പാറ്റകളെ കണ്ടെത്തി ഓടിക്കാനാകുന്നില്ലേ.. ഈ 5 വഴികൾ ഉറപ്പായും എളുപ്പത്തിൽ പാറ്റകളെ തുരത്തും
രാത്രിയിൽ എഴുന്നേറ്റ് വെള്ളം കുടിക്കാൻ അടുക്കളയിൽ ചെന്നാൽ പലപ്പോഴും കാണുന്ന ഒരു കാഴ്ചയാണ് പാറ്റകൾ ഓടിയൊളിക്കുന്നത്. സ്വാഭാവികമായും ഇത് നമ്മളെ അസ്വസ്ഥരാക്കും. പാറ്റകൾ ഒളിച്ചിരിക്കുന്നത് കണ്ടെത്താനും അവയുടെ ശല്യം ഒഴിവാക്കാനും അത്ര എളുപ്പമല്ല.
രാസവസ്തുക്കൾ അടങ്ങിയ കീടനാശിനികൾ ഉപയോഗിക്കാതെ തന്നെ പ്രകൃതിദത്തമായ വഴികളിലൂടെ പാറ്റകളെ വീട്ടിൽ നിന്ന് തുരത്താൻ സാധിക്കും. അത്തരത്തിലുളള 5 എളുപ്പ വഴികളിതാ..
1. വഴനയില
ബിരിയാണിയിലൊക്കെ നമ്മൾ സ്ഥിരം ഉപയോഗിക്കുന്ന വഴനയില പാറ്റകളെ തുരത്താൻ പറ്റിയ ഒരു മാർഗമാണ്. ഉണങ്ങിയ വഴനയില കഷണങ്ങളാക്കി പൊടിച്ച് പാറ്റകളെ സാധാരണ കാണുന്ന സ്ഥലങ്ങളിൽ ഇടുക. ഇതിന്റെ മണം കാരണം പാറ്റകൾ കണ്ടം വഴി ഓടുമെന്നത് ഉറപ്പാണ്.

2. വേപ്പെണ്ണ
കുറച്ച് വേപ്പെണ്ണ വെള്ളത്തിൽ കലർത്തി അടുക്കളയിലെ മൂലകളിലും പാറ്റകൾ കാണപ്പെടുന്ന മറ്റ് സ്ഥലങ്ങളിലും തളിക്കുക. ഇത് പാറ്റകളെ തുരത്തുക മാത്രമല്ല അവ മുട്ടയിട്ട് പെരുകുന്നത് തടയുകയും ചെയ്യും.
3. ബേക്കിംഗ് സോഡയും പഞ്ചസാരയും
ബേക്കിംഗ് സോഡയും പഞ്ചസാരയും കൂട്ടിക്കലർത്തി പാറ്റകൾ വരുന്നയിടങ്ങളിൽ വിതറുക. പഞ്ചസാരയുടെ മണം പാറ്റകളെ അവിടേക്ക് എത്തിക്കും. പഞ്ചസാര കഴിക്കുമ്പോൾ അതിനൊപ്പമുളള ബേക്കിംഗ് സോഡ അകത്ത് ചെന്ന് പാറ്റകൾ ചാവും.
4. പുതിന അല്ലെങ്കിൽ യൂക്കാലിപ്റ്റസ് തൈലം
പുതിനയ്ക്കും യൂക്കാലിപ്റ്റസ് തൈലത്തിനും ശക്തമായ മണം ആണ് ഉളളത്. ഇത് പാറ്റകളെ വീട്ടിൽ നിന്നും അകറ്റാൻ മികച്ചൊരു വഴിയാണ്. ഒരു കപ്പ് വെള്ളത്തിൽ 15-20 തുള്ളി എണ്ണ ഒഴിച്ച് അലമാരകളുടെ അരികുകളിലും വാതിലിനു സമീപവും മറ്റും സ്പ്രേ ചെയ്യുക. ഇതിന്റെ മണം കാരണം പാറ്റകൾ പിന്നെ ആ വഴിക്ക് വരില്ല.
5. ശുചിത്വം
മേൽപ്പറഞ്ഞതൊക്കെ ചെയ്യുന്നതിന് മുൻപ് ചെയ്യേണ്ട കാര്യമാണ് വീടിനകം വൃത്തിയായി സൂക്ഷിക്കുക എന്നത്. അടുക്കളയിലെ ഭക്ഷണ അവശിഷ്ടങ്ങളും മറ്റും പാറ്റകളെ ആകർഷിക്കും. അടുക്കള വേസ്റ്റ് ദിവസവും കളയുന്നത് ഉറപ്പാക്കുക. മാത്രമല്ല ഭക്ഷണസാധനങ്ങൾ വായുകടക്കാത്ത പാത്രങ്ങളിൽ അടച്ചു സൂക്ഷിക്കുക.



Click it and Unblock the Notifications