നിങ്ങളുടെ കണ്ണിന് താഴെ കറുപ്പടിച്ചിരിക്കുകയാണോ? പരിഹാരം വീട്ടിൽ തന്നെ ഉണ്ട്, 7 ലളിതമായ വഴികൾ
കണ്ണിന് ചുറ്റുമുളള കറുപ്പ് നിറം പലരും നേരിടുന്ന ഒരു പ്രശ്നമാണ്. മേക്കപ്പിൽ കൺസീലർ ഉപയോഗിച്ചും മറ്റും ഈ കറുപ്പ് മറയ്ക്കാൻ ശ്രമിക്കാറുണ്ട്. മാത്രമല്ല കണ്ണിന് താഴെയുളള കറുപ്പ് നിറം കുറയ്ക്കാനുളള പല ക്രീമുകളും മാർക്കറ്റിൽ ലഭ്യവുമാണ്.
കണ്ണിന് താഴെയുള്ള കറുപ്പ് മേക്കപ്പ് കൊണ്ട് മറയ്ക്കുന്നത് താത്കാലികമായ ഒരു പരിഹാരം മാത്രമാണ്. ഉറക്കമില്ലായ്മയും സമ്മർദ്ദവും അടക്കം പല കാരണങ്ങൾ കൊണ്ട് കണ്ണിന് താഴെ നിറം മാറ്റം സംഭവിക്കാം. ഇതിന് പരിഹാരങ്ങൾ നിങ്ങളുടെ അടുക്കളയിലെ സാധാരണ ചേരുവകൾ ഉപയോഗിച്ച് തന്നെ തയ്യാറാക്കാം. കണ്ണിന് താഴെ കറുപ്പ് വരുന്നതിനുള്ള പ്രധാന കാരണങ്ങൾ ഇവയാണ്.
ഉറക്കമില്ലായ്മ: ദിവസവും 7-8 മണിക്കൂർ ഉറക്കം ലഭിക്കാത്ത ആളുകളിൽ രക്തയോട്ടം കുറയുകയും ഇത് കണ്ണിന് താഴെ കറുപ്പ് നിറം ഉണ്ടാക്കുകയും ചെയ്യും.

വാർദ്ധക്യം: പ്രായമാകുമ്പോൾ ചർമ്മത്തിലെ കൊളാജൻ നഷ്ടപ്പെടുകയും ഇലാസ്തികത കുറയുകയും ചെയ്യുന്നു. ഇത് ചർമ്മം തൂങ്ങാനും കണ്ണിന് താഴെയുള്ള നേർത്ത രക്തക്കുഴലുകൾ കൂടുതൽ വ്യക്തമാകാനും കാരണമാകും, ഇത് കറുത്ത നിറത്തിന് വഴിവെക്കും.
മാനസിക സമ്മർദ്ദം: തുടർച്ചയായി സമ്മർദ്ദം അനുഭവിക്കുന്നവരിൽ കണ്ണിന് താഴെ കറുപ്പ് വരാനുള്ള സാധ്യത കൂടുതലാണ്. സമ്മർദ്ദം ഉണ്ടാകുമ്പോൾ ശരീരം രക്തയോട്ടം മറ്റ് പ്രധാന ഭാഗങ്ങളിലേക്ക് അയക്കുകയും മുഖത്തേക്കുള്ള രക്തയോട്ടം കുറയുകയും ചെയ്യുന്നതാണ് ഇതിന് കാരണം.
ജലാംശം കുറയുന്നത്: ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കാത്തവരിൽ ചർമ്മത്തിന് ആവശ്യമായ ജലാംശം ലഭിക്കാതെ വരുന്നു. ഇത് കണ്ണിന് താഴെ കറുപ്പ് ഉണ്ടാകാൻ ഒരു പ്രധാന കാരണമാണ്. ചുരുങ്ങിയത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും ദിവസവും കുടിക്കേണ്ടത് അത്യാവശ്യമാണ്.
അലർജികൾ: വിട്ടുമാറാത്ത അലർജിയുള്ള ആളുകളിൽ കണ്ണിന് താഴെ കറുപ്പ് വരാനുള്ള സാധ്യതയുണ്ട്. മൂക്കടപ്പ്, ക്ഷീണം, തലവേദന, തിണർപ്പ്, മൂക്കിലെ ചൊറിച്ചിൽ തുടങ്ങിയ അലർജി ലക്ഷണങ്ങൾ ഉള്ളവരിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്.
സൂര്യപ്രകാശം: സൺസ്ക്രീൻ ഉപയോഗിക്കാതെ ദീർഘനേരം സൂര്യപ്രകാശത്തിൽ നിൽക്കുന്നത് ചർമ്മത്തിന്റെ സ്വാഭാവിക നിറം മാറ്റാൻ ഇടയാക്കും. അമിതമായ മെലാനിൻ ഉത്പാദനം കണ്ണിന് താഴെ കറുപ്പ് വരാൻ കാരണമാകുന്നു.
ജീവിതശൈലി: പുകവലി, മദ്യപാനം, ഉറക്കക്കുറവ്, മോശം ഭക്ഷണം, ശരിയായ ചർമ്മ സംരക്ഷണമില്ലായ്മ എന്നിവയെല്ലാം കണ്ണിന് താഴെ കറുപ്പ് ഉണ്ടാക്കുന്നു. ഇത് ചർമ്മത്തിന് പോഷകങ്ങൾ ഇല്ലാതാക്കുകയും സ്വാഭാവിക സൗന്ദര്യം നശിപ്പിക്കുകയും ചെയ്യും. പുകവലി രക്തക്കുഴലുകൾ ചുരുങ്ങുന്നതിനും രക്തയോട്ടം കുറയുന്നതിനും ഇടയാക്കും, ഇത് കണ്ണിന് താഴെയുള്ള നേർത്ത ചർമ്മത്തെ പ്രതികൂലമായി ബാധിക്കും.
കണ്ണിന് താഴെയുള്ള കറുപ്പ് മാറ്റാൻ 7 ലളിതമായ വഴികൾ ഇതാ
ബദാം എണ്ണ: കോൾഡ് പ്രസ്സ് ചെയ്ത ബദാം എണ്ണയിൽ ആന്റിഓക്‌സിഡന്റുകളും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് കണ്ണിന് താഴെയുള്ള കറുപ്പ് കുറയ്ക്കാൻ സഹായിക്കും. എല്ലാ ദിവസവും മുഖം വൃത്തിയാക്കിയ ശേഷം കണ്ണിന് താഴെ ഇത് മസാജ് ചെയ്യുന്നത് നല്ലതാണ്.
കക്കരി: കക്കരിയിൽ സ്വാഭാവികമായ ജലാംശവും അസ്ട്രജന്റ് ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് കണ്ണിന് താഴെയുള്ള കറുപ്പ് കുറയ്ക്കാൻ സഹായിക്കും. കക്കരി രണ്ട് കഷ്ണങ്ങളാക്കി മുറിച്ച് അല്പനേരം ഫ്രിഡ്ജിൽ വെച്ച ശേഷം 10 മിനിറ്റ് കണ്ണുകളിൽ വെക്കുക. ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയുക.
ഉരുളക്കിഴങ്ങ്: ഉരുളക്കിഴങ്ങിൽ സ്വാഭാവികമായ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ളതിനാൽ ഇത് ചർമ്മത്തിലെ കറുത്ത പാടുകൾ മാറ്റാൻ സഹായിക്കും. ഉരുളക്കിഴങ്ങ് വട്ടത്തിൽ മുറിച്ച് കണ്ണിന് താഴെയുള്ള ഭാഗത്ത് കുറച്ച് നേരം തടവുക. ശേഷം കഴുകിക്കളയുക.
വിറ്റാമിൻ ഈ: വിറ്റാമിൻ ഈ ക്യാപ്സൂളുകൾ ചർമ്മത്തിന് ജലാംശം നൽകുകയും കറുപ്പ് കുറയ്ക്കുകയും ചെയ്യും. രണ്ട് വിറ്റാമിൻ ഇ ക്യാപ്സൂളുകൾ ഒലിവ് ഓയിലുമായി കലർത്തി കണ്ണുകൾക്ക് ചുറ്റും പുരട്ടി രാത്രി മുഴുവൻ വെക്കുക.
സൺസ്ക്രീൻ: ദിവസവും എസ്പിഎഫ് 30 ഉള്ള സൺസ്ക്രീൻ ഉപയോഗിക്കുകയും നല്ല സൺഗ്ലാസ് ഉപയോഗിച്ച് കണ്ണുകളെ സംരക്ഷിക്കുകയും ചെയ്യുക.
പനിനീർ: വിറ്റാമിൻ എ ധാരാളമായി അടങ്ങിയ പനിനീർ കണ്ണിന് താഴെയുള്ള കറുപ്പ് മാറ്റാൻ ഫലപ്രദമാണ്. പഞ്ഞിയിൽ പനിനീർ മുക്കി കണ്ണിന് ചുറ്റും പുരട്ടുക. രാത്രി മുഴുവൻ വെച്ച ശേഷം രാവിലെ കഴുകിക്കളയുക.
കറ്റാർവാഴ: കറ്റാർവാഴക്ക് നിരവധി ചർമ്മ രോഗശാന്തി ഗുണങ്ങളുണ്ട്. ഇത് കണ്ണിന് താഴെയുള്ള ലോലമായ ചർമ്മത്തെ നന്നാക്കാൻ സഹായിക്കും. രാത്രിയിൽ മുഖം വൃത്തിയാക്കിയ ശേഷം കറ്റാർവാഴ ജെൽ നേരിയ പാളിയായി പുരട്ടി രാത്രി മുഴുവൻ വെക്കുക.


Click it and Unblock the Notifications