ടൂത്ത് ബ്രഷും കിച്ചണ് ടൗവലും എത്ര നാള് കൂടുമ്പോള് മാറ്റണം; ഈ കിച്ചണ് ടിപ്സ് അറിയാതെ പോകരുതേ
പാത്രം കഴുകാന് ഉപയോഗിക്കുന്ന സ്പോഞ്ചും കിച്ചണ് സ്ലാബ് തുടയ്ക്കാന് ഉപയോഗിക്കുന്ന തുണികളും 15 ദിവസം കൂടുമ്പോള് മാറ്റണം. അല്ലെങ്കില് ഇവയില് വലിയ തോതില് ബാക്ടീരിയകള് വളരാന് സാധ്യതയുണ്ട്. വാട്ടര് ഫില്ട്ടര് സാധാരണയായി 3 മുതല് 6 മാസം കൂടുമ്പോള് മാറ്റുന്നതാണ് നല്ലത്.
പാക്കറ്റ് തുറന്നു കഴിഞ്ഞാല് ആറു മാസത്തിനുള്ളില് മസാലപ്പൊടികള് ഉപയോഗിക്കുന്നതാണ് ഉചിതം. ഗുണനിലവാരമുള്ള പാത്രങ്ങള് 5 വര്ഷം വരെ ഉപയോഗിക്കാം. എന്നാല് നോണ്-സ്റ്റിക് പാത്രങ്ങളുടെ കോട്ടിങ് ഇളകിത്തുടങ്ങിയാല് അത് ഉടന് മാറ്റണം.
ഓരോ 3-4 മാസം കൂടുമ്പോഴും ടൂത്ത് ബ്രഷ് മാറ്റണം. ബ്രഷിന്റെ ഇഴകള് അകന്നു തുടങ്ങിയാലും പുതിയത് വാങ്ങുക. കുളിക്കാന് ഉപയോഗിക്കുന്ന ലൂഫ നനവുള്ള സ്ഥലത്ത് ഇരിക്കുന്നതിനാല് ഇവയില് അഴുക്കും അണുക്കളും എളുപ്പത്തില് പിടിക്കും. അതിനാല് 2-3 മാസം കൂടുമ്പോള് ലൂഫ മാറ്റണം. കുളിക്കാനും മറ്റും ഉപയോഗിക്കുന്ന ടവലുകള് 1 മുതല് 2 വര്ഷത്തിനുള്ളില് മാറ്റുന്നതാണ് നല്ലത്. 6 മാസം മുതല് ഒരു വര്ഷം കൂടുമ്പോള് ടോയ്ലറ്റ് ബ്രഷ് മാറ്റണം.

കിടപ്പുമുറിയില് ബെഡ്ഷീറ്റുകള് 2-3 വര്ഷം കൂടുമ്പോള് ബെഡ്ഷീറ്റുകള് മാറ്റാം. തലയിണകളില് പൊടിയും അഴുക്കും അണുക്കളും നിറയാന് സാധ്യതയുള്ളതിനാല് 1 മുതല് 2 വര്ഷത്തിനുള്ളില് പുതിയവ വാങ്ങുക. നല്ല ഉറക്കത്തിനും നടുവേദന ഒഴിവാക്കാനും 8 മുതല് 10 വര്ഷം കൂടുമ്പോള് മെത്ത മാറ്റുന്നതാണ് ഉചിതം.
ഫ്രിഡ്ജ്, വാഷിംഗ് മെഷീന്, എസി തുടങ്ങിയവ കൃത്യമായി സര്വീസ് ചെയ്താല് 10 മുതല് 15 വര്ഷം വരെ ഉപയോഗിക്കാം. ചുരുക്കത്തില്, പഴയ സാധനങ്ങള് വര്ഷങ്ങളോളം ഉപയോഗിക്കുന്നത് ആരോഗ്യത്തെ ബാധിച്ചേക്കാം. അതിനാല് കൃത്യസമയത്ത് ഇവ മാറ്റി വീടും ആരോഗ്യവും സുരക്ഷിതമാക്കാം.












Click it and Unblock the Notifications