വീടിനുള്ളിൽ സ്ഥലമില്ലേ? ഫർണിച്ചറുകൾ ഇങ്ങിനെയാക്കാം- ഭംഗിയാണ്,ട്രെൻഡിയാണ്...
വീടിനുള്ളിൽ സ്ഥലം കുറവാണെങ്കിൽ മുറികളിലെ നല്ലൊരു ഭാഗവും ഫർണിച്ചറുകൾ കയ്യേറുന്നത് വെല്ലുവിളിയാകാറുണ്ട്. ട്രെൻഡിങ് ഡിസൈനുകളിൽ, ഭംഗിയും സൗകര്യവും ഒരുപോലെ സമന്വയിക്കുന്ന മൾട്ടി പർപ്പസ് ഫർണിച്ചറുകളാണ് ഇതിനൊരു പരിഹാരം. ചെറിയ ഇടങ്ങൾ പോലും വിശാലമാക്കാം, മനോഹരമാക്കാം. മാറിക്കൊണ്ടിരിക്കുന്ന ജോലി-ജീവിത ശൈലിക്ക് അനുയോജ്യവുമാണ് ഇവ.
ഒന്നിൽ കൂടുതൽ ഉപയോഗങ്ങൾ സാധ്യമാകുന്ന ഫർണിച്ചറുകളാണ് മർട്ടി പർപ്പസ് ഫർണിച്ചറുകൾ. ഇരിക്കാനും കിടക്കാനും പണ്ട് മുതലേ ഉപയോഗിച്ചുവരുന്ന സോഫ കം ബെഡ് ആണ് മലയാളികൾക്ക് സുപരിചിതമായ മർട്ടി പർപ്പസ് ഫർണിച്ചറുകളിലൊന്ന്. ഒന്നിലധികം ഫർണിച്ചറുകളുടെ ഉപയോഗം സാധ്യമാകുന്നത് കൊണ്ട് സ്ഥലം ലാഭിക്കാം എന്നതാണ് ഇവയുടെ പ്രധാന സവിശേഷത. ചെറിയ മുറികൾക്ക് പോലും വിശാലത തോന്നിപ്പിക്കുകയും ചെയ്യും.

വില കൂടുതലാണെന്ന 'ചീത്തപ്പേര്’ ഉണ്ടെങ്കിലും ഒന്നിലധികം ഫർണിച്ചറുകൾ വെവ്വേറെ വാങ്ങുന്നതിന്റെ ചെലവ് വെച്ച് നോക്കുമ്പോൾ അതിൽ കാര്യമില്ലെന്ന് മനസ്സിലാക്കാം. ദീർഘകാലാടിസ്ഥാനത്തിൽ നോക്കുമ്പോൾ ഇതൊരു നിക്ഷേപമായിട്ടും പരിഗണിക്കാം. ഇത്തരം മിക്ക ഫർണിച്ചറുകളിലും സ്റ്റോറേജ് സൗകര്യങ്ങൾ കൂടി ഉള്ളത് മുറികൾ അടുക്കും ചിട്ടയുമായി പരിപാലിക്കുന്നതിനും സഹായിക്കും. മുറിക്ക് വലുപ്പം തോന്നിപ്പിക്കാൻ ഇതും ഒരു കാരണമാകുന്നു.
മലയാളിയുടെ പരമ്പരാഗത മർട്ടി പർപ്പസ് ഫർണിച്ചറായ സോഫ കം ബെഡ് ഇപ്പോൾ മരത്തിന്റേതും ലഭ്യമാണ്. സിംഗിള്‍, ഡബിൾ, ഫാമിലി തുടങ്ങി പല വലുപ്പത്തിൽ ലഭ്യമാണ്. അതനുസരിച്ച് വിലയിലും മാറ്റം വരുമെന്ന് മാത്രം. സ്റ്റേറേജ് സൗകര്യം കൂടി ലഭ്യമായ സ്റ്റോറേജ് ഓട്ടോമൻ ഫർണിച്ചറുകളാണ് ഈ ഗണത്തിലെ കേമന്മാരിലൊന്ന്. ഇരിക്കാനോ കാൽ വെക്കാനോ ഒക്കെ ഉപയോഗിക്കുന്ന ഇവയുടെ ഉൾഭാഗത്ത് പുസ്തകങ്ങളും കളിപ്പാട്ടങ്ങളുമൊക്കെ സൂക്ഷിക്കാൻ സൗകര്യമുണ്ട്.
കസേരകൾ ഉള്ളിലേക്ക് വെക്കുമ്പോൾ റൗണ്ട് ടേബിളായും പുറത്തേക്ക് എടുക്കുമ്പോൾ ഡൈനിങ് ടേബിളായും ഉപയോഗിക്കാവുന്ന ഡൈനിങ് ടേബിളുകളാണ് മേശകൾക്കിടയിലെ ട്രെൻഡിങ് താരം. ഉപയോഗിക്കുന്ന മരം, ഡിസൈൻ എന്നിവയനുസരിച്ച് വിലയിൽ വ്യത്യാസം വരും. പഠിക്കാനും ജോലി ചെയ്യാനും തുണി തേയ്ക്കാനുമൊക്കെ നിവർത്തിയും ഉപയോഗശേഷം മടക്കിയും വെക്കാവുന്ന, ചുമരിൽ ഘടിപ്പിക്കാവുന്ന മേശ സ്ഥലം ലാഭിക്കുന്നതിൽ ഏറെ സഹായിക്കുന്ന മൾട്ടി പർപ്പസ് ഫർണിച്ചറാണ്.
വർക്ക് ഫ്രം ഹോം സർവസാധാരണമായതോടെ ഇത്തരം കൺവെർട്ടിബിൾ ഡെസ്കുകൾക്ക് ആവശ്യക്കാരേറെയാണ്. ലാപ്ടോപ്പും മൊബൈലുമൊക്കെ ചാർജ് ചെയ്യാനുള്ള ബിൽറ്റ്–ഇൻ ചാർജിങ് പോർട്ടുകൾ അടക്കമാണ് ഇവ വിപണിയിലെത്തുന്നത്.
കട്ടിലിന് അടിയിലെ ഭാഗം കാലിയാക്കി ഇടാതെ സ്റ്റോറേജ് സൗകര്യം ഒരുക്കിയുള്ള ഫർണിച്ചറുകളും ലഭ്യമാണ്. ബെഡ്ഷീറ്റുകളും പുതപ്പുകളും പില്ലോ കവറുകളുമൊക്കെ സൂക്ഷിക്കാനുള്ള സൗകര്യം ഈ കട്ടിലുകളിലുണ്ട്. കട്ടിലിന്റെ വലുപ്പവും ഉപയോഗിക്കുന്ന മരത്തിന്റെ വിലയും അനുസരിച്ച് വില മാറും.
മുമ്പത്തേതിൽ നിന്ന് വ്യത്യസ്തമായി കൊത്തുപണികൾ കുറച്ചുള്ള ലളിതമായ ഡിസൈനുകളും ഇളം നിറവുമാണ് മർട്ടി പർപ്പസ് ഫർണിച്ചറുകളിലെ ഇപ്പോഴത്തെ ട്രെൻഡ്. മുറികൾക്ക് ഒതുക്കവും ഭംഗിയും വർധിപ്പിക്കാൻ ഇത് സഹായിക്കും. ആവശ്യത്തിനനുസരിച്ച് പിന്നീട് മാറ്റങ്ങൾ വരുത്താനും വലുപ്പം കൂട്ടാനും കുറക്കാനുമൊക്കെ സാധിക്കുന്ന മോഡുലാർ ഡിസൈനുകൾക്കാണ് ഇപ്പോൾ കൂടുതൽ പേരും മുൻഗണന നൽകുന്നത്.












Click it and Unblock the Notifications