ഇന്ത്യയിലെ ഏറ്റവും വലിയ അക്വേറിയം വരുന്നത് ഈ ദക്ഷിണേന്ത്യന്‍ നഗരത്തില്‍; കടലിനു തുല്യം
കടലിനെയും കടല്‍ ജീവികളെയും സ്‌നേഹിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ഇന്ത്യയിലെ ഏറ്റവും വലിയ അക്വേറിയം ഹൈദരാബാദിലെ നെഹ്‌റു സുവോളജിക്കല്‍ പാര്‍ക്കില്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. അക്വേറിയം എന്ന് വിശേഷിപ്പിച്ചാല്‍ അത് ചെറുതായി പോകും. ഒരു ഏക്കറില്‍ സമുദ്രത്തിനു തുല്യമായ അനുഭവം സമ്മാനിക്കുന്ന അക്വേറിയം ആണ് വരാന്‍ പോകുന്നത് എന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. സ്രാവുകളും പവിഴപ്പുറ്റുകളും മറ്റ് കടല്‍ ജീവികളും ഒക്കെ നിറഞ്ഞ അക്വേറിയം നിര്‍മിക്കാന്‍ വകയിരുത്തിയിരിക്കുന്നത് 50 കോടി രൂപയാണ്.
തുരങ്ക സമാനമായ അക്വേറിയത്തിന്റെ അന്തിമ രൂപരേഖ അടുത്ത വര്‍ഷം തയാറാക്കുമെന്ന് മൃഗശാല ഡയറക്ടര്‍ സുനില്‍ എസ് ഹിരേമത്ത് പറഞ്ഞു. പദ്ധതിക്ക് കേന്ദ്ര മൃഗശാല അതോറിറ്റിയുടെ അംഗീകാരം കാത്തിരിക്കുകയാണ്.

ഹൈദരാബാദിലേക്ക് യാത്ര പോകുന്ന വിനോദ സഞ്ചാരികളുടെ ഏറ്റവും വലിയ ആകര്‍ഷണമായി ഈ അക്വേറിയം മാറാന്‍ സാധ്യതയുണ്ട്. കടലിനടിയിലെ ആവാസ വ്യവസ്ഥ അതേപടി സൃഷ്ടിച്ചുകൊണ്ടായിരിക്കും അക്വേറിയം നിര്‍മിക്കുക. കടലിനടിയിലെ അതിശയിപ്പിക്കുന്ന കാഴ്ച്ചകള്‍ മിഴിവ് ചോരാതെ കാണാന്‍ സാധിക്കുന്ന വിധമാണ് അക്വേറിയം രൂപകല്‍പ്പന ചെയ്യുന്നത്.
പൊതു സ്വകാര്യ പങ്കാളിത്ത മാതൃകയിലായിരിക്കും പദ്ധതി നടപ്പാക്കുക. നെഹ്‌റു സുവോളജിക്കല്‍ പാര്‍ക്കില്‍ ഇതിനകം 15 ചെറിയ അക്വേറിയങ്ങള്‍ ഉണ്ട്. എന്നാല്‍ വലിപ്പത്തില്‍ അതിനെയെല്ലാം വെല്ലുന്നതായിരിക്കും പുതിയ അക്വേറിയം. സിംഗപ്പൂരിലെയും ഓസ്‌ട്രേലിയയിലെയും സമുദ്ര വിദഗ്ധരുടെ സഹകരണത്തോടെയാണ് ഇന്ത്യന്‍ ഡിസൈനര്‍മാരും എന്‍ജിനീയര്‍മാരും അക്വേറിയം രൂപകല്‍പ്പന ചെയ്യുന്നത്.
പ്രകൃതി സ്‌നേഹികള്‍, ഫോട്ടോഗ്രാഫര്‍മാര്‍ വിനോദസഞ്ചാരികള്‍ എന്നിവര്‍ക്ക് ഒരുപോലെ ആകര്‍ഷമാകുന്ന വിധത്തിലാണ് അക്വേറിയം രൂപകല്‍പന ചെയ്യുന്നത്. കടലിനടിയിലെ സസ്യജാലങ്ങളും കൂറ്റന്‍ സ്രാവുകളും വര്‍ണാഭമായ പവിഴപ്പുറ്റുകളുമൊക്കെ കൈയകലത്തില്‍ കാണാന്‍ കഴിയും.
അത്യാധുനിക സംവിധാനങ്ങളോടെ ആഴക്കടലിന്റെ അനുഭവം നല്‍കുന്ന ഒരു ലിവിങ് ക്ലാസ്സ് റൂം ആയിട്ടാണ് അക്വേറിയം വിഭാവനം ചെയ്തിരിക്കുന്നത്. ഏഷ്യാ, ആഫ്രിക്ക, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള അപൂര്‍വ്വ ജീവജാലങ്ങള്‍ ഈ അക്വേറിയത്തിന്റെ ഭാഗമാകും. കടലിന്റെ ഓഗ്മെന്റഡ് റിയാലിറ്റി അനുഭവം സമ്മാനിക്കുന്ന ക്ലാസുകള്‍ ഉള്‍പ്പെടെ വിനോദ സഞ്ചാരികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരുക്കാനും പദ്ധതിയുണ്ട്.












Click it and Unblock the Notifications