എയർ ഫ്രയർ സംഭവം പൊളിയാണ്, പക്ഷേ എങ്ങനെ വൃത്തിയാക്കും? എളുപ്പ വഴികളിതാ
ഇന്നത്തെ കാലത്ത് മിക്ക വീടുകളിലേയും അടുക്കളയിൽ കാണുന്ന ഒന്നാണ് എയർ ഫ്രയർ. ആരോഗ്യം നോക്കുന്നതിൽ ശ്രദ്ധാലുക്കളായ ഇന്നത്തെ തലമുറ എണ്ണ കുറച്ചുളള ഭക്ഷണങ്ങളുണ്ടാക്കാനും മറ്റുമായി എയർ ഫ്രയറുകളെ കൂടുതലായി ആശ്രയിക്കുന്നുണ്ട്.
സംഭവം പൊളിയാണെങ്കിലും ഭക്ഷണം ഉണ്ടാക്കിയ ശേഷം എയർ ഫ്രയർ വൃത്തിയാക്കുക എന്നത് പലർക്കും ഒരു തലവേദനയാണ്. ശരിയായ രീതിയിൽ എങ്ങനെ എയർ ഫ്രയർ വൃത്തിയാക്കാമെന്നത് ചിലർക്ക് അറിയുകയുമില്ല. കേടുപാടുകൾ കൂടാതെ എയർ ഫ്രയർ എളുപ്പത്തിൽ വൃത്തിയാക്കാൻ സഹായിക്കുന്ന 3 ലളിതമായ വഴികൾ ഇതാ..
എയർ ഫ്രയറിന്റെ ബാസ്കറ്റും ട്രേയും ബലം പ്രയോഗിച്ച് തിരുമ്മി കഴുകാൻ ഒരിക്കലും ശ്രമിക്കരുത്. അങ്ങനെ ചെയ്താൽ അതിലെ നോൺ സ്റ്റിക് കോട്ടിംഗ് നശിച്ച് പോകും. ബാസ്കറ്റും ട്രേയും എടുത്ത് ചെറുചൂടുള്ള സോപ്പുവെള്ളത്തിൽ 15 മുതൽ 20 മിനിറ്റ് വരെ മുക്കിവെക്കുക. എണ്ണമയം അടക്കമുളള കറകൾ അയഞ്ഞു കഴിഞ്ഞാൽ മൃദുവായ സ്പോഞ്ച് ഉപയോഗിച്ച് എളുപ്പത്തിൽ തുടച്ചുമാറ്റാം. പൂർണ്ണമായും ഉണങ്ങിയ ശേഷം മാത്രം തിരികെ വെക്കുക.

മറ്റൊരു വഴി എയർ ഫ്രയറിന്റെ അകം ഭാഗവും ഹീറ്റിംഗ് കോയിലും ഈറൻ തുണി ഉപയോഗിച്ച് തുടക്കുക എന്നതാണ്. എയർ ഫ്രയറിന്റെ ഉൾവശത്തും മുകളിലുള്ള ഹീറ്റിംഗ് കോയിലിലും എണ്ണമയം ഉണ്ടാകാൻ സാധ്യതയുണ്ട്. ഇതിലേക്ക് നേരിട്ട് വെള്ളമൊഴിച്ച് കഴുകരുത്. പകരം നനഞ്ഞ തുണിയോ സ്പോഞ്ചോ ഉപയോഗിച്ച് തുടച്ചെടുക്കുക മാത്രമേ ചെയ്യാവൂ. കട്ടിയുളള കറയാണെങ്കിൽ വിനാഗിരി ഉപയോഗിച്ച് തുടച്ചെടുക്കാം.
എയർ ഫ്രയർ ഉപയോഗിച്ചതിന് ശേഷം അപ്പോൾ തന്നെ വൃത്തിയാക്കി വെക്കാൻ ശ്രദ്ധിക്കണം. ഭക്ഷണം ഉണ്ടാക്കുമ്പോൾ എയർ ഫ്രയർ പാർച്ച്മെന്റ് പേപ്പർ ലൈനറുകൾ' ഉപയോഗിക്കുന്നത് കറകൾ പറ്റിപ്പിടിക്കുന്നത് ഒഴിവാക്കാൻ സഹായിക്കും. വൃത്തിയാക്കാൻ തുടങ്ങുന്നതിന് മുൻപ് എയർ ഫ്രയറിന്റെ പ്ലഗ് ഊരി മാറ്റാനും മെഷീൻ പൂർണ്ണമായി തണുത്തു എന്ന് ഉറപ്പുവരുത്താനും മറക്കരുത്. ഇലക്ട്രിക്കൽ ഭാഗങ്ങളിലോ പ്ലഗ്ഗിലോ വെള്ളം തട്ടാൻ പാടില്ല.



Click it and Unblock the Notifications
