ഈ മുന്നറിയിപ്പിനെ അവഗണിക്കാതെ രക്തസമ്മര്‍ദ്ദം ഉണ്ടോ എന്നു പരിശോധിക്കണം.

കുറച്ച് പടികള്‍ കയറുമ്പോള്‍ തന്നെ ആയാസം കൊണ്ട് ശ്വാസംമുട്ടല്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് അവഗണിക്കരുത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഹൃദയത്തിനും ശ്വാസകോശത്തിനും വലിയ സമ്മര്‍ദ്ദം നല്‍കുന്നു. ശ്വാസംമുട്ടല്‍, പ്രത്യേകിച്ച് നെഞ്ചില്‍ ഇറുകിയ പ്രതീതി അനുഭവപ്പെടുന്നുണ്ടെങ്കില്‍ അടിയന്തര വൈദ്യസഹായം തേടണം.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കണ്ണിന്റെ ചെറിയ രക്തക്കുഴലുകളെ ബാധിക്കാം. ചിലര്‍ക്ക് കാഴ്ച മങ്ങുന്നതായും പാടുകള്‍ കാണുന്നതായും അനുഭവപ്പെടാം. പെട്ടെന്നുണ്ടാകുന്ന കാഴ്ചയിലെ മാറ്റങ്ങള്‍ അടിയന്തരമായി പരിഹരിക്കണം. പതിവായ നേത്രപരിശോധനകള്‍ക്ക് രക്തസമ്മര്‍ദ്ദ പ്രശ്നങ്ങള്‍ നേരത്തെ കണ്ടെത്താന്‍ കഴിയും.
ആവര്‍ത്തിച്ചുള്ള തലകറക്കവും സന്തുലിതാവസ്ഥ നഷ്ടപ്പെടുന്ന അവസ്ഥയും രക്തസമ്മര്‍ദത്തിന്റെ ലക്ഷണങ്ങളാണ്. ഇത് ശ്രദ്ധിക്കണം. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയ്ക്കും. ഇടയ്ക്കിടെ ബോധക്ഷയം വരുന്നുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് രക്തസമ്മര്‍ദ്ദം പരിശോധിക്കുക.
വരണ്ട കാലാവസ്ഥയില്‍ മൂക്കില്‍ നിന്നുള്ള രക്തസ്രാവം അപകടകരമല്ല. എന്നാല്‍ വ്യക്തമായ കാരണങ്ങളില്ലാതെ ഇടയ്ക്കിടെ മൂക്കില്‍ നിന്ന് രക്തം വരുന്നുണ്ടെങ്കില്‍ അത് രക്തസമ്മര്‍ദ്ദത്തിലെ വര്‍ധനയെയാണ് സൂചിപ്പിക്കുന്നത്.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഹൃദയത്തിന് കൂടുതല്‍ സമ്മര്‍ദ്ദം ഉണ്ടാക്കാം. ഇത് എല്ലായ്‌പ്പോഴും കഠിനമായ വേദനയാകണം എന്നില്ല. ചിലര്‍ക്ക് നടക്കുമ്പോള്‍ ഇറുകിയതോ ഭാരമുള്ളതോ ആയ അനുഭവം തോന്നാം. നെഞ്ചിലെ അസ്വസ്ഥതകള്‍ക്ക് ഉടന്‍ തന്നെ വൈദ്യസഹായം തേടണം. ഈ സാഹചര്യങ്ങളില്‍ സ്വയം ചികിത്സ പാടില്ല. കൃത്യസമയത്ത് ചികിത്സ തേടിയില്ലെങ്കില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഹൃദയത്തെയും വൃക്കകളെയും ബാധിക്കാം. ഇത് ശരീരത്തില്‍ ദ്രാവകം കെട്ടിനില്‍ക്കുന്നതിലേക്ക് നയിക്കും. കണങ്കാല്‍, പാദങ്ങള്‍, കണ്‍പോളകള്‍ എന്നിവ വീര്‍ത്തതായി കാണപ്പെടാം.
മുതിര്‍ന്നവര്‍ വര്‍ഷത്തില്‍ ഒരിക്കലെങ്കിലും രക്തസമ്മര്‍ദ്ദം പരിശോധിക്കണം. പ്രമേഹം, വൃക്കരോഗം, അമിതവണ്ണം എന്നിവയുള്ളവര്‍ക്ക് കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണ്. ജീവിതശൈലിയിലെ മാറ്റങ്ങളിലൂടെയും മരുന്നുകളിലൂടെയും ഹൃദയം, തലച്ചോറ്, വൃക്കകള്‍ എന്നിവയ്ക്കുണ്ടാകാവുന്ന കേടുപാടുകള്‍ കുറയ്ക്കാന്‍ സഹായിക്കും.












Click it and Unblock the Notifications