ഹോളി നിറങ്ങള്‍ മുടിയില്‍ പറ്റിപ്പിടിച്ചോ? കളയാനുള്ള പരിഹാര മാര്‍ഗങ്ങള്‍ അടുക്കളയില്‍ തന്നെയുണ്ട്
നിറങ്ങള്‍ വാരിയെറിഞ്ഞുള്ള ആഘോഷമാണ് ഹോളി. ആഘോഷം കഴിയുമ്പോഴേക്കും ശരീരം മുഴുവന്‍ വിവിധ വര്‍ണങ്ങളിലുള്ള പൊടികള്‍ പറ്റിപ്പിടിക്കും. നേരത്തെ കേരളത്തില്‍ ഹോളി ആഘോഷങ്ങള്‍ അത്ര പതിവില്ലായിരുന്നുവെങ്കിലും ഇപ്പോള്‍ പലയിടത്തും ഇത് ആഘോഷിക്കുന്നുണ്ട്. ഹോളി ആഘോഷം കഴിയുമ്പോള്‍ ഈ പൊടികളും കളര്‍ വെള്ളവും മുടിയില്‍ നിന്നും ശരീരത്തില്‍ നിന്നും നീക്കം ചെയ്തില്ലെങ്കില്‍ അത് ചര്‍മത്തിന് ദോഷകരമായി മാറിയേക്കാം. കാരണം വിവിധ രാസവസ്തുക്കള്‍ ഉപയോഗിച്ചാണ് ഈ നിറമുള്ള പൊടികള്‍ നിര്‍മിക്കുന്നത്.
അതേസമയം മുടിയില്‍ പറ്റിപ്പിടിക്കുന്ന നിറങ്ങള്‍ കളയാന്‍ അടുക്കളയില്‍ തന്നെ എളുപ്പവഴികളുണ്ട്. ഇവ ദീര്‍ഘനേരം തലയോട്ടിയില്‍ ഇരുന്നാല്‍ മുടി വരണ്ടതാക്കുകയും മുടിയിഴകളെ ദുര്‍ബലപ്പെടുത്തുകയും മുടിയുടെ സ്വാഭാവിക ഭംഗിയെ നശിപ്പിക്കുകയും ചെയ്യും. മുടി ആരോഗ്യത്തോടെ നിലനിര്‍ത്താനും ഹോളി നിറങ്ങള്‍ നീക്കം ചെയ്യാനും ഈ വീട്ടുവൈദ്യങ്ങള്‍ പരീക്ഷിക്കാവുന്നതാണ്. കളര്‍ പൊടികള്‍ നീക്കാന്‍ വൈകുന്തോറും അത് മുടിയില്‍ നിന്നു നീക്കാനും ബുദ്ധിമുട്ടായിരിക്കും. ചൊറച്ചില്‍ അടക്കമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഇത് കാരണമാകും.

ആഘോഷങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പ് തലയോട്ടിയില്‍ വെളിച്ചെണ്ണയോ, ഒലിവ് അല്ലെങ്കില്‍ ബദാം ഓയിലോ തേയ്ക്കുന്നത് നല്ലതാണ്. ഇത് കളര്‍ പൊടികള്‍ മുടിയില്‍ അടിഞ്ഞുകൂടുന്നതിനെതിരേ സംരക്ഷണം തീര്‍ക്കുന്നു. വീര്യം കുറഞ്ഞ സള്‍ഫേറ്റ് രഹിത ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. ഇതിലൂടെ മുടി പൊട്ടിപ്പോകുന്നത് തടയാം.
മുടിയില്‍ നിന്ന് ഹോളി നിറങ്ങള്‍ നീക്കാന്‍ സഹായിക്കുന്ന മറ്റൊരു പ്രകൃതിദത്ത ബ്ലീച്ചിങ് ഏജന്റാണ് നാരങ്ങ നീര്. കളര്‍ പൊടി ഒഴിവാക്കാന്‍ നാരങ്ങ നീര് വെള്ളത്തില്‍ കലര്‍ത്തി മുടി കഴുകിക്കളയുക. മുടി വരളുന്നത് ഒഴിവാക്കാനും ഇത് സഹായിക്കും. നിറങ്ങള്‍ നീക്കം ചെയ്യാന്‍ മറ്റൊരു മികച്ച മാര്‍ഗമാണ് തൈരും തേനും ചേര്‍ന്ന ഹെയര്‍ മാസ്‌ക്. തൈരിലെ ലാക്റ്റിക് ആസിഡ് കളര്‍ നീക്കാന്‍ സഹായിക്കുന്നു. അതേസമയം തേന്‍ മുടിയുടെ ഈര്‍പ്പം നിലനിര്‍ത്തുന്നു.
കൃത്രിമ നിറങ്ങള്‍ നീക്കാന്‍ ആപ്പിള്‍ സിഡര്‍ വിനഗര്‍ നല്ലൊരു മാര്‍ഗമാണ്. തുല്യ അളവില്‍ ആപ്പിള്‍ സിഡര്‍ വിനഗറും വെള്ളവും കലര്‍ത്തി മുടിയില്‍ അഞ്ച് മിനിറ്റ് തേച്ചുപിടിപ്പിച്ച ശേഷം കഴുകിക്കളയുക. അടുത്തതായി, കടലമാവും തൈരും ചേര്‍ത്ത് ഒരു ക്ലെന്‍സിങ് പേസ്റ്റ് ഉണ്ടാക്കാം. ഇത് മുടിയില്‍ പറ്റിപ്പിടിച്ച നിറങ്ങള്‍ നീക്കാന്‍ ഏറെ നല്ലതാണ്. ഈ പേസ്റ്റ് മുടിയില്‍ പുരട്ടി 20 മിനിറ്റ് നേരം വയ്ക്കുക, തുടര്‍ന്ന് കഴുകിക്കളയുക. മുടി വൃത്തിയാക്കാന്‍ ഏറ്റവും നല്ല മാര്‍ഗമാണിത്.
മുടിക്ക് നല്ല ജലാംശം നല്‍കാന്‍ കഴിവുള്ള പ്രകൃതിദത്ത മാര്‍ഗമാണ് കറ്റാര്‍ വാഴയുടെ പള്‍പ്പ്. ഇത് തലയോട്ടിയിലെ ചൊറച്ചില്‍ കുറയ്ക്കുന്നതിനൊപ്പം നിറങ്ങള്‍ നീക്കാനും സഹായിക്കുന്നു. കറ്റാര്‍ വാഴ പള്‍പ്പ് നേരിട്ട് മുടിയില്‍ പുരട്ടി 30 മിനിറ്റ് നേരം വയ്ക്കുക, തുടര്‍ന്ന് ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുക.
ഹോളിക്ക് ശേഷം മുടിയുടെ സ്വാഭാവിക ഭംഗി വീണ്ടെടുക്കാന്‍ ഒരു ഡീപ് കണ്ടീഷനിങ്ങും ഹോട്ട് ഓയില്‍ മസാജും ഏറെ ഫലപ്രദമാണ്. ഹോളി നിറങ്ങളിലെ രാസവസ്തുക്കള്‍ മുടിയുടെ ആരോഗ്യത്തിന് ഹാനികരമാണെങ്കിലും ഈ പ്രകൃതിദത്ത മാര്‍ഗങ്ങളിലൂടെ അവ ഒഴിവാക്കാനും മുടി സ്വാഭാവിക ഭംഗിയോടെ നിലനിര്‍ത്താനും സാധിക്കും.












Click it and Unblock the Notifications