മുഖം കണ്ണാടി പോലെ തിളങ്ങണോ? ഇതാണ് അതിനുള്ള വിദ്യകൾ
മനോഹരവും ആരോഗ്യവുമുള്ള മുഖം ഏതൊരു വ്യക്തിയുടെയും ആത്മവിശ്വാസം വർദ്ധിപ്പിക്കുന്ന ഒന്നാണ്. ഇന്നത്തെ കാലത്ത് സ്കിൻ കെയറിനായി വിപണിയിൽ ലഭിക്കുന്ന രാസവസ്തുക്കൾ അടങ്ങിയ ക്രീമുകളെയും ഫെയ്സ് പാക്കുകളെയും അമിതമായി ആശ്രയിക്കുന്ന പ്രവണത വർദ്ധിച്ചുവരുന്നു. എന്നാൽ ഇത്തരം കൃത്രിമ മാർഗ്ഗങ്ങൾ പലപ്പോഴും ദീർഘകാലാടിസ്ഥാനത്തിൽ ചർമ്മത്തിന് ദോഷകരമായി വരാനാണ് സാധ്യത. ഇവിടെയാണ് നമ്മുടെ വീട്ടുമുറ്റത്തും അടുക്കളയിലും ലഭ്യമായ പ്രകൃതിദത്തമായ ചേരുവകളുടെ പ്രാധാന്യം വർധിക്കുന്നത്.
പാരമ്പര്യമായി നാം പിന്തുടരുന്ന പല നുറുങ്ങ് വിദ്യകളും പാർശ്വഫലങ്ങളില്ലാതെ ചർമ്മത്തിന് സ്വാഭാവികമായ തിളക്കവും ആരോഗ്യവും നൽകാൻ സഹായിക്കുന്നവയാണ്. വിപണിയിൽ ലഭ്യമാകുന്ന വിലകൂടിയ ക്രീമുകൾക്ക് പിന്നാലെ പോകുന്നതിനേക്കാൾ, നമ്മുടെ വീട്ടിലുള്ള പ്രകൃതിദത്തമായ ചേരുവകൾ ഉപയോഗിച്ച് ചർമ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതാണ്.
അരിപ്പൊടി
മികച്ച ക്ലെൻസറാണ് അരിപ്പൊടി. ചർമ്മത്തിലെ അഴുക്ക്, അധികമായ ഓയിൽ, മേക്കപ്പ് അവശിഷ്ടങ്ങൾ എന്നിവ നീക്കം ചെയ്യാൻ അരിപ്പൊടി ഒരു മികച്ച ക്ലെൻസറായി പ്രവർത്തിക്കുന്നു. കൊറിയൻ സ്കിൻ കെയറിൽ റൈസ് വാട്ടറും, അരിപ്പൊടിയും പ്രധാനമാണെന്ന് നമുക്കറിയാം. പച്ചരി നന്നായി അരച്ചെടുക്കാം. ഓയിലി സ്കിൻ ഉള്ളവർ പാട നീക്കിയ പാലിലും, ഡ്രൈ സ്കിൻ ഉള്ളവർ തൈരിലും ഇത് കലർത്തി പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് പുരട്ടാം. അമിതമായി സ്ക്രബ് ചെയ്യാതെ, ഉണങ്ങുന്നതിന് മുൻപ് കഴുകിക്കളയാം. ഇത് ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ചെയ്യുന്നത് ഇൻസ്റ്റന്റ് ഗ്ലോ നൽകും.

മുൾട്ടാനി മിട്ടി
ചർമ്മം ടൈറ്റൻ ചെയ്യാനും അസമമായ സ്കിൻ ടോൺ പരിഹരിക്കാനും മുൾട്ടാനി മിട്ടി സഹായിക്കുന്നു. ഇത് പ്രധാനമായും ഓയിലി സ്കിൻ ഉള്ളവർക്കും കുരുക്കൾ ഉള്ളവർക്കും അനുയോജ്യമാണ്. എന്നാൽ ഡ്രൈ സ്കിൻ ഉള്ളവർ ഇത് ശ്രദ്ധിച്ചു മാത്രം ഉപയോഗിക്കാം.
വെള്ളരിക്ക
വെള്ളരിക്കയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന് ഹൈഡ്രേഷൻ നൽകുകയും ചർമ്മ സുഷിരങ്ങൾ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. വെയിലത്ത് പോയി വന്നാലുണ്ടാകുന്ന ടാൻ മാറ്റാൻ വെള്ളരിക്ക ഗ്രേറ്റ് ചെയ്തോ ജ്യൂസാക്കിയോ മുഖത്ത് പുരട്ടുന്നത് മികച്ചതാണ്.
ചന്ദനം
ചർമ്മത്തിന്റെ സ്വാഭാവിക നിറം വീണ്ടെടുക്കാൻ ചന്ദനം അരച്ച് പുരട്ടുന്നത് ഏറെ ഗുണകരമാണ്. ശരീരത്തിന് ചൂട് കൂടുതലുള്ളവർക്ക് ഇത് കൂളിംഗ് ഇഫക്റ്റ് നൽകുന്നു. പാൽ അല്ലെങ്കിൽ വെള്ളത്തിൽ ചന്ദനത്തടി അരച്ച് ഉപയോഗിക്കാം. രക്തചന്ദനവും ഉപയോഗിക്കാമെങ്കിലും ഓരോരുത്തരുടെയും സ്കിൻ ടൈപ്പ് അനുസരിച്ചായിരിക്കും ഫലം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എത്ര നാച്യുറൽ ആണെങ്കിലും പുതിയൊരു കാര്യം പരീക്ഷിക്കുമ്പോൾ ചർമ്മത്തിൽ പാച്ച് ടെസ്റ്റ് നടത്തേണ്ടത് അത്യാവശ്യമാണ്. ഹോം റെമഡികൾ ഒറ്റ ദിവസം കൊണ്ട് അത്ഭുതം കാണിക്കില്ല. ഏതെങ്കിലും തരത്തിൽ അലർജിയോ മറ്റൊ ഉണ്ടെങ്കിൽ വിദഗ്ധരുടെ അഭിപ്രായം തേടിയതിന് ശേഷം മാത്രം ഉപയോഗിക്കുക.












Click it and Unblock the Notifications