മണ്ണിനടിയിലുളള സ്വർണം എങ്ങനെ കണ്ടെത്താം? പ്രധാനമായും രണ്ട് വഴികൾ, കച്ചകെട്ടിയിറങ്ങി ആളുകൾ
സ്വര്‍ണ വില ഈ അടുത്ത കാലത്തൊന്നും പിടിച്ച് കെട്ടാന്‍ പറ്റാത്ത തരത്തിലാണ് ഉയരത്തിലേക്ക് പ്രതിദിനം കുതിച്ച് കൊണ്ടിരിക്കുന്നത്. 1 പവന്‍ സ്വര്‍ണത്തിന് 1 ലക്ഷം എന്ന നിലയിലേക്കാണ് വില കയറുന്നത്. വില കുറവുണ്ടായിരുന്ന സമയത്ത് സ്വര്‍ണം വാങ്ങി വെച്ചവരൊക്കെ ഇപ്പോള്‍ സന്തോഷത്തിലാണ്. അല്ലാത്തവര്‍ സ്വര്‍ണം വാങ്ങാന്‍ പറ്റാതെ വിഷമിച്ചും ഇരിക്കുന്നു.
ഇതിനിടയില്‍ മറ്റൊരു കൂട്ടരും ഉണ്ട്. ഒരു തരിയെങ്കിലത്, എങ്ങനെ സ്വന്തം കയ്യിലേക്ക് എത്തിക്കാമെന്നുളള വഴി നോക്കുന്നുണ്ട്. പലരും സ്വര്‍ണം പറമ്പിലും കാട്ടിലും നദിക്കരയിലുമൊക്കെ തിരച്ചിലിലാണ്. സോഷ്യല്‍ മീഡിയയില്‍ നിരവധി വ്‌ളോഗര്‍മാരാണ് ഇത്തരം സ്വര്‍ണ വേട്ടയുടെ വീഡിയോകള്‍ പങ്കുവെച്ചിരിക്കുന്നത്. പ്രത്യേകിച്ചും വിദേശത്ത്.
മണ്ണിനടിയിലുളള സ്വര്‍ണം കണ്ടെത്താന്‍ പ്രധാനമായും രണ്ട് വഴികളാണ് ഉപയോഗിക്കാറുളളത്. അതില്‍ ഒന്നാണ് ഗോള്‍ഡ് പാനിംഗ്. ഇത് നമ്മള്‍ സിനിമകളിലൊക്കെ കണ്ടിട്ടുളളതാണ്. മാത്രമല്ല നിരവധി പേര്‍ ഇത്തരത്തില്‍ സ്വര്‍ണം കണ്ടെത്തുന്ന വീഡിയോകളും നമുക്ക് സോഷ്യല്‍ മീഡിയയില്‍ കാണാം. ഇതിന് ആവശ്യം ഒരു പാനും നദിയുടെ അടിത്തട്ടിലുളള ചളി മണ്ണും ആണ്. വെള്ളത്തോടെ ചളി കോരിയെടുത്ത് അരിച്ച് അരിച്ച് എടുക്കുകയാണ് വേണ്ടത്. ഇങ്ങനെ ചെയ്യുമ്പോള്‍ ചളിമണ്ണ് അടക്കമുളളവ വെള്ളത്തിനൊപ്പം പോവുകയും സ്വര്‍ണം ഉണ്ടെങ്കില്‍ ഏറ്റവും അടിയില്‍ തരികളായി ലഭിക്കുകയും ചെയ്യും.

സ്വര്‍ണം കണ്ടെത്താനുളള മറ്റൊരു വഴി മെറ്റല്‍ ഡിറ്റക്ടര്‍ ആണ്. ഇതും നമ്മള്‍ നിരവധി വീഡിയോകളില്‍ കണ്ടിട്ടുളളതാണ്. സ്വര്‍ണം ഉണ്ടാകാന്‍ സാധ്യത ഉളള ഇടങ്ങൡ ഈ മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് പരിശോധന നടത്താം. ഇത് ഉപയോഗിച്ച് പക്ഷേ തരികളായുളള സ്വര്‍ണത്തിന്റെ സാന്നിധ്യം കണ്ട് പിടിക്കുക സാധ്യമല്ല. മറിച്ച് മണ്ണിനടിയില്‍ പെട്ട് പോയ സ്വര്‍ണത്തിന്റെ കഷണങ്ങളോ മറ്റോ മാത്രമേ ഇത്തരത്തില്‍ കണ്ടെത്താന്‍ സാധിക്കുകയുളളൂ.
ഇത്തരത്തില്‍ സ്വര്‍ണം കണ്ടെത്താന്‍ ഇറങ്ങിത്തിരിച്ച് ഭാഗ്യം കടാക്ഷിച്ചവരും ഉണ്ട്. അതേസമയം വ്യൂസിന് വേണ്ടി വ്യാജ സ്വര്‍ണ വേട്ട നടത്തി വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നവരും ഉണ്ട്. എന്തായാലും സ്വര്‍ണത്തിന്റെ വില കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഒരു തരിയെങ്കിലും കിട്ടിയാല്‍ നല്ലത് എന്ന് വിചാരിക്കുന്നവരാകും നമ്മളില്‍ പലരും. എന്ന് കരുതി നാളെ തന്നെ തൂമ്പയും എടുത്ത് ഇറങ്ങിയാൽ സ്വർണം കുഴിച്ച് എടുക്കാം എന്ന് കരുതിയാൽ മണ്ടത്തരമാവുകയും ചെയ്യും.












Click it and Unblock the Notifications