ബാത്ത്റൂമിലെ പിങ്ക് കറ നിസ്സാരമല്ല! മാരകമായ ബാക്ടീരിയയെ തുരത്താൻ എളുപ്പവഴികൾ വീട്ടിൽ തന്നെയുണ്ട്
ബാത്റൂമിലെ സിങ്കുകളുടെ വശങ്ങളിലും ഷവർ ഡ്രെയിനുകൾക്ക് ചുറ്റും കോണുകളിലും കാണപ്പെടുന്ന പിങ്ക് നിറത്തിലുള്ള പാടുകൾ നമ്മൾ പലപ്പോഴും ശ്രദ്ധിക്കാതെ വിടാറുണ്ട്. തുടക്കത്തിൽ നേരിയ പിങ്ക് നിറത്തിൽ കാണപ്പെടുന്ന ഇവ പിന്നീട് വഴുക്കലുള്ള ഒരു പാടയായി മാറുന്നു. എത്ര തുടച്ചു കളഞ്ഞാലും ഇത് വീണ്ടും വരാറുണ്ട്.
കറുത്ത നിറത്തിൽ അല്ലാത്തതുകൊണ്ട് തന്നെ നമ്മൾ ഉപയോഗിക്കുന്ന സോപ്പ്, ഷാംപൂ എന്നിവയുടെ അവശിഷ്ടമായിരിക്കും ഇതെന്നാണ് പലരും കരുതുന്നത്. എന്നാൽ ഈ പിങ്ക് നിറത്തിലുള്ള പാടുകൾ യഥാർത്ഥത്തിൽ ബാത്റൂമിലെ ഈർപ്പവും ചൂടും അഴുക്കും ഒത്തുചേർന്ന് ബാക്ടീരിയകൾ വളരാൻ അനുയോജ്യമായ സാഹചര്യം ഉണ്ടായതിന്റെ ലക്ഷണമാണ്.
ഇതിനെ പിങ്ക് പൂപ്പൽ എന്ന് വിളിക്കാറുണ്ടെങ്കിലും ഇത് ഒരു യഥാർത്ഥ പൂപ്പലല്ല. മറിച്ച് ബാക്ടീരിയ മൂലമുണ്ടാകുന്നതാണ്. സെറേഷ്യ മാർസെസെൻസ് എന്ന ബാക്ടീരിയയാണ് ഇതിന് കാരണം. സോപ്പ് അവശിഷ്ടങ്ങൾ, ഷാംപൂ, ശരീരത്തിൽ നിന്നുള്ള എണ്ണമയം എന്നിവയൊക്കെയാണ് ഇതിന്റെ ആഹാരം. ബാത്റൂമിൽ വായുസഞ്ചാരം കുറവാണെങ്കിൽ ഇവ വളരെ വേഗത്തിൽ പടരും.

അടുക്കളയിലുള്ള ചില സാധാരണ സാധനങ്ങൾ ഉപയോഗിച്ച് ഈ പിങ്ക് പൂപ്പൽ എളുപ്പത്തിൽ മാറ്റാൻ സാധിക്കും:
1. ബേക്കിംഗ് സോഡയും ഡിഷ് സോപ്പും
അര കപ്പ് ബേക്കിംഗ് സോഡ, 1 ടേബിൾസ്പൂൺ പാത്രം കഴുകുന്ന ലിക്വിഡ് എന്നിവയാണ് ആവശ്യം. ബേക്കിംഗ് സോഡയും ഡിഷ് സോപ്പും നന്നായി യോജിപ്പിച്ച് ഒരു പേസ്റ്റ് രൂപത്തിലാക്കുക. ഇത് പിങ്ക് നിറമുള്ള ഭാഗങ്ങളിൽ നേരിട്ട് പുരട്ടി ഒരു പഴയ ടൂത്ത് ബ്രഷോ ചെറിയ ബ്രഷോ ഉപയോഗിച്ച് നന്നായി ഉരയ്ക്കുക. അതിനുശേഷം ചെറുചൂടുവെള്ളം ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക.
2. വിനാഗിരി
സമം അളവിൽ വിനാഗിരിയും വെള്ളവും എടുത്ത് സ്പ്രേ ബോട്ടിലിൽ നന്നായി മിക്സ് ചെയ്യുക. ഇത് പിങ്ക് പാടുകളുള്ള ഭാഗത്ത് നന്നായി സ്പ്രേ ചെയ്ത് 10 മുതൽ 15 മിനിറ്റ് വരെ വെക്കുക. അഴുക്ക് ഇളകിക്കഴിഞ്ഞാൽ ബ്രഷ് ഉപയോഗിച്ച് ഉരച്ച്, വൃത്തിയുള്ള വെള്ളത്തിൽ കഴുകി ഉണക്കി എടുക്കുക.
3. ബ്ലീച്ച് ലായനി
പാക്കറ്റിലെ നിർദ്ദേശപ്രകാരം ബ്ലീച്ചും വെള്ളവും കലർത്തി അഴുക്കുള്ള ഭാഗത്ത് സ്പ്രേ ചെയ്യുക. 10-15 മിനിറ്റിനു ശേഷം ചെറുതായി ഉരച്ച് കഴുകിക്കളയുക. (ശ്രദ്ധിക്കുക: ബ്ലീച്ച് ഉപയോഗിക്കുമ്പോൾ വിനാഗിരിയോ മറ്റ് ക്ലീനറുകളോ ഒപ്പം ചേർക്കരുത്. ബാത്റൂമിൽ നല്ല വായുസഞ്ചാരം ഉറപ്പാക്കണം).
വീണ്ടും വരാതിരിക്കാൻ എന്തുചെയ്യണം?
ഇവ വൃത്തിയാക്കി മാറ്റിയാലും ബാത്റൂമിൽ ഈർപ്പം നിലനിൽക്കുകയാണെങ്കിൽ പിങ്ക് പൂപ്പൽ വീണ്ടും വരും. അതിനാൽ ബാത്റൂം ഉപയോഗിച്ച ശേഷം തറയും വശങ്ങളും നന്നായി തുടച്ച് ഉണക്കാൻ ശ്രദ്ധിക്കുക. ജനലുകൾ തുറന്നിടുകയോ എക്സ്ഹോസ്റ്റ് ഫാൻ ഓൺ ചെയ്യുകയോ ചെയ്യുന്നത് വഴി ബാത്റൂമിലെ ഈർപ്പം കുറയ്ക്കാനും ഇവ വീണ്ടും ഉണ്ടാകുന്നത് തടയാനും സാധിക്കും.













Click it and Unblock the Notifications