ഹോളി ആഘോഷം കഴിഞ്ഞപ്പോള്‍ മുഖത്തിന്റെയും ഡ്രസിന്റെയും നിറം മാറിയോ? പരിഹാരമുണ്ട്
ഹോളി ആഘോഷങ്ങള്‍ മനസിന് ഏറ്റവും സന്തോഷം ആഘോഷങ്ങളില്‍ ഒന്നാണ്. നിറങ്ങള്‍ വാരിയെറിയുമ്പോഴും അത് മുഖത്ത് പരസ്പരം അണിയിക്കുമ്പോഴും സൗഹൃദത്തിന്റെ ഏറ്റവും മനോഹരമായ കാഴ്ച്ചയാണ് സമ്മാനിക്കുന്നത്. എന്നാല്‍ ഹോളിയുടെ തൊട്ടടുത്ത ദിവസത്തെ കാര്യം ഓര്‍ക്കുമ്പോള്‍ ചിലര്‍ക്കെങ്കിലും മനസില്‍ ആശങ്ക ഉണ്ടാകാറുണ്ട്. രാവിലെ കണ്ണാടിയില്‍ നോക്കുമ്പോള്‍ ചര്‍മ്മത്തില്‍ പറ്റിപ്പിടിച്ചിരിക്കുന്ന പച്ചയും പിങ്കും നിറങ്ങള്‍ കാണുന്നത് അല്‍പം പ്രയാസകരമായ കാര്യമാണ്.
പല സിന്തറ്റിക് നിറങ്ങളിലും രാസവസ്തുക്കള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ചര്‍മ്മം വരണ്ടു പോകാനും ചൊറിച്ചിലിനും സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ നിറങ്ങള്‍ നീക്കം ചെയ്യുമ്പോള്‍ മുഖവും ശരീരവും കഠിനമായി ഉരച്ചു കഴുകരുത്. അതിനു പകരം ശാസ്ത്രീയവും ലളിതവുമായ മാര്‍ഗങ്ങള്‍ അവലംബിക്കേണ്ടത് അത്യാവശ്യമാണ്.

മുഖത്തെ നിറങ്ങള്‍ നീക്കം ചെയ്യാന്‍
മുഖത്തെ ചര്‍മ്മം വളരെ ലോലമായതിനാല്‍ വീര്യം കൂടിയ സോപ്പുകളും സ്‌ക്രബുകളും ഒഴിവാക്കുന്നതാണ് നല്ലത്. മുഖം കഴുകുന്നതിന് മുന്‍പായി വെളിച്ചെണ്ണയോ ബദാം എണ്ണയോ പുരട്ടി 20 മിനിറ്റോളം മസാജ് ചെയ്യുക. ഇത് ചര്‍മ്മത്തിലെ നിറങ്ങളെ അയവുള്ളതാക്കാന്‍ സഹായിക്കും. തുടര്‍ന്ന് വീര്യം കുറഞ്ഞ ഫേസ് വാഷ് ഉപയോഗിച്ച് കഴുകാം.
കടലമാവ്, പാല്‍ അല്ലെങ്കില്‍ തൈര്, ഒരു നുള്ള് മഞ്ഞള്‍ എന്നിവ ചേര്‍ത്ത മിശ്രിതം മുഖത്ത് പുരട്ടി 10 മിനിറ്റിന് ശേഷം കഴുകിക്കളയുന്നത് ചര്‍മ്മത്തിന് തിളക്കം നല്‍കും. ശരീരത്തിലെ നിറങ്ങള്‍ കളയാന്‍ കടുക് എണ്ണയോ വെളിച്ചെണ്ണയോ ഉപയോഗിച്ച് മസാജ് ചെയ്ത ശേഷം ഇളം ചൂടുവെള്ളത്തില്‍ കുളിക്കുക. പഞ്ചസാരയും വെളിച്ചെണ്ണയും ചേര്‍ത്ത സ്വാഭാവിക സ്‌ക്രബ് ഉപയോഗിക്കുന്നത് ശരീരത്തിലെ കറകള്‍ നീക്കം ചെയ്യാന്‍ സഹായിക്കും.
മുടിയുടെ സംരക്ഷണത്തിന്
ഹോളി ആഘോഷത്തില്‍ ഏറ്റവും കൂടുതല്‍ കേടുപാടുകള്‍ സംഭവിക്കാന്‍ സാധ്യതയുള്ളത് മുടിക്കാണ്. മുടി കഴുകുന്നതിന് മുന്‍പ് ചൂടുള്ള വെളിച്ചെണ്ണ തലയില്‍ തേച്ചുപിടിപ്പിക്കുന്നത് നിറങ്ങള്‍ വേഗത്തില്‍ പോകാന്‍ സഹായിക്കും. വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. ഒരു ദിവസം തന്നെ പലതവണ ഷാംപൂ ചെയ്യുന്നത് മുടി കൂടുതല്‍ വരണ്ടതാക്കും. അതിനാല്‍ മുടിയില്‍ അവശേഷിക്കുന്ന നിറം അടുത്ത ദിവസത്തെ കുളിയില്‍ നീക്കം ചെയ്യാന്‍ ശ്രമിക്കുക. കുളിക്ക് ശേഷം കണ്ടീഷണറോ അല്ലെങ്കില്‍ തൈരും തേനും ചേര്‍ത്ത ഹെയര്‍ മാസ്‌കോ ഉപയോഗിക്കുന്നത് മുടിയുടെ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കും. കുറച്ച് ദിവസത്തേക്ക് മുടിയില്‍ ഹീറ്റ് സ്‌റ്റൈലിങ് ഉപകരണങ്ങള്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
വസ്ത്രങ്ങളിലെ നിറങ്ങള്‍ കളയാന്‍
വസ്ത്രങ്ങളില്‍ ഹോളി നിറങ്ങള്‍ പറ്റിയാല്‍ അവ നേരിട്ട് വെയിലത്തിട്ട് ഉണങ്ങാന്‍ അനുവദിക്കരുത്. ഇത് കറകള്‍ വസ്ത്രത്തില്‍ പറ്റിപ്പിടിക്കാന്‍ കാരണമാകും. പകരം വസ്ത്രങ്ങള്‍ വീട്ടില്‍ എത്തിയ ഉടന്‍ തന്നെ തണുത്ത വെള്ളത്തില്‍ 30 മിനിറ്റോളം മുക്കിവെക്കുക. നാരങ്ങാനീരും ബേക്കിംഗ് സോഡയും ചേര്‍ത്ത മിശ്രിതം കറയുള്ള ഭാഗത്ത് പുരട്ടുന്നത് ഫലപ്രദമാണ്.
വെളുത്ത വസ്ത്രങ്ങളാണെങ്കില്‍ വിനാഗിരി കലര്‍ത്തിയ വെള്ളത്തില്‍ മുക്കിവെച്ചാല്‍ കറകള്‍ വേഗത്തില്‍ മാറും. ആഘോഷത്തിന് പുറപ്പെടുന്നതിന് മുന്‍പ് തന്നെ ശരീരത്തിലും മുടിയിലും എണ്ണ പുരട്ടുന്നതും മുഴുവന്‍ കൈയുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതും നിറങ്ങള്‍ ചര്‍മ്മത്തില്‍ നേരിട്ട് പതിയുന്നത് ഒഴിവാക്കാന്‍ സഹായിക്കും. ക്ഷമയോടെയുള്ള ഈ പരിചരണത്തിലൂടെ ചര്‍മ്മവും മുടിയും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സ്വാഭാവിക തിളക്കം വീണ്ടെടുക്കും.












Click it and Unblock the Notifications