ആറ് മണിക്കൂര്‍ എണ്ണ തേച്ചുറങ്ങാറുണ്ടോ? എങ്കില്‍ ഇതറിയാതെ പോകരുത്
മലയാളിക്ക് ഒഴിച്ചുകൂടാനാകാത്ത ശീലമാണ് എണ്ണതേച്ചുള്ള കുളി. മുടിയുടെ ആരോഗ്യത്തിനും തിളക്കത്തിനും താരന്‍ പോകാനുമൊക്കെ എണ്ണ തലയില്‍ പുരട്ടുന്നത് വളരെ നല്ലതാണ്.
മുടി തഴച്ചു വളരാന്‍ തുളസിയില, ചുവന്നുള്ളി, ആര്യവേപ്പില, കറിവേപ്പില, കയ്യോന്നി, മൈലാഞ്ചി ഇല എന്നിവയൊക്കെ ചേര്‍ത്ത് എണ്ണ കാച്ചുന്നവരുണ്ട്. ഇത് ഇരട്ടി ഫലം ചെയ്യും.

അതേസമയം, മുടിയില്‍ രാത്രി എണ്ണ തേച്ചുറങ്ങിയ ശേഷം രാവിലെ അതു കഴുകിക്കളയുന്നത് ചിലരുടെയെങ്കിലും ശീലമാണ്. കൂടുതല്‍ സമയം തലയോട്ടിയില്‍ എണ്ണ പുരട്ടിയിരുന്നാല്‍ അത് മുടിയുടെ വളര്‍ച്ചയ്ക്ക് നല്ലതാണെന്ന് പലരും കരുതുന്നു. എന്നാല്‍ മണിക്കൂറുകളോളം എണ്ണ പുരട്ടി ഉറങ്ങുന്നത് മുടിയുടെ ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് ത്വക്‌രോഗ വിദഗ്ധയായ ഡോ. ശിവാംഗി സിങ് പറയുന്നത്.
മുടിയില്‍ എണ്ണ പുരട്ടി ഉറങ്ങുന്നത് ശരിയോ തെറ്റോ?
ശരിയായ രീതിയില്‍ പരിപാലിച്ചാല്‍ മാത്രമേ മുടി വേരുകള്‍ക്ക് ബലം ലഭിക്കുകയും അത് നന്നായി വളരുകയും ചെയ്യുകയുള്ളൂ. മുടിയുടെ സംരക്ഷണം ശാസ്ത്രീയമല്ലെങ്കില്‍ ആരോഗ്യത്തെ പോലും ബാധിക്കുകയും തലവേദന, ജലദോഷം, കഫക്കെട്ട് ഉള്‍പ്പെടെ പിടിപെടുകയും ചെയ്യും.
രാത്രി ഉറങ്ങുന്നതിന് മുമ്പ് എണ്ണ പുരട്ടിയാല്‍ അത് മുടിയില്‍ നന്നായി ആഗിരണം ചെയ്യപ്പെടുമെന്നത് ശരിയാണ്. എന്നാല്‍ ഈ രീതി പതിവായി പിന്തുടരുന്നത് മറ്റു പല പ്രശ്‌നങ്ങളിലേക്കും വഴിതെളിക്കുകയും മുടിയുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.
രാത്രി ഉറങ്ങുന്നതിനു മുമ്പ് മുടിയില്‍ എണ്ണ തേയ്ക്കുന്ന ശീലമുണ്ടെങ്കില്‍ ആ ശീലം മാറ്റാനാണ് സൗന്ദര്യ വിദഗ്ധര്‍ ഉപദേശിക്കുന്നത്. ഉറങ്ങുന്നതിനു മുമ്പ് ഒരിക്കലും മുടിയില്‍ എണ്ണ തേയ്ക്കരുത്. കാരണം രാത്രി മുഴുവന്‍ മുടിയില്‍ എണ്ണ തേച്ചുറങ്ങിയാല്‍ ഫംഗസ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. മുടി കൂടുതല്‍ എണ്ണമയമുള്ളതായി മാറുന്നതോടെ താരന്റെ ശല്യം വര്‍ധിക്കും. ശിരോചര്‍മത്തിലെ എണ്ണമയമാണ് താരനിലേക്കു നയിക്കുന്നത്.
ശരിയായ രീതിയിലും സമയത്തും എണ്ണ തേയ്ക്കുമ്പോഴാണ് മുടിക്ക് ആരോഗ്യം ലഭിക്കുന്നത്. മുടി ഷാംപൂ ചെയ്യുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് എണ്ണ പുരട്ടുക. മുടിയിലേക്ക് എണ്ണ ആഗിരണം ചെയ്യാന്‍ ആറോ ഏഴോ മണിക്കൂറിന്റെ ആവശ്യമില്ല, ഒരു മണിക്കൂര്‍ മാത്രം മതി. അതിനാല്‍ മുടി കഴുകുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് മാത്രം എണ്ണ പുരട്ടുക.
എങ്ങനെ മുടിയില്‍ എണ്ണ പുരട്ടാം
എല്ലായ്പ്പോഴും ഇളം ചൂടുള്ള എണ്ണ മുടിയില്‍ പുരട്ടുക, എണ്ണ പുരട്ടുന്നതിനു മുന്‍പ് കൈയില്‍ വച്ച് കൂട്ടിത്തിരുമ്മുന്നതും നല്ലതാണ്. കാരണം ചെറു ചൂടോടെ തലയില്‍ തേയ്ക്കുമ്പോള്‍ വേഗത്തില്‍ ആഗിരണം ചെയ്യപ്പെടും. മുടി പലതായി വിഭജിച്ച് വേരുകള്‍ വരെ മസാജ് ചെയ്യുക. തലയോട്ടിയിലും നന്നായി പുരട്ടുക.
ഇതിനുശേഷം, വിശാലമായ പല്ലുള്ള ചീപ്പ് ഉപയോഗിച്ച് മുടി ചീകുക, അങ്ങനെ ചെയ്യുമ്പോള്‍ എണ്ണ മുടിയുടെ എല്ലാ ഭാഗത്തും എത്തും. ഈ രീതിയില്‍ പതിവായി മുടിയില്‍ എണ്ണ പുരട്ടുകയാണെങ്കില്‍, മുടി സംബന്ധമായ പ്രശ്‌നങ്ങള്‍ നിങ്ങള്‍ അലട്ടുകയില്ല.












Click it and Unblock the Notifications