അണുബാധയോ അർബുദമോ? തിരിച്ചറിയാം ലിംഫോമ എന്ന അർബുദാവസ്ഥ!
ശരീരത്തിലുണ്ടാകുന്ന മുഴകൾ കണ്ട് നമ്മളിൽ പലരും ഭയപ്പെടാറുണ്ട്. എന്നാൽ ഇത് സാധാരണയായി ഒരു അണുബാധ മൂലമാണോ അതോ ലിംഫോമ (Lymphoma) പോലുള്ള ഗുരുതരമായ അസുഖങ്ങൾ കൊണ്ടാണോ എന്ന് എങ്ങനെ തിരിച്ചറിയാം?
നമ്മുടെ കഴുത്തിലോ, കക്ഷത്തിലോ, തുടയിടുക്കിലോ പെട്ടെന്ന് ചെറിയ തടിപ്പുകളോ വീക്കമോ (കഴലകൾ) കാണുമ്പോൾ ഭയം തോന്നുന്നത് സ്വാഭാവികമാണ്. എന്നാൽ ശരീരത്തിൽ എവിടെയെങ്കിലും വീക്കം കണ്ടാൽ അത് ഉടൻ തന്നെ ക്യാൻസർ ആകണമെന്നില്ല. പലപ്പോഴും പനിയോ, തൊണ്ടവേദനയോ, പല്ലുവേദനയോ അല്ലെങ്കിൽ സാധാരണ പരിക്കുകളോ ഉണ്ടാകുമ്പോൾ ശരീരത്തിലെ പ്രതിരോധ ശക്തി ഇതിനോട് പ്രതികരിക്കുന്നതിന്റെ ഭാഗമായി കഴലകൾ വീങ്ങാറുണ്ട്. എന്നാൽ അപൂർവ്വമായി ചിലരിൽ ഇത് 'ലിംഫോമ' (Lymphoma) എന്ന ഗുരുതരമായ രക്താർബുദത്തിന്റെ (Lymphatic System Cancer) ലക്ഷണവുമാകാം. ഒരു സാധാരണ അണുബാധ മൂലം ഉണ്ടാകുന്ന വീക്കവും ലിംഫോമ മൂലമുണ്ടാകുന്ന വീക്കവും തമ്മിൽ വലിയ വ്യത്യാസങ്ങളുണ്ട്. ഭയപ്പെടാതെ, ലക്ഷണങ്ങളെ കൃത്യമായി തിരിച്ചറിഞ്ഞ് എപ്പോൾ ഡോക്ടറെ കാണണമെന്ന് മനസ്സിലാക്കുന്നത് രോഗങ്ങൾ നേരത്തെ തടയാൻ സഹായിക്കും.
സാധാരണ ഇൻഫെക്ഷനുകളും ലിംഫോമയും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങളെക്കുറിച്ചും രോഗലക്ഷണങ്ങളെക്കുറിച്ചും കൃത്യമായ ധാരണയുണ്ടാകേണ്ടത് ആരോഗ്യസംരക്ഷണത്തിൽ ഏറെ പ്രധാനമാണ്.

എന്താണ് ലിംഫോമ?
നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രധാന ഭാഗമായ ലിംഫാറ്റിക് സിസ്റ്റത്തെ (Lymphatic System) ബാധിക്കുന്ന ഒരുതരം രക്താർബുദമാണ് ലിംഫോമ. അണുബാധകളെ ചെറുക്കുന്ന ശ്വേതാണുക്കളായ ലിംഫോസൈറ്റുകൾ അനിയന്ത്രിതമായി പെരുകുകയും കഴലകളിൽ അടിഞ്ഞുകൂടുകയും ചെയ്യുമ്പോഴാണ് ഈ അവസ്ഥ ഉണ്ടാകുന്നത്.
സാധാരണയായി ഉണ്ടാകുന്ന അണുബാധകൾ (Infections) ബാക്ടീരിയ അല്ലെങ്കിൽ വൈറ്റമിൻ കുറവുകൾ മൂലമാകാം. അതിനാൽ ഇവ കുറച്ചുദിവസത്തെ ചികിത്സകൊണ്ടോ വിശ്രമം കൊണ്ടോ പൂർണ്ണമായും മാറുന്നവയാണ്. എന്നാൽ ലിംഫോമ ശരീരത്തിന്റെ പ്രതിരോധ കോശങ്ങളെ തന്നെ നേരിട്ട് ബാധിക്കുന്ന ഒന്നാണ്. ലിംഫോമ പ്രധാനമായും രണ്ടുതരത്തിലുണ്ട്:
1. ഹോഡ്ജ്കിൻ ലിംഫോമ (Hodgkin Lymphoma): മൈക്രോസ്കോപ്പ് പരിശോധനയിൽ റീഡ്-സ്റ്റേൺബർഗ് (Reed-Sternberg) എന്ന പ്രത്യേകതരം അസാധാരണ കോശങ്ങൾ കാണപ്പെടുന്നു എന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത. പ്രധാനമായും 20-40 വയസ്സുവരെയുള്ള ചെറുപ്പക്കാരെ ബാധിക്കുന്ന ഈ രോഗം, കഴുത്തിലെയും നെഞ്ചിലെയും കഴലകളിൽ നിന്ന് തൊട്ടടുത്തുള്ള ഭാഗങ്ങളിലേക്ക് വളരെ കൃത്യമായ ക്രമത്തിലാണ് പടരുന്നത്. ആരംഭത്തിലേ തിരിച്ചറിഞ്ഞാൽ 90 ശതമാനത്തിലധികം രോഗികളിലും ചികിത്സയിലൂടെ ഇത് പൂർണ്ണമായി ഭേദമാക്കാൻ സാധിക്കും.
2. നോൺ-ഹോഡ്ജ്കിൻ ലിംഫോമ (Non-Hodgkin Lymphoma): ഈ രോഗാവസ്ഥയിൽ റീഡ്-സ്റ്റേൺബർഗ് കോശങ്ങൾ കാണപ്പെടുകയില്ല. പകരം ബി-കോശങ്ങളിലോ ടി-കോശങ്ങളിലോ ആണ് വ്യതിയാനത്തിന് കാരണമാകുന്നത്. സാധാരണയായി 60 വയസ്സിന് മുകളിലുള്ളവരെ ബാധിക്കുന്ന ഈ അവസ്ഥ, മുൻകൂട്ടി അറിയാൻ കഴിയാത്ത രീതിയിൽ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും അവയവങ്ങളിലേക്കും (കരൾ, അസ്ഥിമജ്ജ) പെട്ടെന്ന് പടരാൻ സാധ്യതയുള്ള ഒന്നാണ്.
ലിംഫാറ്റിക് സിസ്റ്റം എന്നാൽ എന്താണ്? അതിൽ എന്തൊക്കെ ഉൾപ്പെടുന്നു?
ശരീരത്തെ അണുബാധകളിൽ നിന്നും രോഗങ്ങളിൽ നിന്നും സംരക്ഷിക്കുന്ന ഒരു സുരക്ഷാ ശൃംഖലയാണ് ലിംഫാറ്റിക് സിസ്റ്റം. രക്തക്കുഴലുകൾ പോലെ ശരീരത്തിലുടനീളം പടർന്നുകിടക്കുന്ന ഇവയിൽ താഴെ പറയുന്ന പ്രധാന ഭാഗങ്ങൾ ഉൾപ്പെടുന്നു:
- ലസികാഗ്രന്ഥികൾ അഥവാ കഴലകൾ (Lymph Nodes): അണുക്കളെയും വിഷാംശങ്ങളെയും അരിച്ചെടുക്കുന്ന ചെറിയ ഗ്രന്ഥികൾ (കഴുത്ത്, കക്ഷം, തുടയിടുക്ക് എന്നിവിടങ്ങളിൽ ഇവ കൂടുതലായി കാണപ്പെടുന്നു).
- ലിംഫോസൈറ്റുകൾ (Lymphocytes): രോഗാണുക്കളെ നശിപ്പിക്കാൻ സഹായിക്കുന്ന പ്രത്യേകതരം ശ്വേതരക്താണുക്കളാണിവ.
- ലസികാവാഹിനികൾ (Lymph Vessels): ലിംഫ് എന്ന ദ്രാവകത്തെ ശരീരത്തിലുടനീളം കൊണ്ടുപോകുന്ന നേർത്ത നാളികൾ.
- പ്ലീഹ (Spleen), അസ്ഥിയിലടങ്ങിയിരിക്കുന്ന മജ്ജ (Bone Marrow), തൈമസ് (Thymus), ടോൺസിലുകൾ (Tonsils) എന്നിവയാണ് രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്ന മറ്റ് പ്രധാന അവയവങ്ങൾ.
പ്രാരംഭ ലക്ഷണങ്ങൾ: എങ്ങനെ തിരിച്ചറിയാം?
അണുബാധ ഉണ്ടാകുമ്പോഴും ലിംഫോമ വരുമ്പോഴും ശരീരത്തിൽ കഴലവീക്കം കാണപ്പെടാറുണ്ട്. എന്നാൽ ചില ലക്ഷണങ്ങളിലൂടെ ഇവയെ തിരിച്ചറിയാൻ സാധിക്കും.
- കഴുത്ത്, കക്ഷം, തുടയിടുക്ക് എന്നിവിടങ്ങളിലെ ലിംഫ് നോഡുകളിൽ ഉണ്ടാകുന്ന വേദനയില്ലാത്തതും കുറയാത്തതുമായ വീക്കം ലിംഫോമയുടെ പ്രധാന ലക്ഷണമാണ്. (സാധാരണയായി ഇൻഫെക്ഷൻ മൂലമുള്ള വീക്കത്തിന് വേദന ഉണ്ടാകാറുണ്ട്).
- കാരണം വ്യക്തമല്ലാത്തതും മരുന്നുകൾ കഴിച്ചാലും വിട്ടുമാറാത്തതും കുറയാത്തതുമായ പനി.
- അമിതമായി വിയർക്കുക.
- ശരീരഭാരം പെട്ടെന്ന് കുറയുക.
- അമിതമായ ക്ഷീണം.
- ശരീരത്തിലുടനീളം അനുഭവപ്പെടുന്ന വിട്ടുമാറാത്ത ചൊറിച്ചിൽ.
രോഗകാരണങ്ങളും സാധ്യത ഘടകങ്ങളും
ലിംഫോമ വരാനുള്ള കൃത്യമായ കാരണം ഇപ്പോഴും വ്യക്തമല്ലെങ്കിലും ചില ഘടകങ്ങൾ രോഗസാധ്യത വർദ്ധിപ്പിക്കുന്നു:
- പ്രായം: നോൺ-ഹോഡ്ജ്കിൻ ലിംഫോമ പ്രായമായവരിലും, ഹോഡ്ജ്കിൻ ലിംഫോമ ചെറുപ്പക്കാരിലും കൂടുതലായി കണ്ടുവരുന്നു.
- പ്രതിരോധശേഷിക്കുറവ്: എച്ച്.ഐ.വി (HIV) ബാധിതരിലും അല്ലെങ്കിൽ അവയവം മാറ്റിവെക്കൽ ശസ്ത്രക്രിയ കഴിഞ്ഞ് പ്രതിരോധശേഷി കുറയ്ക്കുന്ന മരുന്നുകൾ കഴിക്കുന്നവരിലും സാധ്യത കൂടുതലാണ്.
- എപ്സ്റ്റീൻ-ബാർ വൈറസ് (EBV), ഹെലിക്കോബാക്ടർ പൈലോറി തുടങ്ങിയ അണുബാധകൾ ലിംഫോമ സാധ്യത വർദ്ധിപ്പിക്കാം.
- രാസവസ്തുക്കളുടെ സാന്നിധ്യം: കീടനാശിനികൾ, ചിലതരം ഇൻഡസ്ട്രിയൽ കെമിക്കലുകൾ എന്നിവയുമായുള്ള നിരന്തര സമ്പർക്കം.
ആദ്യഘട്ട രോഗനിർണ്ണയത്തിന്റെ പ്രാധാന്യം
ഏതൊരു അർബുദത്തെയും പോലെ ലിംഫോമയും ആദ്യഘട്ടങ്ങളിൽ തന്നെ തിരിച്ചറിഞ്ഞാൽ പൂർണ്ണമായി ഭേദമാക്കാൻ സാധിക്കും. കഴുത്തിലോ കക്ഷത്തിലോ ഉണ്ടാകുന്ന വീക്കം രണ്ടാഴ്ചയിലധികം നീണ്ടുനിൽക്കുകയാണെങ്കിൽ അത് വെറുമൊരു അണുബാധയാണെന്ന് കരുതി അവഗണിക്കരുത്.
ബയോപ്സി (Biopsy), രക്തപരിശോധനകൾ, സി.ടി സ്കാൻ (CT Scan), അല്ലെങ്കിൽ പെറ്റ് സ്കാൻ (PET Scan) എന്നിവയിലൂടെ രോഗം കൃത്യമായി നിർണ്ണയിക്കാൻ സാധിക്കും. യഥാസമയം കൃത്യമായ ചികിത്സ (കീമോതെറാപ്പി, റേഡിയോതെറാപ്പി) ലഭ്യമാക്കുന്നത് രോഗമുക്തി നിരക്ക് വളരെയധികം വർദ്ധിപ്പിക്കുന്നു.
ശരീരത്തിന്റെ മുന്നറിയിപ്പുകൾ അവഗണിക്കരുത്!
നമ്മുടെ ശരീരത്തിലുണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും കൃത്യമായി നിരീക്ഷിക്കുക. കഴലവീക്കത്തോടൊപ്പം വിട്ടുമാറാത്ത പനിയോ അമിത ക്ഷീണമോ അനുഭവപ്പെടുകയാണെങ്കിൽ സ്വയം ചികിത്സയ്ക്ക് തുനിയാതെ ഉടൻതന്നെ ഒരു ഡോക്ടറെ കണ്ട് വിദഗ്ധ ഉപദേശം തേടുക. സമീകൃതാഹാരം കഴിക്കുന്നതും, പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ജീവിതശൈലി പിന്തുടരുന്നതും അണുബാധകളെ അകറ്റിനിർത്താൻ സഹായിക്കും. ആരോഗ്യകരമായ ജീവിതത്തിന് കൃത്യമായ പരിശോധനകളും ജാഗ്രതയുമാണ് ഏറ്റവും പ്രധാനം.
ഡോ. മുഹമ്മദ് ഷാഫി. കെ
സീനിയർ സ്പെഷ്യലിസ്റ്റ് - മെഡിക്കൽ ഓങ്കോളജി
ആസ്റ്റർ മിംസ് കോട്ടക്കൽ


Click it and Unblock the Notifications
