ഷവർമ പ്രേമിയാണോ ? പണം കൊടുത്ത് പണി വാങ്ങല്ലേ, ഈ 5 കാര്യങ്ങൾ ഉറപ്പുവരുത്തി കഴിക്കാം
കഴിഞ്ഞ ദിവസം കൊച്ചിയിലെ ഒരു ഭക്ഷണശാലയിൽ നിന്ന് ഷവർമ കഴിച്ച് ഒരു യുവാവ് മരിച്ച സംഭവമുണ്ടായി. ഷവർമയിൽ നിന്നുണ്ടായ ഭക്ഷ്യവിഷബാധയെത്തുടർന്നാണ് 24 കാരൻ മരിച്ചത്. ഒരു മാസം മുൻപ് 14 വയസ്സുള്ള ഒരു പെൺകുട്ടി ഷവർമ കഴിച്ച് തന്നെ മരിച്ചിരുന്നു. ഇതിനു പിന്നാലെ 43 പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
ഷവർമ കഴിച്ച് മരിക്കുന്നതോ ആരോഗ്യ പ്രശ്നങ്ങൾ വരുന്നതോ ആയ ഒരുപാട് സംഭവങ്ങൾ നമ്മൾ കണ്ടതാണ്. പൊതുവേ ഷവർമയിൽ ചേർക്കുന്ന ഭക്ഷ്യവസ്തുക്കൾ ഒന്നും വിഷമുള്ളതല്ലെങ്കിലും തയ്യാറാക്കുന്ന രീതിയോ കൈകാര്യം ചെയ്യുന്ന രീതിയോ ഒക്കെയാണ് വില്ലനാകാറുള്ളത്.

ആവശ്യം പോലെ ശീതികരിക്കാത്തതോ നന്നായി വേവിക്കാത്തതോ ആയ മാംസ്യത്തിൽ സാൽമൊണെല്ല, ഇ-കോളി പോലുള്ള ഹാനികരമായ ബാക്ടീരിയകൾ വളരും. ഇതാണ് മനുഷ്യ ശരീരത്തിന് ഹാനികരമാകുന്നത്. ഫ്രിഡ്ജിൽ നിന്ന് മാംസം കൂടുതൽ നേരം പുറത്തു വെച്ചാൽ ഈ ബാക്ടീരിയകളുടെ പ്രജനന കേന്ദ്രമായി മാംസ്യം മാറും.
ഭക്ഷണം പാകം ചെയ്യുന്നവരുടെ വ്യക്തി ശുചിത്വം,മലിനമായ പാത്രങ്ങൾ, ഭക്ഷണം പാകം ചെയ്യുന്ന സ്ഥലത്തെ സാഹചര്യം, സോസുകളുടെയും സുഗന്ധവ്യഞ്ജനങ്ങളുടെയും ശരിയല്ലാത്ത ഉപയോഗം എന്നിവയും ബാക്ടീരിയകൾ പെറ്റുപെരുകാൻ കാരണമാകും. അതേ സമയം ഷവർമ പൂർണമായും ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കണമെന്നില്ല. ചില കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തി വല്ലപ്പോഴും ഷവർമ കഴിക്കുന്നതിൽ തെറ്റില്ല.
ഷവർമ കഴിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
1. ഏത് ഭക്ഷണം കഴിക്കാനും സുരക്ഷിതമായ, നിങ്ങൾക്ക് കുറേക്കൂടി വിശ്വാസ്യതയുള്ള ഹോട്ടലുകൾ തെരഞ്ഞെടുക്കാം. നിങ്ങൾക്ക് ദീർഘ കാലമായി അറിയുന്ന ഷോപ്പുകളിൽ നിന്ന് മാത്രം ഷവർമ കഴിക്കാം.
2. മാംസം ഉചിതമായ താപനിലയിൽ പാകം ചെയ്തിട്ടുണ്ടെന്നും മിതമായ ചൂടോടെയുമാണ് വിളമ്പുന്നതെന്നും ഉറപ്പുവരുത്തുക. മാംസം ശരിയായി പാകം ചെയ്യുന്നതിനുള്ള താപനില സാധാരണയായി 165 ° F (74 ° C) ആണ്. ഈ താപനിലയിലെത്തിയാൽ മാത്രമേ മാംസത്തിലെ ബാക്ടീരിയ നശിക്കൂ.
3. നിങ്ങൾ ഭക്ഷണം വാങ്ങിക്കുന്ന കടയിലെ മാത്രമല്ല, വ്യക്തികളുടെയും ശുചിത്വം ഉറപ്പാക്കണം.
4. അഥവാ നിങ്ങൾ ഷവർമ ഓർഡർ ചെയ്താണ് കഴിക്കുന്നതെങ്കിൽക്കൂടെ റൂം ടെമ്പറേച്ചറിൽ ദീർഘനേരം ഇരിക്കുന്ന ഷവർമ കഴിക്കുന്നത് ഒഴിവാക്കുക.
5. അസംസ്കൃതമോ വേവിക്കാത്തതോ ആയ മാംസം ഉപയോഗിക്കരുത്. ഇതല്ല കഴിക്കാനെടുക്കുന്നതെന്ന് 100 ശതമാനം ഉറപ്പു വരുത്തണം. ചേർക്കുന്ന പൊടികളും മസാലയും മയോണൈസിന്റെയും പോലും ചെറിയ രുചിവ്യത്യാസം കണ്ടാൽ ഭക്ഷണം ഒഴിവാക്കുക.












Click it and Unblock the Notifications