നഖത്തിന്റെ വളര്‍ച്ച സ്ലോ മോഷനിലാണോ? ഈ കാരണങ്ങള്‍ അവഗണിക്കരുത്
നീണ്ടു വളര്‍ന്ന വൃത്തിയുള്ള നഖങ്ങള്‍ കാണാന്‍ തന്നെ അഴകാണ്. ഒരാളുടെ വ്യക്തിത്വത്തിന്റെ പ്രതിഫലനം കൂടിയാണ് നഖങ്ങള്‍. നമ്മുടെ ഭക്ഷണ ശീലങ്ങളും ദൈനംദിന പ്രവര്‍ത്തികളും ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് നഖങ്ങളെയാണ്. നഖത്തില്‍ വരുന്ന നിറവ്യത്യാസങ്ങള്‍ നോക്കി ആരോഗ്യ പ്രശ്‌നങ്ങള്‍ പോലും തിരിച്ചറിയാമെന്ന് ഡോക്ടര്‍മാര്‍ പറയാറുണ്ട്.
നഖങ്ങളെ ദുര്‍ബലമാക്കുന്ന നിരവധി ഘടകങ്ങളുണ്ട്. നിരന്തരം വെള്ളവുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതും പാത്രം കഴുകുന്ന സോപ്പും നെയില്‍ പോളിഷ് അടക്കമുള്ള രാസവസ്തുക്കളും പോഷകാഹാരക്കുറവുമൊക്കെ നഖങ്ങളെ പ്രതികൂലമായി ബാധിക്കാറുണ്ട്. ഇതു മൂലം നഖങ്ങളുടെ ബലം കുറയുകയും പൊട്ടിപ്പോവുകയും ചെയ്യുന്നു. ഇതു പരിഹരിക്കാന്‍ ചെലവേറിയ ചികിത്സകള്‍ ഒന്നും ആവശ്യമില്ല.

ആഹാരക്രമം. ജീവിതശൈലി, ശീലങ്ങള്‍ എന്നിവയൊക്കെ ഒന്ന് ചെറുതായി മാറ്റിപ്പിടിച്ചാല്‍ മതി, നഖങ്ങള്‍ ആരോഗ്യത്തോടെ വളരും. ഒരല്‍പം ക്ഷമ വേണമെന്ന് മാത്രം. കേടായതും പൊട്ടിപ്പോകുന്നതുമായ നഖങ്ങള്‍ നന്നാക്കാനുള്ള ചില വഴികളാണ് ഇവിടെ പറയുന്നത്.
വിറ്റാമിനുകളുടെയും ധാതുക്കളുടെയും അഭാവം നഖങ്ങളെ ദുര്‍ബലപ്പെടുത്തുകയും വളര്‍ച്ച മന്ദഗതിയിലാക്കുകയും ചെയ്യുന്നു. മുട്ട, മാംസം, പയര്‍ വര്‍ഗങ്ങള്‍ തുടങ്ങിയ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ ഇതിന് പരിഹാരം ഉണ്ടാക്കാന്‍ സാധിക്കും.
ബദാം, മധുരക്കിഴങ്ങ്, ചീര എന്നിവയില്‍ കാണപ്പെടുന്ന വിറ്റാമിന്‍ ബി നഖങ്ങളുടെ ബലം വര്‍ധിപ്പിക്കുന്നു. നഖത്തില്‍ കാണുന്ന വെളുത്ത പാടുകള്‍ മായാന്‍ ഇരുമ്പും സിങ്കും അടങ്ങിയ ഭക്ഷണമാണ് കഴിക്കേണ്ടത്. മീനിലും വാല്‍നട്ടിലും കാണപ്പെടുന്ന ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍ നഖങ്ങളുടെ സ്വാഭാവിക ബലവും നിറവും നിലനിര്‍ത്തുന്നു.
നഖങ്ങളുടെ ജലാംശം നഷ്ടപ്പെടുമ്പോഴാണ് അവ വിണ്ടുകീറുന്നത്. ബദാം, വിറ്റാമിന്‍ ഇ, ജോജോബ തുടങ്ങിയ എസെന്‍ഷ്യല്‍ ഓയിലുകള്‍ നഖത്തെയും ചുറ്റുമുള്ള ക്യൂട്ടിക്കിളിനെയും സംരക്ഷിക്കുന്നു. സോപ്പ് ഉപയോഗിച്ച് കൈ കഴുകിയ ശേഷവും പാത്രങ്ങള്‍ കഴുകിയ ശേഷവും നഖങ്ങളുടെ ഈര്‍പ്പം നിലനിര്‍ത്താന്‍ ഒരു മോയ്‌സ്ചറൈസിങ് ക്രീമോ അല്ലെങ്കില്‍ എണ്ണയോ പുരട്ടുക.
വീര്യം കൂടിയ സോപ്പുകള്‍, ക്ലീനിങ് ഏജന്റുകള്‍ എന്നിവ നഖങ്ങളുടെ ആരോഗ്യത്തിന് വില്ലന്മാരാണ്. ഇവയുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുമ്പോള്‍ നഖങ്ങള്‍ വരണ്ട് പൊട്ടുന്നു. രാസവസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന ജോലികള്‍ ചെയ്യുമ്പോള്‍ ഉറപ്പായും റബര്‍ കൈയുറകള്‍ ധരിക്കണം.
നഖങ്ങള്‍ കൃത്യമായ ഇടവേളയില്‍ വെട്ടിവൃത്തിയാക്കുക. നഖം വെട്ടുമ്പോള്‍ നഖങ്ങള്‍ക്ക് ചുറ്റുമുള്ള ക്യൂട്ടിക്കിളുകള്‍ മുറിയാതെ സംരക്ഷിക്കുക. ക്യൂട്ടിക്കിളുകള്‍ മുറിയുന്നത് പലപ്പോഴും അണുബാധയിലേക്കു നയിക്കുന്നു. നഖത്തിന്റെ സൗന്ദര്യം വര്‍ധിപ്പിക്കാനുള്ള നെയില്‍ പോളിഷും നെയില്‍ പോളിഷ് റിമൂവറും മറ്റും ശ്രദ്ധാപൂര്‍വ്വം തെരഞ്ഞെടുക്കുക. ഇതില്‍ നഖങ്ങളെ ദുര്‍ബലപ്പെടുത്തുന്ന രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. നെയില്‍ ആര്‍ട്ടിന്റെ ഭാഗമായി അക്രലിക്ക് പശകള്‍ ഉപയോഗിക്കുന്നതും നഖങ്ങളെ ദുര്‍ബലമാക്കും.
നിലവാരം കുറഞ്ഞ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാതിരിക്കുക എന്നതാണ് ഇതിന് പരിഹാരം. കെരാറ്റിന്‍, കൊളാജന്‍ എന്നീ ഘടകങ്ങള്‍ അടങ്ങിയ ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞെടുക്കുക.
ടിന്നുകള്‍ തുറക്കാനും സ്‌ക്രാച്ച് ചെയ്യാനുമൊക്കെ പലരും നഖം ഉപയോഗിക്കാറുണ്ട്. ഇത് നഖം പൊട്ടാന്‍ കാരണമാകും. നഖത്തിന് അണുബാധ ഉണ്ടായാല്‍ ഉടനെ ഡോക്ടറെ കാണുക. ശരിയായ പരിചരണവും പോഷക സമ്പന്നമായ ആഹാരവും നഖങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് വലിയ അളവില്‍ പരിഹാരമുണ്ടാക്കുന്നു.
ഇനി ശരിയായ സംരക്ഷണം നല്‍കിയിട്ടും നഖങ്ങള്‍ മെച്ചപ്പെട്ടില്ലെങ്കില്‍ അത് ഏതെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുള്ള സൂചനയായിരിക്കും. അത് കൃത്യമായി കണ്ടെത്താനായി ഒരു ഡോക്ടറെ തന്നെ സമീപിക്കുക.
ഡിസ്‌ക്ലെയിമര്‍ - ഗൂഗിളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയതാണ് ഈ ലേഖനം. വണ്‍ഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകള്‍ ഇല്ല. അതിനാല്‍ ഇവ പിന്തുടരുന്നതിന് മുന്‍പ് ആരോഗ്യവിദഗ്ധരുടെ ഉപദേശം സ്വീകരിക്കണം.












Click it and Unblock the Notifications