മുടി ചീകുന്നത് ശരിയല്ലെങ്കിൽ മുടി കൊഴിച്ചിൽ കൂടും, എങ്ങനെ വേണം മുടി ചീകാൻ?
ഇന്നത്തെ കാലത്ത് മുടി കൊഴിച്ചിലിന് പ്രായവ്യത്യാസങ്ങളൊന്നും ഇല്ലെന്ന് പറയേണ്ടി വരും. ചെറുപ്പകാരെയും പ്രായമായവരേയും ഒരുപോലെ അലട്ടുന്ന പ്രശ്നമാണ് മുടി കൊഴിച്ചിൽ. നാം ഉപയോഗിക്കുന്ന ഷാംപൂകളും മറ്റ് കെമിക്കൽ അടങ്ങിയ ഹെയർ ഉത്പന്നങ്ങളും കാലാവസ്ഥയും ആരോഗ്യാവസ്ഥയുമെല്ലാം മുടി കൊഴിച്ചിലിന് കാരണമാകാം.
ഇതൊന്നും കൂടാതെ നിങ്ങൾ മുടി ചീകുന്ന രീതിയും മുടി കൊഴിച്ചിലിനെ വലിയ അളവിൽ സ്വാധീനിക്കുന്നുണ്ട്. തെറ്റായ രീതിയിൽ ചീകുന്നത് മുടി പൊട്ടിപ്പോകാനിടയാക്കാം. എങ്ങനെ ശരിയായി മുടി ചീകാമെന്ന് അറിയാം.
കട്ടി കൂടിയ, അകലമില്ലാത്ത പല്ലുകളോട് കൂടിയ ചീർപ്പുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മുടി കെട്ട് പിണഞ്ഞ് ഇരിക്കുകയാണെങ്കിൽ സെറമോ മറ്റോ ഉപയോഗിച്ച ശേഷം വേണം ചീർപ്പ് ഉപയോഗിച്ച് ചീകാൻ. അല്ലെങ്കിൽ മുടി പൊട്ടിപ്പോകും.

പ്ലാസ്റ്റിക് ചീർപ്പുകൾക്ക് പകരം വുഡൻ ചീർപ്പുകൾ ഉപയോഗിക്കാം. എപ്പോഴും പല്ലകലമുളള ചീർപ്പുകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. ഇത് എളുപ്പത്തിൽ കുരുക്കുകൾ മാറ്റാൻ സഹായിക്കും. മുടി ചീകുമ്പോൾ ആദ്യം തന്നെ തലയോട്ടിയിൽ നിന്ന് തുടങ്ങരുത്. മുടിയുടെ അറ്റത്ത് മുതലുളള കുരുക്കുകൾ അഴിച്ചിട്ട് വേണം മുകളിലേക്ക് ചീകാൻ. ഇത് മുടി വലിയുന്നതും വേരുകളിൽ നിന്ന് പിഴുതുപോരുന്നതും തടയും.
കുളിച്ച് കഴിഞ്ഞ് മുടി നനഞ്ഞിരിക്കുമ്പോൾ ചീകാതിരിക്കുക. കാരണം ഈ സമയത്ത് മുടിനാരുകൾക്ക് ബലം കുറവായിരിക്കും. അതുകൊണ്ട് തന്നെ പെട്ടെന്ന് മുടി ഊരിപ്പോരാൻ സാധ്യത കൂടുതലാണ്. എപ്പോഴും മുടി നന്നായി ഉണങ്ങിയ ശേഷം മാത്രം ചീകുന്നതാണ് നല്ലത്.
മുടി ചീകുമ്പോൾ അൽപം ക്ഷമ നല്ലതാണ്. സമയം വൈകുമെന്നോർത്ത് ബലത്തിലും വേഗത്തിലും ചീകുന്നതും മുടി പൊട്ടിപ്പോകാനിടയാക്കും. നിങ്ങളുടെ ചീർപ്പുകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. ചീർപ്പിലെ എണ്ണമയവും അഴുക്കും അല്ലെങ്കിൽ വീണ്ടും തലയിലേക്ക് തന്നെ എത്തുന്നത് മുടി കൊഴിയുന്നത് കൂട്ടും. ഇത് മാത്രമല്ല ഇടയ്ക്കിടെ മുടി ചീകുന്നത് നിർത്തി ആവശ്യമെങ്കിൽ മാത്രം ചീകാൻ ശ്രദ്ധിക്കണം.


Click it and Unblock the Notifications
