അടുക്കളയില്‍ പല്ലികള്‍ മുട്ടയിട്ട് പെരുകുന്നുണ്ടോ? പല്ലി മുട്ടകള്‍ കണ്ടെത്താനുള്ള വഴികള്‍ ഇതാ
അടുക്കളയിലെ ശല്യക്കാരില്‍ പ്രധാനിയാണ് പല്ലികള്‍. എവിടെയും നുഴഞ്ഞുകയറുന്ന ഇവ ഭക്ഷണ സാധനങ്ങള്‍ക്കും ഭീഷണിയാകാറുണ്ട്. ഭക്ഷണം എങ്ങാനും തുറന്നുവച്ചാല്‍ അതിലൂടെ കയറി ഇറങ്ങി നടക്കും. ഭക്ഷണം കഴിക്കാന്‍ പറ്റാത്ത രീതിയില്‍ മലിനമാക്കുകയും ചെയ്യും. ആരും ശ്രദ്ധിക്കാത്ത മേഖലകളില്‍ മുട്ടയിട്ട് പെരുകുന്നതാണ് ഇവയുടെ പതിവ്. ഭക്ഷണലഭ്യതയും ചൂടും നോക്കിയാണ് പല്ലികള്‍ സുരക്ഷിതമായ ഒളിസങ്കേതങ്ങള്‍ കണ്ടെത്തുന്നത്.
അടുക്കളകളും അലമാരകളും കബോര്‍ഡുകളും പല്ലികള്‍ക്ക് മുട്ടയിടാന്‍ പറ്റിയ ഇടങ്ങളാകാറുണ്ട്. പല്ലികള്‍ ചൂടും ഈര്‍പ്പവുമുള്ള മാസങ്ങളിലാണ് മുട്ടയിടുന്നത്. പെണ്‍പല്ലികള്‍ സാധാരണയായി രണ്ടോ അതിനടുത്തോ മുട്ടകള്‍ ഒരുമിച്ചിടും. ശത്രുക്കള്‍ക്കും ഉറുമ്പുകള്‍ക്കും മനുഷ്യര്‍ക്കും പോലും കണ്ടെത്താന്‍ കഴിയാത്ത വിധമാണ് മുട്ടകള്‍ ഒളിപ്പിച്ചുവയ്ക്കുന്നത്.
അടുക്കളയില്‍ ചുമരുകളിലെ വിള്ളലുകള്‍ക്കിടയിലും ചൂട് ലഭിക്കുന്ന സ്ഥലങ്ങളിലുമാണ് പല്ലികള്‍ പ്രധാനമായും മുട്ടയിടാന്‍ തിരഞ്ഞെടുക്കുന്നത്. ഗ്യാസ് സിലിണ്ടറുകള്‍ക്കും സ്റ്റൗവിനും പിന്നിലുള്ള വിടവുകള്‍, സിങ്കിനടിയിലെ പൈപ്പുകള്‍ക്കടുത്തുള്ള ഭാഗങ്ങള്‍ എന്നിവ പ്രധാന ഒളിത്താവളങ്ങളാണ്. കാബിനറ്റുകള്‍ക്കും ഇളകിയ ടൈലുകള്‍ക്കും പിന്നിലെ വിള്ളലുകളിലും പല്ലികള്‍ മുട്ടകള്‍ ഇട്ടുവയ്ക്കാറുണ്ട്.

അടുക്കളയിലെ ഷെല്‍ഫുകള്‍ക്ക് പിന്നിലുള്ള മൂലകളില്‍ സുരക്ഷിതമായി ഇരിക്കാന്‍ പല്ലികള്‍ ഇഷ്ടപ്പെടുന്നു. സ്ഥിരമായി ഉപയോഗിക്കാത്ത പ്രഷര്‍ കുക്കറുകള്‍ക്കും ജാറുകള്‍ക്കും പിന്നില്‍ പല്ലികള്‍ ഒളിച്ചിരിക്കും. റഫ്രിജറേറ്ററുകള്‍ക്ക് പിന്നിലെ ഭാഗവും പല്ലികള്‍ ഇഷ്ടപ്പെടുന്നു. ഫ്രിഡ്ജിനു പിന്നിലെ ഗ്രില്ല് ചൂടും വിടവ് തണലും സുരക്ഷയും ഒരുക്കുന്നതിനാലാണിത്.
കിടപ്പുമുറിയിലെ അലമാരകളും പല്ലികള്‍ക്ക് ശാന്തവും ഇരുണ്ടതുമായ ഒളിസ്ഥലം നല്‍കുന്നു. ചെറിയ വിള്ളലുകളിലൂടെ പല്ലികള്‍ ഉള്ളില്‍ പ്രവേശിക്കുന്നു. അടുക്കിവെച്ച വസ്ത്രങ്ങള്‍ക്ക് പിന്നിലെ കോണുകളിലും മുട്ടകള്‍ കാണാം. ഉപയോഗിക്കാത്ത പുതപ്പുകളും സാരികളും സ്യൂട്ട്‌കേസുകളും മാസങ്ങളോളം മുട്ടകള്‍ക്ക് മികച്ച ഒളിസങ്കേതമൊരുക്കുന്നു.
കിടപ്പുമുറിയിലെ കോണുകളും പല്ലികള്‍ മുട്ടയിടാന്‍ തിരഞ്ഞെടുക്കും. ഭിത്തിയില്‍ ഘടിപ്പിച്ച ഷെല്‍ഫുകള്‍ക്കും ഡ്രസിങ് ടേബിളുകള്‍ക്കും പിന്നിലെ ഭാഗങ്ങള്‍ പല്ലികള്‍ക്ക് ഇഷ്ടപ്പെട്ട സ്ഥലങ്ങളാണ്. ചുവരിലെ ക്ലോക്കുകള്‍, കലണ്ടറുകള്‍, ഫോട്ടോ ഫ്രെയിമുകള്‍ എന്നിവയ്ക്കു പിന്നിലും മുട്ടയിടാറുണ്ട്.
ചൂടും സുരക്ഷയും ലഭിക്കുന്ന സ്ഥലങ്ങളാണ് പല്ലികള്‍ മുട്ടയിടാന്‍ തിരഞ്ഞെടുക്കുന്നത്. മുട്ടകള്‍ക്ക് ഉറച്ചുനില്‍ക്കാന്‍ അനുയോജ്യമായ പരുക്കന്‍ ഭിത്തികളാണ് പല്ലികള്‍ ഇഷ്ടപ്പെടുന്നത്. ആളുകള്‍ നടക്കുന്ന തുറന്നതും പ്രകാശമുള്ളതുമായ സ്ഥലങ്ങള്‍ ഇവ ഒഴിവാക്കും. അലമാരകളിലെ സ്ഥിരമായ താപനില മുട്ടകള്‍ വിരിഞ്ഞ് കുഞ്ഞുങ്ങള്‍ വളര്‍ന്നുവരാന്‍ സഹായിക്കുന്നു.
മുട്ടകള്‍ കണ്ടെത്തിയാല്‍
വീടുകള്‍ വൃത്തിയാക്കുന്നതിനിടയില്‍, മുട്ടകള്‍ കാണാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ പരിശോധിക്കുക. അലമാരകള്‍ക്കു പിന്നില്‍ ടോര്‍ച്ച് ഉപയോഗിച്ച് നോക്കുന്നത് മുട്ടകള്‍ കണ്ടെത്താന്‍ സഹായിക്കും. മുട്ടകള്‍ കൈകൊണ്ട് നേരിട്ട് തൊടാതിരിക്കുക. ഒരു കടലാസോ കാര്‍ഡ്‌ബോര്‍ഡോ ഉപയോഗിച്ച് അവയെ എടുത്ത് പ്ലാസ്റ്റിക് കവറുകളിലാക്കി അടയ്ക്കുക.
അടുക്കളകളിലും അലമാരകളിലും പല്ലികള്‍ കൂടു കൂട്ടുന്നത് കുറയ്ക്കാന്‍ ലളിതമായ മാര്‍ഗങ്ങളുണ്ട്. ഭിത്തികളിലെ വിള്ളലുകള്‍ പ്ലാസ്റ്ററോ സിലിക്കണ്‍ സീലന്റോ ഉപയോഗിച്ച് അടയ്ക്കുക. ജനലുകളിലും ലൈറ്റുകള്‍ക്ക് സമീപമുള്ള വെന്റുകളിലും ചെറിയ വലകള്‍ സ്ഥാപിക്കുക. പതിവായി വീട് വൃത്തിയാക്കുന്നത് പ്രാണികളെ അകറ്റും. ഇത് പല്ലികള്‍ വീടിനുള്ളിലേക്ക് എത്തുന്നതു തടയും.












Click it and Unblock the Notifications