നിങ്ങൾ കുടിക്കുന്ന പാലിൽ മായമുണ്ടോ? വെറും 2 മിനിറ്റിൽ തന്നെ കണ്ടെത്താം!
നമ്മുടെ നിത്യജീവിതത്തിലെ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് പാൽ. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പോഷകങ്ങൾ നൽകുന്ന പാനീയമാണിത്. എന്നാൽ ഇന്ന് വിപണിയിൽ ലഭിക്കുന്ന പാലിൽ പലപ്പോഴും ലാഭക്കൊതി മൂത്ത് പലവിധത്തിലുള്ള മായങ്ങൾ ചേർക്കാറുണ്ട്. പാലിന്റെ അളവ് കൂട്ടാനും കേടു കൂടാതെ സൂക്ഷിക്കാനും സോപ്പ് ലായനി, സ്റ്റാർച്ച്, യൂറിയ, ശുദ്ധീകരിച്ച എണ്ണ തുടങ്ങിയവ കലർത്തുന്നത് പതിവാകുകയാണ്. ഇത്തരം മായം കലർന്ന പാൽ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. പാലിന്റെ ശുദ്ധത(Milk Purity Test at Home) വീട്ടിൽ വെച്ച് തന്നെ വെറും രണ്ട് മിനിറ്റിനുള്ളിൽ എങ്ങനെ കണ്ടെത്താം എന്ന് നോക്കാം.
1.ഡിറ്റർജന്റ് അഥവാ സോപ്പ് ലായനി
പാലിന് നല്ല വെളുത്ത നിറവും കൊഴുപ്പും തോന്നിക്കാനാണ് പലപ്പോഴും ഡിറ്റർജന്റ് ചേർക്കുന്നത്. ഇത് കണ്ടെത്താൻ ഒരു ഗ്ലാസ് കുപ്പിയിലോ പാത്രത്തിലോ അല്പം പാൽ എടുത്ത് നന്നായി കുലുക്കുക. പാലിൽ നല്ലതുപോലെ നുരയും പതയും വരികയും അത് ഏറെ നേരം നിലനിൽക്കുകയും ചെയ്യുന്നുണ്ടെങ്കിൽ അതിൽ ഡിറ്റർജന്റ് ചേർത്തിട്ടുണ്ടെന്ന് ഉറപ്പിക്കാം. ശുദ്ധമായ പാലാണെങ്കിൽ കുലുക്കുമ്പോൾ വളരെ കുറഞ്ഞ അളവിൽ മാത്രമേ നുര ഉണ്ടാവുകയുള്ളൂ.
2.പാലിന്റെ മണം ശ്രദ്ധിക്കുക
പാൽ ചൂടാക്കുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങൾ ശ്രദ്ധിച്ചാൽ മായം തിരിച്ചറിയാം. യഥാർത്ഥ പാൽ തിളപ്പിക്കുമ്പോൾ നേരിയ മധുരമുള്ള സുഗന്ധമാണ് ഉണ്ടാകുക. എന്നാൽ കൃത്രിമമായുണ്ടാക്കിയ പാൽ ചൂടാക്കുമ്പോൾ ഒരു പ്രത്യേക ദുർഗന്ധം അനുഭവപ്പെടും. കൂടാതെ ഇത്തരം പാലിന് മുകളിൽ എണ്ണമയമുള്ള ഒരു പാളി പ്രത്യക്ഷപ്പെടാനും സാധ്യതയുണ്ട്.

3.ശുദ്ധീകരിച്ച എണ്ണ (Refined Oil) ഉണ്ടോ?
പാലിലെ കൊഴുപ്പ് കൂട്ടാൻ ചിലർ എണ്ണ ചേർക്കാറുണ്ട്. ഇത് പരിശോധിക്കാൻ ഒരു തുള്ളി പാൽ വിരലിലെടുത്ത് തടവി നോക്കുക. പാൽ ഒട്ടിപ്പിടിക്കുന്നതായി തോന്നുകയോ അമിതമായ എണ്ണമയം അനുഭവപ്പെടുകയോ ചെയ്താൽ അതിൽ എണ്ണ ചേർത്തിട്ടുണ്ടെന്ന് മനസ്സിലാക്കാം. ശുദ്ധമായ പാൽ തൊടുമ്പോൾ മൃദുവായ അനുഭവമാണ് നൽകുക.
4.അന്നജം അഥവാ സ്റ്റാർച്ച് പരിശോധന
പാലിന്റെ കട്ടി വർദ്ധിപ്പിക്കാനാണ് സ്റ്റാർച്ച് അല്ലെങ്കിൽ അരിപ്പൊടി പോലുള്ളവ ചേർക്കുന്നത്. ഇത് കണ്ടെത്താൻ വീട്ടിൽ അയോഡിൻ ലായനി ഉണ്ടെങ്കിൽ എളുപ്പമാണ്. ഒരു സ്പൂൺ പാലിലേക്ക് ഒരു തുള്ളി അയോഡിൻ ചേർക്കുക. പാലിന്റെ നിറം നീലയായി മാറുകയാണെങ്കിൽ അതിൽ സ്റ്റാർച്ച് കലർന്നിട്ടുണ്ടെന്ന് ഉറപ്പിക്കാം. നിറം മാറിയില്ലെങ്കിൽ പാൽ ശുദ്ധമാണ്.
5.വെള്ളം ചേർത്തതാണോ?
പാൽ നേർപ്പിക്കാൻ വെള്ളം ചേർക്കുന്നത് സർവ്വസാധാരണമാണ്. പാലിന്റെ സാന്ദ്രത പരിശോധിക്കാൻ മിനുസമുള്ള ചില്ല് പ്രതലത്തിലോ സ്റ്റീൽ പ്ലേറ്റിലോ ഒരു തുള്ളി പാൽ ഒഴിക്കുക. പാൽ വേഗത്തിൽ ഒഴുകിപ്പോവുകയും ഒഴുകിയ വഴിയിൽ വെളുത്ത പാടുകൾ ഇല്ലാതിരിക്കുകയും ചെയ്താൽ അതിൽ വെള്ളം ചേർത്തിട്ടുണ്ടെന്ന് മനസ്സിലാക്കാം. ശുദ്ധമായ പാലാണെങ്കിൽ അത് പതുക്കെയേ ഒഴുകുകയുള്ളൂ, പ്ലേറ്റിൽ വെളുത്ത പാടുകൾ അവശേഷിപ്പിക്കുകയും ചെയ്യും.
നമ്മുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യം സംരക്ഷിക്കാൻ നാം കുടിക്കുന്ന പാൽ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. പായ്ക്കറ്റ് പാലായാലും നാടൻ പാലായാലും ഇടയ്ക്കിടെ ഇത്തരം ലളിതമായ പരിശോധനകൾ നടത്തുന്നത് നല്ലതാണ്. മായം കലർന്ന പാൽ വയറിളക്കം, ഭക്ഷ്യവിഷബാധ തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകും എന്നതിനാൽ എപ്പോഴും ജാഗ്രത പാലിക്കുക.












Click it and Unblock the Notifications