അരുമകള്‍ക്ക് ടോയ്‌ലറ്റ് ട്രെയ്‌നിങ് എങ്ങനെ നല്‍കാം; ഈ ട്രിക്കുകള്‍ പരീക്ഷിച്ചാല്‍ പാടുപെടേണ്ടി വരില്ല
ഇന്ന് പല വീടുകളിലെയും ഏറ്റവും ഇളയ കുട്ടിയാണ് നായ്ക്കളും പൂച്ചകളും. അത്രയ്ക്ക് അരുമയായിട്ടാണ് മിക്കവരും വളര്‍ത്തു മൃഗങ്ങളെ വളര്‍ത്തുന്നത്. എന്നാല്‍ കൃത്യമായ പരിശീലനം നല്‍കിയില്ലെങ്കില്‍ ഇവയുടെ സ്വഭാവം വീട്ടുകാര്‍ക്ക് തലവേദനയായി മാറുകയും ചെയ്യും. ക്ഷമയോടും സ്‌നേഹത്തോടുമുള്ള പരിശീലനത്തിലൂടെ ഇവയുടെ പല ദുശീലങ്ങളും മാറ്റിയെടുക്കാന്‍ കഴിയും.
വളര്‍ത്തു മൃഗങ്ങളെ വീടിന്റെ അന്തരീക്ഷവുമായി പൊരുത്തപ്പെടുത്തേണ്ടത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. നല്ല ശീലങ്ങള്‍ വളര്‍ത്തുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ടോയ്ലറ്റ് ട്രെയ്‌നിങ്. ഇത് വീടിന്റെ ശുചിത്വം ഉറപ്പാക്കുന്നതിന് അത്യന്താപേക്ഷിതമാണ്. ഒരു വളര്‍ത്തു നായയുടെയും പൂച്ചയുടെയും ഉടമ ഏറ്റവും കൂടുതല്‍ ക്ഷമ കാണിക്കേണ്ടത് ഈ കാര്യത്തിനാണ്. ദിവസവും ഒരു നിശ്ചിത സ്ഥലത്ത് മാത്രം വിസര്‍ജ്ജനം നടത്താന്‍ വളര്‍ത്തു മൃഗങ്ങളെ പരിശീലിപ്പിക്കുകയാണ് വേണ്ടത്.

ആദ്യം ഒരല്‍പം ക്ഷമയോടു കൂടി പരിശീലനം നല്‍കിയാല്‍ പിന്നീട് പാടുപെടേണ്ടി വരില്ല. ഒരിക്കല്‍ മനസില്‍ ഉറച്ചാല്‍ നായയും പൂച്ചയും ടോയ്ലറ്റ് ശീലങ്ങള്‍ അതിന്റെ ജീവിതകാലം മുഴുവന്‍ പിന്തുടരും.
വീട്ടില്‍ ടോയ്ലറ്റ് പരിശീലനം നല്‍കാനുള്ള വഴികള്‍
വളര്‍ത്തു മൃഗത്തിന് സ്ഥിരമായ ഒരു ദിനചര്യ തീരുമാനിക്കുക. എല്ലാ ദിവസവും ഒരേ സമയത്ത് ഭക്ഷണം നല്‍കുക. തുടര്‍ന്ന് ഉറങ്ങാന്‍ അനുവദിക്കുക. ഉറക്കമുണര്‍ന്ന് കളിച്ചതിന് ശേഷം ഉടന്‍ തന്നെ അവയെ ടോയ്ലറ്റിനായി നിശ്ചയിച്ച സ്ഥലത്തേക്ക് കൊണ്ടുപോകുക. നായ്ക്കുട്ടികള്‍ സാധാരണയായി 2-3 മണിക്കൂറില്‍ ഒരിക്കല്‍ വിസര്‍ജ്ജനം നടത്തും. പൂച്ചക്കുട്ടികള്‍ ദിവസത്തില്‍ പലതവണ നടത്തും. പൂച്ചകള്‍ക്ക് ശുചിത്വം പ്രധാനമാണ്. വൃത്തിരഹിതമായ സ്ഥലത്ത് അവയെ കൊണ്ടുപോകുന്നത് മറ്റ് സ്ഥലങ്ങള്‍ തേടാന്‍ പ്രേരിപ്പിക്കും.
വളര്‍ത്തു മൃഗങ്ങളെ സ്ഥിരമായി ഒരു സ്ഥലത്ത് തന്നെ വിസര്‍ജ്ജനം നടത്താനായി കൊണ്ടുപോകുക. ആ സ്ഥലത്തെ വിസര്‍ജ്ജനത്തിന്റെ ഗന്ധം അവയുടെ മനസില്‍ ടോയ്ലറ്റ് സോണ്‍ ആണെന്ന ധാരണ ശക്തിപ്പെടുത്തും. സ്ഥലം ഇടയ്ക്കിടെ മാറുന്നത് ഒഴിവാക്കുക. അവര്‍ ശരിയായ സ്ഥലത്ത് വിസര്‍ജ്ജനം നടത്തിയാല്‍ ഉടന്‍ തന്നെ നല്ല പെരുമാറ്റത്തിന് തലയില്‍ തട്ടി പ്രശംസിക്കുകയും ചെറിയ ട്രീറ്റുകള്‍ നല്‍കുകയും ചെയ്യുക.
ടോയ്ലറ്റ് പരിശീലനത്തിനായി പ്രത്യേക സ്‌പ്രേകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. ഇവയില്‍ വിസര്‍ജ്ജനത്തിന് അനുയോജ്യമായ സ്ഥലം സൂചിപ്പിക്കുന്ന ഗന്ധം അടങ്ങിയിരിക്കുന്നു. തിരഞ്ഞെടുത്ത സ്ഥലത്ത് ഈ സ്‌പ്രേ ചെറിയ അളവില്‍ തളിക്കുക. എന്നിട്ട് നായയെ അവിടേക്കു കൊണ്ടുപോകുക. സ്‌പ്രേയുടെ ഗന്ധം വിസര്‍ജ്ജനത്തിനായി തിരഞ്ഞെടുത്തിരിക്കുന്ന സ്ഥലം തിരിച്ചറിയാന്‍ നായയെ സഹായിക്കും.
വട്ടമിട്ട് നടക്കുക, തറയില്‍ മാന്തുക, മണം പിടിക്കുക, കരയുക എന്നീ ലക്ഷണങ്ങളെല്ലാം അവയ്ക്ക് വിസര്‍ജ്ജനത്തിനായി പോകേണ്ടതിന്റെ സൂചനകളാണ്. ഇത് ശ്രദ്ധയില്‍ പെട്ടാല്‍ നിശ്ചിത സ്ഥലത്തേക്ക് നയിക്കുക. കാര്യം ശരിയായി നടത്തിയാല്‍ ഉടനെ വളര്‍ത്തു മൃഗങ്ങളെ പ്രശംസിക്കുക. ഇത് കാര്യങ്ങള്‍ അവ പെട്ടെന്ന് മനസിലാക്കാനും നല്ല പെരുമാറ്റം ആവര്‍ത്തിക്കാനും സഹായിക്കും. പ്രതിഫലം നല്‍കുന്നത് വൈകിപ്പിക്കുന്നത് ഒഴിവാക്കുക. കാരണം ഉടനടി ട്രീറ്റ് നല്‍കുമ്പോഴാണ് വളര്‍ത്തു മൃഗങ്ങള്‍ പെട്ടെന്ന് പഠിക്കുന്നത്.
പരിശീലനത്തിന്റെ ആദ്യ ഘട്ടങ്ങളില്‍ വീഴ്ച്ചകള്‍ സ്വാഭാവികമാണ്. വീടിനുള്ളില്‍ എവിടെയെങ്കിലും വിസര്‍ജ്ജിച്ചാല്‍ അവയെ ശകാരിക്കുകയോ ശിക്ഷിക്കുകയോ ചെയ്യരുത്. കടുത്ത ശിക്ഷ നല്‍കുന്നത് ഭയം, ആശയക്കുഴപ്പം, ഉത്കണ്ഠ എന്നിവ സൃഷ്ടിച്ചേക്കാം. പെറ്റിനെ പ്രോത്സാഹിപ്പിക്കുന്നത് തുടരുക. കാലക്രമേണ, വളര്‍ത്തുമൃഗങ്ങള്‍ കാര്യങ്ങള്‍ നന്നായി ഗ്രഹിച്ചെടുക്കും.












Click it and Unblock the Notifications